ഫെഡറല്‍ ബാങ്ക് ഏജസ് ഫെഡറല്‍ ലൈഫിന്റെ 4% ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നു, ₹97.44 കോടിയുടെ നിക്ഷേപം

ഫെഡറല്‍ ബാങ്കിന് ഇന്‍ഷുറന്‍സ് കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം ഇതോടെ 30 ശതമാനമാകും
Federal Bank office
Published on

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് (Ageas Federal Life Insurance Company/AFLIC) കമ്പനിയുടെ 4 ശതമാനം ഓഹരികള്‍ 97.44 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഇതിനായി ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ എന്‍.വിയുമായും (Ageas Insurance International NV) ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവച്ചതായി ഫെഡറല്‍ ബാങ്ക് ഇന്നലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

ഫെഡറല്‍ ബാങ്കിന് ഇന്‍ഷുറന്‍സ് കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം ഇതോടെ 26 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയരും. ഓഹരിയൊന്നിന് 30.45 രൂപ നിരക്കില്‍ 3.2 കോടി ഓഹരികളാണ് സ്വന്തമാക്കുക. റിസര്‍വ് ബാങ്കിന്റെയും ഇന്‍ഷുറന്‍സ് നിയന്ത്രണ ഏജന്‍സിയായ ഐ.ആര്‍.ഡി.എയുടെയും അനുമതിക്ക് ശേഷമാകും ഇടപാട്. 2025 ഒക്ടോബര്‍ 31ന് മുമ്പായി ഇടപാട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

സാമ്പത്തിക പ്രകടനം

ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ എന്‍.വിയുടെയും ഫെഡറല്‍ ബാങ്കിന്റെയും സംയുക്ത സംരംഭമായ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 2024 സാമ്പത്തിക വര്‍ഷത്തില്‍ 107 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 17,455 കോടി രൂപയുടേതാണ്. കമ്പനിയ്ക്ക് മൊത്തം 1,176 കോടി രൂപയുടെ അറ്റ ആസ്തിയുമുണ്ട്.

ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 955.4 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,006.7 കോടി രൂപയില്‍ നിന്ന് 5 ശതമാനം കുറവാണിത്. അറ്റ പലിശ വരുമാനം 14.5 ശതമാനം ഉയര്‍ന്ന് 2,431.3 കോടി രൂപയുമായി.

ഓഹരിയുടെ നീക്കം

ഓഹരി ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് രാവിലെ 196 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് ഇടിഞ്ഞു. നിലവില്‍ 194 രൂപയിലാണ് വ്യാപാരം. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ മൂന്ന് ശതമാനത്തോളം ഇടിവിലാണ് ഫെഡറല്‍ ബാങ്ക് ഓഹരി. അതേസമയം, ഒരുവര്‍ഷക്കാലയളവില്‍ 30 ശതമാനം നേട്ടവും രേഖപ്പെടുത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com