നില്‍ക്കക്കള്ളിയില്ല, മുന്‍കൂറായി കടമെടുക്കാന്‍ കേരളം; അനുമതി നല്‍കി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുന്‍കൂറായി എടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അടുത്ത ജനുവരി മുതല്‍ മാര്‍ച്ച് വരെ കടമെടുക്കാന്‍ അനുവാദമുള്ള 3,800 കോടി രൂപ, ആവശ്യമെങ്കില്‍ അതിനു മുന്‍പ് എടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അനുവദിച്ച 3,800 കോടിയില്‍ 1,500 കോടി രൂപ ഈ മാസവും ബാക്കി അടുത്ത മാസവുമായി എടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡിസംബര്‍ വരെ 21,800 കോടി രൂപ വായ്പ എടുക്കാനാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ഇതില്‍ 52 കോടി മാത്രമാണ് ശേഷിക്കുന്നത്. ദൈനംദിന ചെലവുകള്‍ക്കായി ഈ പണം തികയില്ലെന്നതിനാല്‍ മുന്‍കൂട്ടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ഏതാനും മാസമായി കേന്ദ്ര സര്‍ക്കാരിന സമീപിച്ചിരുന്നു.

കിഫ്ബിയും (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്/KIIFB) പെന്‍ഷന്‍ ഫണ്ട് കമ്പനിയും (കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്/KSSPL) എടുത്ത വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ കടമായി കൂട്ടി കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്തിയിരുന്നു. ഇത് പുനപരിശോധിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ദേശീയ പാതാ സ്ഥലമെടുപ്പിന് സംസ്ഥാനം വഹിക്കേണ്ട 6,769 കോടി രൂപയില്‍ 5,580 കോടി രൂപ കിഫ്ബി വഴിയാണ് അനുവദിച്ചത്.

മറ്റു വഴികളും

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) ഒരു ശതമാനം കൂടി കടമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. സാധാരണ ജി.എസ്.ടി.പിയുടെ മൂന്നു ശതമാനമാണ് വായ്പയായി അനുവദിക്കുന്നത്. ഇത് നാല് ശതമാനം ആക്കണമെന്നാണ് ആവശ്യം. ഇത് അനുവദിച്ചാല്‍ 10,000 കോടി രൂപയെങ്കിലും അധികമായി ലഭിക്കും. ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്ന് നിര്‍ണയിക്കുന്നത് ജി.എസ്.ഡി.പിയുടെ എത്ര ശതമാനം കടമുണ്ടെന്ന് നോക്കിയാണ്.

ഇതു കൂടാതെ വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ 5,073 കോടി രൂപയുടെ വായ്പയ്ക്ക് കേരളത്തിന് അര്‍ഹതയുണ്ട്. ഇതില്‍ 4,500 കോടി രൂപ കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷ. അധികമായി ലഭിക്കുന്ന തുക വഴി ഈ സാമ്പത്തിക വര്‍ഷത്തെ ചെലവുകള്‍ നിറവേറ്റാനാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഡിസംബറിന് ശേഷം കടമെടുക്കല്‍ പരിധി കേന്ദ്രം ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേന്ദ്രം പരിധി കൂട്ടാന്‍ തയ്യാറായില്ലെങ്കില്‍ ടുത്ത പാദത്തിൽ സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാത്ത സ്ഥിതി വരും.

Related Articles

Next Story

Videos

Share it