എവിടെപ്പോയി ബജറ്റ് ഫോണുകള്‍? ഓണത്തിന് സ്മാര്‍ട്ട്ഫോണ്‍ മാറ്റാന്‍ പ്ലാനിട്ട മലയാളികള്‍ക്ക് പ്രഹരമായി വന്‍ വിലവര്‍ധന! ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയില്‍

മൊബൈല്‍ വിപണിയെ സജീവമാക്കി സൂപ്പര്‍ പ്രീമിയം മോഡലുകളും ഇ.എം.ഐ തരംഗവും
mobile phone shop
canva
Published on

ഓണക്കാലം എത്തുമ്പോള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഓഫറുകളില്‍ സ്വന്തമാക്കുന്നത് മലയാളി ഉപഭോക്താക്കളുടെ പതിവുരീതിയാണ്. എന്നാല്‍ ഇത്തവണ ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്. സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുകയോ, അപ്രാപ്യമായ വിലയിലേക്ക് ഉയരുകയോ ചെയ്തിരിക്കുന്നു. മുന്‍പ് സാധാരണക്കാര്‍ക്ക് അനുയോജ്യമായ 10,000 രൂപ റേഞ്ചിലുണ്ടായിരുന്ന ഫോണുകള്‍ക്ക് ഇപ്പോള്‍ 4,000 രൂപ മുതല്‍ 6,000 രൂപ വരെ വില വര്‍ധിച്ച് 14,000 മുതല്‍ 16,000 രൂപ വരെയായിട്ടുണ്ട്. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രിയങ്കരമായിരുന്ന 20,000 രൂപ റേഞ്ചിലെ ഹൈ-പെര്‍ഫോമന്‍സ് ഫോണുകള്‍ ലഭിക്കണമെങ്കില്‍ ഇന്ന് 24,000 മുതല്‍ 28,000 രൂപ വരെ നല്‍കണം.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി മുന്‍പെങ്ങുമില്ലാത്തവിധം രണ്ടു ധ്രുവങ്ങളിലായി പിളരുകയാണ്. ഒരു വശത്ത് എന്‍ട്രി- ലെവല്‍, ബജറ്റ് ഫോണുകള്‍ വന്‍ തകര്‍ച്ച നേരിടുമ്പോള്‍, മറുവശത്ത് 50,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ഫോണുകളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടം അനുഭവപ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ഉപയോക്താക്കള്‍ നയം മാറ്റി

വില വര്‍ധന കാരണം മലയാളികള്‍ അനാവശ്യമായി പുതിയ ഫോണ്‍ വാങ്ങുന്നത് നീട്ടിവെക്കുകയോ, പഴയ ഫോണുകള്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് വ്യാപാരി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, വായ്പാ ഇളവുകളും ക്രെഡിറ്റ് സ്‌കോര്‍ അധിഷ്ഠിത ലോണുകളും സജീവമായതോടെ മറ്റൊരു വിപണി തരംഗവും രൂപപ്പെടുന്നുണ്ട്.

ഫുള്‍ സ്‌പെസിഫിക്കേഷനുകളെയും പ്രോസസറുകളെയും കുറിച്ച് കൃത്യമായ വിവരങ്ങളുള്ള ഇന്നത്തെ തലമുറ, മികച്ച ആപ്പുകളും ഗെയിമുകളും സുഗമമായി പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന മോഡലുകള്‍ വാങ്ങാനാണ് താല്പര്യപ്പെടുന്നതെന്ന്‌ ചെങ്ങന്നൂര്‍ ഐശ്വര്യ മൊബൈല്‍സ് ഉടമ ജ്യോതിലാല്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. കമ്പനികള്‍ 10,000 രൂപ റേഞ്ചിലുള്ള ബജറ്റ് ഫോണുകളുടെ ഉല്‍പാദനം വെട്ടിച്ചുരുക്കിയതോടെ, വിപണിയില്‍ വോളിയം സെയില്‍സ് കുറയുകയും വിലകൂടിയ മോഡലുകളുടെ വില്‍പ്പന ഉയരുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയുടെ ചരിത്രത്തിലാദ്യമായി, മാസങ്ങള്‍ക്ക് മുമ്പ് ലോഞ്ച് ചെയ്ത പഴയ മോഡലുകളുടെ പോലും വില കമ്പനികള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയാണ്. പ്രധാന ബ്രാന്‍ഡുകളെല്ലാം ബജറ്റ്, മിഡ്-റേഞ്ച് ഫോണുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഡാറ്റാ സെന്ററുകള്‍ കാരണം റാം, മെമ്മറി ചിപ്പുകള്‍ എന്നിവയ്ക്കുണ്ടായ ക്ഷാമവും നിര്‍മ്മാണച്ചെലവിലുണ്ടായ വര്‍ധനയുമാണ് ഇതിന് പ്രധാന കാരണം. ബജറ്റ് വിപണിയില്‍ ഫോണുകളുടെ ലഭ്യത കുറഞ്ഞതോടെ, ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്ന Vivo, Motorola, IQOO, Poco തുടങ്ങിയ ബ്രാന്‍ഡുകളിലേക്ക് ഉപഭോക്താക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വിപണി വിഹിതത്തില്‍ 18.1 ശതമാനവുമായി വിവോ ആണ് നിലവില്‍ ഒന്നാമത്. 17.9 ശതമാനം വിപണി വിഹിതവുമായി സാംസങ് വിവോയ്ക്ക് തൊട്ടുപിന്നിലുണ്ട്.

