പുത്തന്‍ ഭാവത്തില്‍ ഫെഡറല്‍ ബാങ്ക്; 'ഫോര്‍ച്യൂണ വേവ്' ലോഗോ പുറത്തിറക്കി

ബ്രാന്‍ഡ് അംബാസിഡര്‍ വിദ്യാ ബാലനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്
ഫെഡറൽ ബാങ്കിൻ്റെ പുതിയ ലോഗോ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ബാങ്കിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഹർഷ് ദുഗർ, എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ, ബ്രാൻഡ് അംബാസഡർ വിദ്യാ ബാലൻ, എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കട്ടരാമൻ വെങ്കിടേശ്വരൻ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി എന്നിവർ
ഫെഡറൽ ബാങ്കിൻ്റെ പുതിയ ലോഗോ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ബാങ്കിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഹർഷ് ദുഗർ, എംഡിയും സിഇഒയുമായ കെ വി എസ് മണിയൻ, ബ്രാൻഡ് അംബാസഡർ വിദ്യാ ബാലൻ, എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കട്ടരാമൻ വെങ്കിടേശ്വരൻ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി എന്നിവർ
Published on

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് പരിഷ്‌ക്കരിച്ച ലോഗോ അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ വിദ്യാ ബാലനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. നൂതനവും ആധുനികവുമായ ബാങ്കിങ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെയും ബിസിനസ് വളര്‍ച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ലോഗോ പരിഷ്‌ക്കരിച്ചതെന്ന് ബാങ്ക് വ്യക്തമാക്കി. ആധികാരികത, അഭിവൃദ്ധി, കൂട്ടായ്മ എന്നിവ പ്രതിഫലിക്കുന്ന താരത്തിലാണ് 'ഫോര്‍ച്യൂണ വേവ്' എന്ന പേരിലുള്ള പുതിയ ലോഗോ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ മൂല്യവത്തായ സ്ഥാപനമായി മാറിയ ഫെഡറല്‍ ബാങ്കിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ ലോഗോ.

മാറ്റങ്ങൾ ഇങ്ങനെ

ക്യാപിറ്റല്‍ ലെറ്റര്‍ ഉപയോഗിച്ചായിരുന്നു ബാങ്കിന്റെ പേര് ഇതുവരെ എഴുതിയിരുന്നതെങ്കില്‍ പുതിയ ഡിസൈന്‍ പ്രകാരം എഫും ബിയും ഒഴികെയുള്ള അക്ഷരങ്ങള്‍ ഇംഗ്ലീഷിലെ സ്മാള്‍ ലെറ്ററില്‍ ആകര്‍ഷണീയമായാണ് അവതരിപ്പിക്കുന്നത്. കൂടാതെ, ബാങ്കിന്റെ പേര് ഒരു ബോക്‌സില്‍ എഴുതുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ശാഖകളിലും ഉള്‍പ്പെടെ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രൂപത്തിലാണ് ലോഗോ പരിഷ്‌കരിച്ചിട്ടുള്ളത്. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മികച്ച സേവനം നല്‍കുന്ന ഫെഡറല്‍ ബാങ്കിന്റെ സാന്നിധ്യം രാജ്യവ്യാപകമായി വിപുലീകരിക്കാന്‍ ലോഗോ പരിഷ്‌കരണം സഹയാകമാവും.

ലക്ഷ്യം ആധുനിക ബാങ്കിങ്

അടിസ്ഥാന തത്വങ്ങളില്‍നിന്നും വ്യതിചലിക്കാതെ ഭാവിയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സജ്ജമാണെന്ന സന്ദേശം നല്‍കുന്നതോടൊപ്പം ഫെഡറല്‍ ബാങ്കിന് കൂടുതല്‍ ആധുനികവും ഊര്‍ജ്ജസ്വലവുമായ ഒരു മുഖം നല്‍കാനാണ് ലോഗോ പരിഷ്‌കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രകാശന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെ വി എസ് മണിയന്‍ അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങള്‍ പഴക്കമുള്ള വിശ്വാസ്യത, ആധികാരികത, ഇടപാടുകാരോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നീ മൂല്യങ്ങളാണ് ബാങ്കിനെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ണനകളെക്കാള്‍ വേഗത്തില്‍ ബ്രാന്‍ഡ് ഐഡന്റിറ്റിയാണ് ആളുകളില്‍ മതിപ്പുളവാക്കുന്നതെന്നും ലോഗോ പരിഷ്‌കരിക്കുന്നതിലൂടെ പുതിയ കാലത്തിന്റെ അഭിരുചികള്‍ക്കനുസരിച്ച് ആധുനികമാകാനുള്ള വലിയ അവസരമാണ് കൈവരുന്നതെന്നും ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം.വി.എസ്. മൂര്‍ത്തി പറഞ്ഞു.

സുസ്ഥിരമായ വളര്‍ച്ച ലക്ഷ്യമിടുന്ന ഒരു ഫ്രാഞ്ചൈസ് എന്ന നിലയില്‍ ഫെഡറല്‍ ബാങ്ക് അതിവേഗം വളര്‍ച്ച കൈവരിക്കുന്നതായി ബ്രാന്‍ഡ് അംബാസിഡര്‍ വിദ്യാ ബാലന്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ സേവനങ്ങള്‍ പുതിയകാലത്തിനു അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തനപ്പെടുന്നത് ഏറെ പ്രശംസനീയവുമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സൈഡ്വേയ്‌സ് എന്ന സ്ഥാപനമാണ് പുതിയ ബ്രാന്‍ഡിംഗ് ആശയങ്ങള്‍ക്കുവേണ്ടി ഫെഡറല്‍ ബാങ്കുമായി കൈകോര്‍ത്തത്.

ദശാബ്ദങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച ബാങ്കിനെ പുനര്‍നിര്‍മിക്കുകയല്ല, മറിച്ച് പരിണാമത്തെ അടയാളപ്പെടുത്തുകയാണ് റീബ്രാന്‍ഡിംഗിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ചത്. ഫെഡറല്‍ ബാങ്ക് ഇക്കാലമത്രയും കൊണ്ട് കൈവരിച്ച മാനുഷികമൂല്യങ്ങള്‍ കൈവിടാതെ തന്നെ, ആത്മവിശ്വാസം സ്ഫുരിക്കുന്ന, ഭാവിയ്ക്കു വേണ്ടി സജ്ജമായ ഒരു ബ്രാന്‍ഡായി അവതരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സൈഡ് വെയ്സിന്റെ സ്ഥാപകനായ അഭിജിത് അവസ്തി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com