

2026 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഫെഡറല്‍ ബാങ്ക് 1,259 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,030 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണിത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം (Net Interest Income) 33 ശതമാനം വര്‍ധിച്ച് 3,173 കോടി രൂപയായി.
അറ്റ പലിശ മാര്‍ജിന്‍ ബ്ലൂംബെര്‍ഗ് കണക്കാക്കിയിരുന്ന 3.15 ശതമാനത്തെക്കാള്‍ മികച്ച രീതിയില്‍ 3.74 ശതമാനമായി വര്‍ധിച്ചു (മുന്‍പ് ഇത് 3.12 ശതമാനമായിരുന്നു).
ബാങ്കിന്റെ മൊത്തം ബിസിനസ് 5.78 ലക്ഷം കോടിയായി. മൊത്തം നിക്ഷേപം 5.41% വര്‍ധിച്ച് 3.13 ലക്ഷം കോടിയിലെത്തി.
കാസ നിക്ഷേപം (CASA/current account savings account) 8.26% വളര്‍ച്ചയോടെ 1,03,390.30 കോടി കടന്നു. എന്‍ആര്‍ (പ്രവാസി) നിക്ഷേപങ്ങള്‍ 1 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ട് 1,02,619.69 കോടി രൂപയിലെത്തി.
കാസ (CASA) അനുപാതം 30.23 ശതമാനത്തില്‍ നിന്ന് 271 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 32.94 ശതമാനമായി. വായ്പകള്‍ (Advances) 2.47 ലക്ഷം കോടി രൂപയില്‍ നിന്ന് 2.72 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) കഴിഞ്ഞ വര്‍ഷത്തെ 1.84 ശതമാനത്തില്‍ നിന്ന് 1.62 ശതമാനമായി കുറഞ്ഞു.
പ്രൊവിഷന്‍ കവറേജ് റേഷ്യോ (PCR) 87.07% ആയി മെച്ചപ്പെട്ടു. കഴിഞ്ഞ പാദത്തില്‍ ബാങ്ക് 39 പുതിയ ശാഖകള്‍ കൂടി ആരംഭിച്ചു.
2026 സാമ്പത്തിക വര്‍ഷത്തേക്ക്, 2 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഓഹരിക്കും 1.20 രൂപ വീതം അന്തിമ ലാഭവിഹിതം (final dividend) നല്‍കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (Annual General Meeting) ഓഹരി ഉടമകളുടെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇത് നടപ്പിലാക്കുക.
കൂടിയ പലിശ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍ കുറയ്ക്കാനും ചെറുകിട നിക്ഷേപങ്ങളില്‍ (Retail Liabilities) ശ്രദ്ധ കേന്ദ്രീകരിക്കാനും ബാങ്കിന് സാധിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്. മണിയന്‍ പറഞ്ഞു. കാസ, എന്‍ആര്‍ നിക്ഷേപങ്ങള്‍ ഒരേസമയം ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത് ബാങ്കിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായ്പാരംഗത്തെ ചുവടുമാറ്റങ്ങള്‍ ഒരു ഇടക്കാല പ്രതിഭാസം മാത്രമാണ്. തെരഞ്ഞെടുത്ത മേഖലകളില്‍ മികച്ച വളര്‍ച്ച നേടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വെല്‍ത് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമായതും ആസ്തി മേലുള്ള ലാഭം, അറ്റപലിശ മാര്‍ജിന്‍ എന്നിവ പ്രീ കട്ട് ലെവലില്‍ എത്തിയതും വളര്‍ച്ചയുടെ അടുത്ത പടവിലേക്ക് എത്താന്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്നും കെ വി എസ് മണിയന്‍ പറഞ്ഞു.
സാമ്പത്തിക ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 2.34% ഇടിഞ്ഞ് 283 രൂപയിലെത്തി. കഴിഞ്ഞ ആറ് മാസക്കാലത്തില്‍ 20 ശതമാനത്തിലധികം നേട്ടമാണ് ഫെഡറല്‍ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം ഏഴ് ശതമാനവും.
Read DhanamOnline in English
Subscribe to Dhanam Magazine