ഫെഡറല്‍ ബാങ്ക് അറ്റാദായം ₹1,177 കോടി, ഒരു ലക്ഷം കോടി തൊട്ട്‌ പ്രവാസി നിക്ഷേപം, മൊത്തം ബിസിനസ് 6 ലക്ഷം കോടിയിലേക്ക്; ഓഹരിക്ക് വന്‍ മുന്നേറ്റം

കോര്‍പ്പറേറ്റ് വായ്പകളിലും ഒരു ലക്ഷം കോടിയുടെ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് ബാങ്ക്; നിഷ്‌ക്രിയ ആസ്തി ഒരു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കില്‍.
ഫെഡറല്‍ ബാങ്ക് അറ്റാദായം ₹1,177 കോടി, ഒരു ലക്ഷം കോടി തൊട്ട്‌ പ്രവാസി നിക്ഷേപം, മൊത്തം ബിസിനസ് 6 ലക്ഷം കോടിയിലേക്ക്; ഓഹരിക്ക് വന്‍ മുന്നേറ്റം
Published on

ആലുവ ആസ്ഥാനമായ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച തുടക്കം. 2026 ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ (Q1 FY26) അപേക്ഷിച്ച് 36.57 ശതമാനം വര്‍ധിച്ച് 1,176.93 കോടി രൂപയിലെത്തി. ട്രഷറി വിഭാഗം കടുത്ത വെല്ലുവിളികള്‍ നേരിട്ട സാഹചര്യത്തിലും ബാങ്കിന്റെ പ്രധാന ബിസിനസ് വരുമാനത്തിലുണ്ടായ മുന്നേറ്റമാണ് ഈ മികച്ച നേട്ടത്തിന് വഴിയൊരുക്കിയത്.

ബാങ്കിന്റെ മൊത്തം ബിസിനസ് ഇതോടെ 6 ലക്ഷം കോടി രൂപയെന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിലെത്തി നില്‍ക്കുകയാണ്.

ബാങ്കിന്റെ പ്രധാന വരുമാന സ്രോതസായ അറ്റ പലിശ വരുമാനം (NII) മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.06 ശതമാനം വര്‍ധിച്ചു. ഇതേ പാദത്തില്‍ വായ്പാ വളര്‍ച്ച 15 ശതമാനത്തില്‍ താഴെയായിരുന്നിട്ടും പലിശ വരുമാനത്തില്‍ 26 ശതമാനത്തിലധികം വളര്‍ച്ച നേടാനായത് ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (NIM) മെച്ചപ്പെട്ടതിനെയാണ് വ്യക്തമാക്കുന്നത്. ബാങ്കിന്റെ കമ്മീഷന്‍ വഴിയുള്ള ഫീ വരുമാനത്തില്‍ 21.71 ശതമാനം വര്‍ധനയുണ്ടായി.

ബാങ്കിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന വരവ്-ചെലവ് അനുപാതം (Cost-to-Income Ratio) 239 ബിപിഎസ് മെച്ചപ്പെട്ട് 52.50 ശതമാനമായി കുറഞ്ഞു.

സ്ഥാപനത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ് ഈ പാദഫലമെന്നും ട്രഷറി വിപണി കടുത്ത പ്രതിസന്ധി നേരിട്ടിട്ടും ബാങ്കിന്റെ കോര്‍ ബിസിനസിലെ മികച്ച പ്രകടനമാണ് 37 ശതമാനത്തിനടുത്ത് ലാഭമുണ്ടാക്കാന്‍ സഹായിച്ചതെന്നും ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ്. മണിയന്‍ പറഞ്ഞു.

പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

ഫെഡറല്‍ ബാങ്ക് ഇത്തവണ നിക്ഷേപത്തിലും വായ്പകളിലും രണ്ട് വലിയ നാഴികക്കല്ലുകളാണ് പിന്നിട്ടത്. ബാങ്കിന്റെ പ്രവാസി (NRI) നിക്ഷേപം 14.24 ശതമാനം വര്‍ധിച്ച് 1,05,123.41 കോടി രൂപയായി. ആദ്യമായാണ് പ്രവാസി നിക്ഷേപത്തില്‍ ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് ബാങ്ക് പിന്നിടുന്നത്. ഇതോടൊപ്പം കോര്‍പ്പറേറ്റ് വായ്പകളും 16.12 ശതമാനം വര്‍ധനയോടെ ഒരു ലക്ഷം കോടി രൂപ കടന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 13.05 ശതമാനം വര്‍ധിച്ച് 5,97,615.83 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങള്‍ 11.37 ശതമാനം വര്‍ധനയോടെ 3,20,117.66 കോടി രൂപയായി. കാസാ (CASA) നിക്ഷേപങ്ങള്‍ 188 ബിപിഎസ് വര്‍ധിച്ച് ആകെ നിക്ഷേപത്തിന്റെ 32.23 ശതമാനമായി മെച്ചപ്പെട്ടു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ 14.94 ശതമാനം വര്‍ധനയോടെ 281239 .54 കോടി രൂപയായി. വാണിജ്യ ബാങ്കിംഗ് വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22.96 ശതമാനവും, കൊമേഴ്‌സ്യല്‍ വെഹിക്കിള്‍/ കൊമേഴ്‌സ്യല്‍ എക്വിപ്‌മെന്റ് വായ്പകള്‍ 21.07 ശതമാനവും ഗോള്‍ഡ് ലോണ്‍ 33 ശതമാനവും പ്രോപ്പര്‍ട്ടി ലോണ്‍ 21 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് 36 ശതമാനവും വര്‍ധിച്ചു.

വരവ്- ചെലവ് അനുപാതം 239 ബി പി എസ് നേട്ടത്തോടെ 52.50 ശതമാനമായി. ആദ്യ പാദത്തിലെ മികച്ച പ്രകടനത്തോടെ ബാങ്കിന്റെ ആസ്തിയിന്മേലുള്ള ആദായം (RoA) 1.22 ശതമാനമായും ഓഹരിയിന്മേലുള്ള ആദായം (RoE) 12.01 ശതമാനമായും ഉയര്‍ന്നു. പ്രതി ഓഹരി ബുക്ക് വാല്യൂ 161.87 രൂപയാണ്.

ആസ്തി ഗുണമേന്മയില്‍ ചരിത്ര നേട്ടം

കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മികച്ച ആസ്തി ഗുണമേന്മയാണ് ബാങ്ക് ഇത്തവണ രേഖപ്പെടുത്തിയത്. അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.18 ശതമാനത്തിലേക്ക് താഴ്ന്നു (506.04 കോടി രൂപ). മൊത്ത നിഷ്‌ക്രിയ ആസ്തി (Gross NPA) 1.52 ശതമാനമാണ് (1,541.30 കോടി രൂപ). വായ്പകള്‍ക്ക് തിരിച്ചടിയുണ്ടായാല്‍ നേരിടാനുള്ള നീക്കിയിരിപ്പ് അനുപാതം (PCR) 87.37 ശതമാനമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

ആദ്യ പാദത്തില്‍ മാത്രം 10 പുതിയ ശാഖകള്‍ കൂടി ആരംഭിച്ചതോടെ ഫെഡറല്‍ ബാങ്കിന്റെ രാജ്യത്താകെയുള്ള ശാഖകളുടെ എണ്ണം 1,650 ആയി ഉയര്‍ന്നു.

ഓഹരിക്ക് വന്‍ മുന്നേറ്റം

അറ്റാദായത്തിലും അറ്റ പലിശ വരുമാനത്തിലും മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതിനെ തുടര്‍ന്ന്, ഇന്ന് ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 7 ശതമാനം വരെ ഉയര്‍ന്നു. കുറഞ്ഞ പ്രൊവിഷനുകളും അസറ്റ് ക്വാളിറ്റിയിലുണ്ടായ പുരോഗതിയും ഈ നേട്ടത്തിന് കരുത്തേകി.

സാമ്പത്തിക ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഓഹരി വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും, ബാങ്കിന്റെ മികച്ച പ്രകടനത്തില്‍ നിക്ഷേപകര്‍ ആവേശം പ്രകടിപ്പിച്ചതോടെ വിപണി പെട്ടെന്ന് തന്നെ തിരിച്ചുപിടിക്കുകയായിരുന്നു. ഇന്നത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് 7 ശതമാനത്തിലധികമാണ് ഓഹരി വില ഉയര്‍ന്നത്. വ്യാപാരം അവസാനിക്കുമ്പോള്‍ 6.6% ഉയര്‍ന്ന് 348.30 രൂപയിലാണ് ഓഹരി വിലയുള്ളത്.

Kerala-based Federal Bank posts a spectacular 36.57% rise in first-quarter net profit, driven by robust core interest income and historic low NPAs.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com