ഫാക്ടിന്റെ വിപണി മൂല്യം 30,000 കോടി രൂപ കടന്നു

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്റ്റ്/FACT) വിപണി മൂല്യം ഇന്ന് 30,000 കോടി രൂപ കടന്നു. വ്യാപാരത്തിനിടെ ഓഹരി വില 10 ശതമാനത്തിലധികം ഉയര്‍ന്നതോടെയാണ് പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക നാഴികകല്ല് കമ്പനി പിന്നിട്ടത്. വ്യാപാരാന്ത്യം 10.92 ശതമാനം നേട്ടവുമായി 464.05 രൂപയിലാണ് ഫാക്ട് ഓഹരി വിലയുള്ളത്.

ആക്‌സിസ് സെക്യൂരിറ്റീസില്‍ നിന്ന് വാങ്ങല്‍ (buy) സ്റ്റാറ്റസ് ലഭിച്ചത് ഫാക്ട് ഓഹരികള്‍ക്ക് ഗുണമായി. പൊതുവേ ഇന്ന് വളം നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു എന്നതും ഫാക്ടിന് ഗുണം ചെയ്തു.

നാലര വര്‍ഷത്തിനിടെ 1108% ശതമാനം ഉയര്‍ച്ച

ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി 2019 ഫെബ്രുവരിയില്‍ കിഷോര്‍ റുംഗ്ത ചുമതലയേറ്റെടുക്കുമ്പോള്‍ ഫാക്ടിന്റെ ഓഹരികള്‍ 38.8 രൂപയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. നാലരവര്‍ഷത്തിനുള്ളില്‍ ഓഹരി വില 1,108 ശതമാനം ഉയര്‍ന്ന് 486.6 രൂപയിലെത്തി. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം മൂന്നു മടങ്ങ് വര്‍ധിക്കുകയും ചെയ്തു. നഷ്ടക്കമ്പനിയെന്ന പ്രതിച്ഛായ തുടച്ചു നീക്കി ഓരോ വര്‍ഷവും ലാഭം കൂട്ടുന്ന കമ്പനിയെന്ന നിലയിലെത്തുകയും ചെയ്തു.

ലാഭത്തിലും വിറ്റുവരവിലും റെക്കോഡ്

നാല് വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തിലാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ലാഭത്തിലും വിറ്റുവരവിലും ഫാക്ട് പുതിയ റെക്കോഡ് കുറിച്ചിരുന്നു. 612.99 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. വിറ്റുവരവ് 4,424.80 കോടി രൂപയില്‍ നിന്ന് എക്കാലത്തെയും ഉയരമായ 6,198.15 കോടി രൂപയുമായി. മികച്ച പ്രവര്‍ത്തനഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി ഉടമകള്‍ക്ക് ഓഹരിയൊന്നിന് ഒരു രൂപ വീതം ലാഭവിഹിതത്തിനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

1947 ലാണ് ഫാക്ട് വളം ഉത്പാദനം ആരംഭിച്ചത്. കൊച്ചിന്‍ ഡിവിഷനില്‍ പുതിയ എന്‍.പി.ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫാക്ട്. 2023 ലെ ധനം ബിസിനസ് പ്രൊഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കിഷോര്‍ റുംഗ്തയ്ക്കായിരുന്നു.

Related Articles
Next Story
Videos
Share it