സഹകരണ മേഖലയിലെ 'വിമാനക്കമ്പനി' പദ്ധതിക്ക് ശരവേഗം: ഒറ്റ ആഴ്ച കൊണ്ട് സമാഹരിച്ചത് 5 കോടി രൂപ, ഓണം സീസണില്‍ സര്‍വീസ് തുടങ്ങുമോ?

ഇതിനു മുമ്പും കേരളത്തില്‍ നിന്ന് വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതികള്‍ പലരും അവതരിപ്പിച്ചെങ്കിലും അതൊന്നും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല
airliner Takeoff
representational imagecanva
Published on: 

സഹകരണ മേഖലയിലൂടെ സ്വന്തമായി ഒരു ആഭ്യന്തര വിമാനക്കമ്പനി എന്ന കേരളത്തിന്റെ സ്വപ്ന പദ്ധതി അതിവേഗം മുന്നോട്ട്. സര്‍ക്കാരിന്റെ അനുമതി ലഭിച്ച് വെറും ഒരു ആഴ്ചയ്ക്കുള്ളില്‍ പദ്ധതിക്കായി 5 കോടി രൂപയുടെ പ്രാഥമിക മൂലധനം സമാഹരിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രവാസി മലയാളി നിക്ഷേപകരില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നുമായി ലഭിക്കുന്ന മികച്ച പിന്തുണയാണ് പദ്ധതിയുടെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് വഴിയൊരുക്കുന്നത്.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ (MoCA) നിന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (DGCA) നിന്നും ആവശ്യമായ എല്ലാ അനുമതികളും ലൈസന്‍സുകളും ക്ലിയറന്‍സുകളും ലഭിക്കുകയാണെങ്കില്‍, വരാനിരിക്കുന്ന ഓണം സീസണില്‍ ആദ്യ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് സൂചന.

'കേരള സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി' എന്ന പേരിലാണ് സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണനാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചാകും കമ്പനിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

സിയാല്‍ മോഡലില്‍

സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ വീതം നിക്ഷേപം സ്വീകരിച്ച് 400 കോടി രൂപ മൂലധനത്തില്‍ കൊച്ചിയിലെ രാജ്യാന്തര വിമാനത്താവളം ലിമിറ്റഡിന്റെ (സിയാല്‍) മാതൃകയിലാകും കേരള സിവില്‍ ഏവിയേഷന്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിലുള്ള വിമാനക്കമ്പനി പ്രവര്‍ത്തിക്കുക. 50 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിച്ചു കഴിഞ്ഞാല്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. രാജ്യത്ത് സഹകരണ മേഖലയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന ആദ്യ വിമാനക്കമ്പനി കൂടിയാണിത്.

എന്നാല്‍ നിലവില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും ഇതേകുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നുമാണ് സി.എന്‍. വിജയകൃഷ്ണന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞത്.

തുടക്കത്തില്‍ 2 വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് (Lease) സംസ്ഥാനത്തിനുള്ളിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, ബംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്‌. പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കൂടുതല്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കും. പ്രാരംഭ ഘട്ടത്തില്‍ 200 പേര്‍ക്കെങ്കിലും തൊഴിലവസരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ചെലവ് കുറഞ്ഞ യാത്ര

സംസ്ഥാനത്തിനകത്തും അന്തര്‍സംസ്ഥാന പാതകളിലും യാത്രക്കാര്‍ അനുഭവിക്കുന്ന ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ആശ്വാസം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തുടക്കത്തില്‍ 3,500 രൂപ മുതല്‍ 7,000 രൂപ വരെയുള്ള ആകര്‍ഷകമായ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.

സുതാര്യമായ മാനേജ്മെന്റ് സംവിധാനത്തോടെയും കൃത്യമായ ബിസിനസ് മോഡലിലൂടെയും പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് സൊസൈറ്റി ഭാരവാഹികളുടെ പ്രതീക്ഷ. അടുത്ത ഘട്ടത്തില്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്കും വ്യോമയാന മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (DGCA) നിന്നുള്ള മറ്റ് സാങ്കേതിക അനുമതികള്‍ നേടുന്നതിലേക്കും കമ്പനി കടക്കും.

പറന്നുയരാതെ കേരളത്തിന്റെ പദ്ധതികള്‍ പലത്

ഇതിനു മുമ്പും കേരളത്തില്‍ നിന്ന് വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതികള്‍ പലരും അവതരിപ്പിച്ചെങ്കിലും അതൊന്നും ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. കേരള സര്‍ക്കാരും സിയാലും (CIAL) മുന്‍കൈയെടുത്ത് പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു 'എയര്‍ കേരള' (Air Kerala). 2005-06 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്താണ് പ്രവാസി മലയാളി യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ 'എയര്‍ കേരള' ആശയം ആദ്യമായി പ്രഖ്യാപിക്കുന്നത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (CIAL) ഉപകമ്പനിയായി 'എയര്‍ കേരള ലിമിറ്റഡ്' എന്ന പേരില്‍ സൊസൈറ്റി/കമ്പനി രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിനും സിയാലിനും പ്രവാസി നിക്ഷേപകര്‍ക്കുമായിരുന്നു ഇതില്‍ പങ്കാളിത്തം.

അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ 5 വര്‍ഷത്തെ ആഭ്യന്തര പരിചയവും 20 വിമാനങ്ങളും വേണമെന്ന അന്നത്തെ കേന്ദ്ര വ്യോമയാന നയം ) പദ്ധതിക്ക് വലിയ തിരിച്ചടിയായി. തുടര്‍ന്ന് സാങ്കേതികവും സാമ്പത്തികവുമായ തടസങ്ങള്‍ കാരണം പദ്ധതി നടപ്പായില്ല.

പിന്നീട് യു.എ.ഇയിലെ മലയാളി സംരംഭകരുടെ 'സെറ്റ്ഫ്‌ളൈ ഏവിയേഷന്‍' (Zettfly Aviation) എന്ന കമ്പനി എയര്‍ കേരള ബ്രാന്‍ഡ് എന്ന അതേ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു. 2024 ജൂലൈയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രാദേശിക വിമാന സര്‍വീസ് (Commuter Air Transport Service) ആരംഭിക്കുന്നതിനായി എന്‍.ഒ.സി (No Objection Certificate) ലഭിക്കുകയും ചെയ്തിരുന്നു. സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (AOC - Air Operator Certificate) നേടുന്നതിനുള്ള നടപടിക്രമങ്ങളിലാണ് നിലവില്‍ കമ്പനി.

കൂടാതെ, കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ ട്രാവല്‍ സര്‍വീസ് ഗ്രൂപ്പായ അല്‍ഹിന്ദ് (Alhind Group) 'അല്‍ഹിന്ദ് എയര്‍' എന്ന പേരില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ഡി.ജി.സി.എയില്‍ നിന്നും പ്രാഥമിക അനുമതിയും നോണ്‍ ഒബ്ജക്ഷന്‍ പത്രവും കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (CIAL) അല്‍ഹിന്ദ് എയറിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രവും (Operational Hub) ആസ്ഥാനവും. കൊച്ചി എയര്‍പോര്‍ട്ടില്‍ കമ്പനിയുടെ ഓഫീസും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പ്രമുഖ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിന്റെ മുന്‍ ചീഫ് കമേഴ്സ്യല്‍ ഓഫീസറായിരുന്ന ശില്‍പ ഭാട്ടിയയെ അല്‍ഹിന്ദ് എയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി നിയമിച്ചിരുന്നു.

3 വിമാനങ്ങളുമായി സര്‍വീസ് തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം 7 വരെയായി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സര്‍വീസ് ആരംഭിച്ച് 2 വര്‍ഷത്തിനുള്ളില്‍ ബോയിംഗ് 737 അല്ലെങ്കില്‍ എയര്‍ബസ് A320 പോലുള്ള വലിയ വിമാനങ്ങള്‍ സ്വന്തമാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്കും (ദുബായ്, അബുദാബി, റിയാദ്, ജിദ്ദ) തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും (സിംഗപ്പൂര്‍, മലേഷ്യ) സര്‍വീസുകള്‍ വ്യാപിപ്പിക്കാനും അല്‍ഹിന്ദ് എയര്‍ പദ്ധതിയിടുന്നുണ്ട്.

ഉയര്‍ന്ന പ്രവര്‍ത്തന ചെലവു മൂലം എയര്‍ എന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ നഷ്ടത്തില്‍ നീങ്ങുന്ന അവസ്ഥയിലാണ് കേരളം സ്വന്തം വിമാനക്കമ്പനി എന്ന ആശയവുമായി എത്തുന്നതെന്നതാണ് ശ്രദ്ധേയം.

Kerala's ambitious co-operative domestic airline project raises Rs 5 crore initial capital within a week of government clearance, aiming for Onam operations subject to DGCA approvals.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കുന്നു.
A high-tech cybersecurity command center with developers and analysts monitoring global network maps and server screens during a major PHP security vulnerability threat
2,000 രൂപ വാടകയ്ക്ക് ആരംഭിച്ച സംരംഭം; ഇന്ന് 47 ഷോറൂമുകള്‍, ഫര്‍ണീച്ചര്‍ ബ്രാന്‍ഡുകളില്‍ ആദ്യ മൂന്നില്‍, ഇഷ്ടികക്കളത്തില്‍ തുടങ്ങിയ ഫൈസല്‍ ചീരന്റെ സംരംഭക യാത്ര
Sudish Subramanian , director SIWIN Consultants Pvt Ltd
```html ```