കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് നാളെ ഒറ്റദിവസം 12,000 കോടി രൂപ കടമെടുക്കും. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന എന്നിവയാണ് നാളെ കടമെടുക്കുന്നത്.
ഏറ്റവും കൂടുതല്‍ തുക കടമെടുക്കുന്നത് തമിഴ്‌നാടാണ്. 7, 10 വര്‍ഷക്കാലവധിയുള്ള ബോണ്ടുകളിലൂടെ മൊത്തം 4,000 കോടി രൂപയാണ് തമിഴ്‌നാട് കടമെടുക്കുന്നത്. തൊട്ട് പിന്നില്‍
ആന്ധ്രാപ്രദേശാണ്. 8, 16, 20 വര്‍ഷ കാലാവധിയുള്ള ബോണ്ടുകളിറക്കി മൊത്തം മൂവായിരം കോടി രൂപയാണ് ആന്ധ്ര കടമെടുക്കുന്നത്. പഞ്ചാബ് 8, 13 വര്‍ഷക്കാലാവധിയുള്ള ബോണ്ടുകളിറക്കി 2,500 കോടി രൂപ സമാഹരിക്കും. തെലങ്കാന 18 വര്‍ഷ കാലാവധിയുള്ള ബോണ്ടുകളിലൂടെയും 1,500 കോടി രൂപ സമാഹരിക്കും.
കേരളം 1,000 കോടി
സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക കടമെടുക്കുന്നത് കേരളമാണ്. 15 വര്‍ഷക്കാലാവധിയുള്ള കടപ്പത്രങ്ങളിറക്കി 1,000 കോടി രൂപയാണ് സംസ്ഥാനം സമാഹരിക്കുന്നത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) കേരളത്തിന്റെ ആദ്യ കടമെടുപ്പാണിത്. ഈ വര്‍ഷമാകെ 37,517 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാവുന്നത്. ഇതില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ എത്ര രൂപ കടമെടുക്കാമെന്നത് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ 5,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും 3,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഈ തുകയില്‍ നിന്നാണ് ഇപ്പോള്‍ 1,000 കോടി രൂപ കടമെടുക്കുന്നത്.
വായ്പാ പരിധി പ്രകാരം ഒമ്പത് മാസത്തേക്ക് കടമെടുക്കാനുള്ള തുക നിശ്ചയിച്ച് മേയ് ആദ്യ വാരത്തോടെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) മാറ്റിവച്ച ബില്ലുകള്‍ പാസാക്കാനാകും ഇപ്പോള്‍ കടമെടുക്കുന്ന തുക സംസ്ഥാനം പ്രയോജനപ്പെടുത്തുക. തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും മാറ്റിവച്ച ബില്ലുകളാണിവ. നിശ്ചിതതുക സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഗഡു വീട്ടാനും വിനിയോഗിച്ചേക്കും. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാനും സംസ്ഥാനത്തിന് കടമെടുക്കാതെ തരമില്ല.
കേന്ദ്രം പിടിമുറുക്കും
നടപ്പു വര്‍ഷവും കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കുറവ് വരുത്തുമെന്നാണ് സൂചനകള്‍. മുന്‍ വര്‍ഷങ്ങളില്‍ കിഫ്ബിയും പെന്‍ഷന്‍ ഫണ്ട് ബോര്‍ഡും എടുത്ത കടം മൊത്തം കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറച്ചേക്കും. ഇതുവഴി 12,000 കോടി രൂപയോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നടപ്പു വര്‍ഷം കേരളത്തിന് കടമെടുക്കാനാകുക 25,500 കോടി രൂപയോളം മാത്രമാകും.