ഇ.എം.ഐ ട്രെന്‍ഡ്‌

പലിശരഹിത ഇ.എം.ഐ (Zero-cost EMI), ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഉപഭോക്തൃ ക്രെഡിറ്റ് ലഭ്യത എന്നിവയാണ് പ്രീമിയം ഫോണുകളുടെ വില്‍പ്പന ഉയര്‍ത്തുന്നത്. പ്രീമിയം വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 72 ശതമാനത്തിന്റെ വമ്പന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം ഫോണുകളുടെ മൊത്തം വിലയേക്കാള്‍, പ്രതിമാസം അടയ്ക്കേണ്ട തുക (Monthly EMI) എത്രയെന്നാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ പ്രധാനമായും നോക്കുന്നത്. ടിയര്‍-2 നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവരില്‍ 57.5% ആളുകളും ഇ.എം.ഐ വഴിയാണ് ഫോണുകള്‍ സ്വന്തമാക്കുന്നത്. ടിയര്‍-3 നഗരങ്ങളില്‍ ഇ.എം.ഐ വിഹിതം 55% ആണ്. മെട്രോ നഗരങ്ങളില്‍ 41% ആളുകളാണ് ഇ.എം.ഐയെ ആശ്രയിക്കുന്നത്.

നിലവില്‍ ഏറ്റവും കൂടിയ കാലാവധിയുള്ള ഇ.എം.ഐ പ്ലാനുകള്‍ ഓഫര്‍ ചെയ്യുന്നത് ആപ്പിളാണ് (ശരാശരി 17.2 മാസം). സാംസങ് (11.4 മാസം), ഓപ്പോ (9.9 മാസം), വിവോ (9.8 മാസം) എന്നിവയാണ് തൊട്ടുപിന്നില്‍.

ചെറുകിട കച്ചവടക്കാര്‍ നേരിടുന്നത്‌ കടുത്ത പ്രതിസന്ധി

ഉത്സവ സീസണുകളിലെ വില്‍പനയുടെ രീതി തന്നെ പൂര്‍ണമായി മാറിയത് ചെറുകിട-ഇടത്തരം മൊബൈല്‍ വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് വരെ ഓണം പോലെയുള്ള സീസണുകളില്‍ ആകെ വിറ്റഴിയുന്ന ഫോണുകളുടെ 70 ശതമാനവും ചെറുകിട വ്യാപാരികള്‍ വഴിയായിരുന്നു. വെറും 30 ശതമാനം മാത്രമായിരുന്നു വന്‍കിട റീറ്റൈയ്ല്‍ ചെയിനുകളുടെ വിഹിതം. എന്നാല്‍ ഇന്ന് ഈ ചിത്രം നേരെ തിരിച്ചായി മാറിക്കഴിഞ്ഞെന്ന് ജ്യോതിലാല്‍ പറയുന്നു. വിപണിയിലെ 70 ശതമാനത്തോളം കച്ചവടവും വന്‍കിട ചെയിന്‍ നെറ്റ്വര്‍ക്കുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും, പതിനായിരക്കണക്കിന് വരുന്ന സാധാരണ കച്ചവടക്കാരുടെ വിഹിതം 30 ശതമാനമായി ചുരുങ്ങുകയും ചെയ്തു. പ്രധാന കമ്പനികളുടെ പരസ്യ പിന്തുണയും ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ആനുകൂല്യങ്ങളും വന്‍കിട നെറ്റ്വര്‍ക്കുകള്‍ക്ക് മാത്രം ലഭിക്കുന്നതും, ചെറുകിട മേഖലയിലേക്കുള്ള ഫണ്ടിംഗും സപ്പോര്‍ട്ടും കുറഞ്ഞതും സാധാരണ വ്യാപാരികളുടെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Smartphone prices surge in Kerala ahead of Onam due to chip shortages, while EMI options fuel a boom in premium segment sales despite overall shipment declines.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com