കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് നിബന്ധന: നടപടികള്‍ കൈക്കൊണ്ടതായി ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും

കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കുന്നതിന് ഇരു ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു
Cresit Cards
Image by Canva
Published on

റിസര്‍വ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ നടപടികള്‍ കൈക്കൊണ്ടതായി കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ചില നിബന്ധനകള്‍ പാലിക്കും വരെ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കരുതെന്ന് റിസര്‍വ് ബാങ്ക് ഫെഡറല്‍ ബാങ്കിനും സൗത്ത് ഇന്ത്യന്‍ ബാങ്കിനും കഴിഞ്ഞ ദിവസം  നിര്‍ദേശം നല്‍കിയതിനെ തുടർന്നാണിത്.

നിബന്ധനകൾ പാലിക്കുന്നത് വരെ പുതിയ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ചതായി ഫെഡറല്‍ ബാങ്ക് അറിയിച്ചു. പഴുതുകള്‍ കണ്ടെത്തി അത് പരിഹരിച്ച് അനുമതി തേടിയതിനു ശേഷമാകും കാര്‍ഡുകള്‍ അനുവദിക്കുകയെന്നും ബാങ്ക് പറഞ്ഞു. കോ-ബ്രാന്‍ഡഡ് വിഭാഗത്തില്‍ പെടാത്ത പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുതിയ ഉപയോക്താക്കള്‍ക്കും നിലവിലുള്ള ഉപയോക്താക്കള്‍ക്കും വിതരണം ചെയ്യുന്നത് തുടരും.

അതേസമയം, നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നതു വരെ പുതിയ ഉപയോക്താക്കള്‍ക്ക് കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ നല്‍കില്ലെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള സേവനം തുടര്‍ന്നും ഇരു ബാങ്കുകളും ലഭ്യമാക്കും.

റിസര്‍വ് ബാങ്ക് വിലക്കിനെ തുടര്‍ന്ന് ഇരു ബാങ്കുകളുടെയും ഓഹരികള്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലത്തെ സെഷനില്‍ താഴേക്ക് പോയ സൗത്ത് ഇന്ത്യ ബാങ്ക് ഓഹരി നിലവില്‍ നാല് ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. ഫെഡറല്‍ ബാങ്ക് ഓഹരി നിലവില്‍ ഒരു ശതമാനത്തോളം ഇടിവിലാണുള്ളത്.

സുരക്ഷ ഉറപ്പാക്കാന്‍

വിവിധ ബ്രാന്‍ഡുകള്‍, വ്യാപാരികള്‍ തുടങ്ങിയവരുമായി പങ്കാളിത്തമുള്ള കാര്‍ഡുകളാണ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. കുറഞ്ഞ പലിശ നിരക്ക്, പ്രോസസിംഗ് ഫീസ്, ചെലവഴിക്കലുകള്‍ക്ക് ഉയര്‍ന്ന റിവാര്‍ഡുകള്‍ തുടങ്ങിയവയാണ് ഇത്തരം കാര്‍ഡുകളുടെ നേട്ടം.

കോ-ബ്രാന്‍ഡഡ് കാര്‍ഡുകളിലെ വിവരങ്ങളിലേക്കുള്ള അനധികൃതമായ പ്രവേശനം തടയാന്‍ മാര്‍ച്ച് 7നാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ (Master Direction) ഭേദഗതി ചെയ്യുകയും പണത്തിന്റെ അന്തിമ ഉപയോഗം നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്താന്‍ കാര്‍ഡ് വിതരണക്കാരോട് ആവശ്യപ്പെടുകയും ചെയ്തത്. വ്യവസ്ഥകള്‍ എല്ലാ ബാങ്കുകള്‍ക്കും ബാധകമാണെങ്കിലും ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്ന ക്രമീകരണങ്ങള്‍ വരുത്താതിരുന്നതാണ് വിലക്കിലേക്ക് നയിച്ചത്.

കാര്‍ഡ് വിവരങ്ങള്‍ പങ്കിടരുത്‌

കാര്‍ഡ് ഉടമയുടെ സൗകര്യാര്‍ത്ഥം  ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാര്‍ഡ് വിതരണക്കാരുടെ സിസ്റ്റത്തില്‍ നിന്ന് എന്‍ക്രിപ്റ്റഡ് രൂപത്തില്‍ നേരിട്ട് ലഭ്യമാക്കണമെന്നും അത് കോ-ബ്രാന്‍ഡിംഗ് പാര്‍ട്ണറുടെ (CBP) പ്ലാറ്റ്‌ഫോമുകളില്‍ മതിയായ സുരക്ഷയോടെ പ്രദര്‍ശിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് ഭേദഗതി ചെയ്ത നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.ബി.പിയുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശിപ്പിക്കുന്ന വിവരങ്ങള്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ കാണാനാകൂ. സി.ബി.പി ഇതിലേക്ക് കടക്കുകയോ വിവിരങ്ങള്‍ സ്‌റ്റോര്‍ ചെയ്യുകയോ ഇല്ല. കാര്‍ഡ് വിതരണ കമ്പനികള്‍ കാര്‍ഡ് ഉടമകളുടെ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഔട്ട്‌സോഴ്‌സിംഗ് പങ്കാളികളുമായി പങ്കിടരുതെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

മറ്റ് കാര്‍ഡ് നെറ്റ്‌വര്‍ക്കുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്ന് തടയുന്ന ഒരു ക്രമീകരണത്തിലും കാര്‍ഡ് വിതരണ കമ്പനികള്‍ ഏര്‍പ്പെടരുതെന്ന് മാര്‍ച്ച് 6ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. കാര്‍ഡ് ഇഷ്യു ചെയ്യുന്ന സമയത്ത് വിവിധ കാര്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് താത്പര്യമുള്ളത് തിരഞ്ഞെടുക്കാന്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ നല്‍കണം. നിലവിലുള്ള കാര്‍ഡ് ഉടമകള്‍ക്ക്, അടുത്ത പുതുക്കല്‍ സമയത്ത് ഈ ഓപ്ഷന്‍ നല്‍കുകയും വേണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com