ആദ്യകമ്പനിയുടെ കഥ തിരുത്തിയെഴുതി ₹ 11 കോടി വിറ്റുവരവിലേക്ക്, മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായി ഫ്‌ളോറെറ്റ് ടെക്‌നോളജീസ്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സുസ്ഥിരമായ മാതൃക നടപ്പാക്കിയിരിക്കുകയാണ് ഇവര്‍
ആദ്യകമ്പനിയുടെ കഥ തിരുത്തിയെഴുതി ₹ 11 കോടി വിറ്റുവരവിലേക്ക്, മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായി ഫ്‌ളോറെറ്റ് ടെക്‌നോളജീസ്
Published on

ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍ എന്നിവയുടെ സംസ്‌കരണം ഇന്ന് വീടുകളും ഓഫീസുകളുമൊക്കെ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഹരിത കര്‍മ സേനയും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ വന്ന് ശേഖരിക്കുന്നുണ്ടെങ്കിലും സാനിറ്ററി മാലിന്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഇപ്പോഴും അകലെയാണ്. ഇതിനു വലിയ രീതിയില്‍ പരിഹാരം കാണുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഫ്ളോറെറ്റ് ടെക്നോളജീസ്.

വികേന്ദ്രീകൃതമായ രീതിയില്‍, അതായത് സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ വാഷ് റൂമിനകത്ത് സ്ഥാപിക്കാവുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത സാനിറ്ററി നാപ്കിന്‍ ഡിസ്ട്രോയര്‍ (ഇന്‍സിനറേറ്റര്‍) സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നത് ഫ്‌ളോറെറ്റ് ടെക്‌നോളോജീസ് ആണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സനില്‍ കുമാര്‍ പറയുന്നു.

പ്രോഡക്ട് മാര്‍ക്കറ്റിംഗ് ടു വേസ്റ്റ് മാനേജ്‌മെന്റ്

2017ലാണ് സനില്‍ കുമാറും, അനു എസ്.എസും ചേര്‍ന്ന് ഫ്ളോറെറ്റ് ടെക്നോളജീസിന് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരത്ത് ഒരു കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. അവിടെ വച്ച് മറ്റ് രണ്ട് പേരെയും കൂടി ചേര്‍ത്ത് മാര്‍ക്കറ്റിംഗ് കമ്പനിയാണ് ആദ്യം തുടങ്ങിയത്. പക്ഷേ, ചില പ്രതിസന്ധികള്‍ വന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീടാണ് അനുവും സനിലും ചേര്‍ന്ന് ഫ്‌ളോറെറ്റ് ടെക്നോളജീസ് എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

സ്വന്തം ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സ്വയം വിശ്വാസമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇനി അവതരിപ്പിക്കൂ എന്ന തീരുമാനത്തിലേക്ക് എത്താന്‍ ആദ്യ കമ്പനിയുടെ പരാജയം ഇരുവരെയും പഠിപ്പിച്ചു. അങ്ങനെയാണ് പ്രകൃതിക്കും ജനങ്ങള്‍ക്കും ഏറ്റവും അത്യന്താപേക്ഷിതമായ വേസ്റ്റ് മാനേജ്മെന്റ് എന്ന മേഖലയിലേക്ക് കടക്കാം എന്നതിലേക്ക് എത്തിച്ചേരുന്നത്. സാനിറ്ററി നാപ്കിന്‍ നിര്‍മാണമായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പ്രതീക്ഷിച്ചതുപോലൊരു മാനുഫാക്ചറിംഗ് പ്രോജക്ടിന് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ തുടക്കത്തില്‍ അത്രയും നിക്ഷേപത്തിലേക്ക് പോവണ്ട എന്ന് തീരുമാനിച്ചു. പക്ഷെ ഇന്ത്യന്‍ വിപണിയില്‍ ഇത്രയുമധികം പ്രോഡക്ടുകള്‍ എത്തുന്നുണ്ടന്ന വസ്തുത അപ്പോഴാണ് മനസിലായത്. ഇതെങ്ങനെയാണ് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത് എന്ന് അന്വേഷിച്ചപ്പോഴാണ് ഇതിനൊരു കൃത്യമായ മാര്‍ഗമില്ല എന്ന് മനസിലാക്കുന്നത്. പിന്നീട് അതിനു വേണ്ടിയുള്ള ശ്രമമായിരുന്നു. തുടര്‍ന്നാണ് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) അനുമതിയുള്ള സാനിറ്ററി നാപ്കിന്‍ ഡിസ്ട്രോയര്‍ (ഇന്‍സിനറേറ്റര്‍) എന്നൊരു പ്രോജക്ട് ഫ്ളോറെറ്റ് ടെക്നോളജീസ് അവതരിപ്പിക്കുന്നത്.

ബേബി ഡയപ്പറുകളുടേയും അതുപോലെ കിടപ്പു രോഗികള്‍ തുടങ്ങിയവരുപയോഗിക്കുന്ന ഡയപ്പറുകളുടെയും നിര്‍മാര്‍ജനത്തിലേക്കും പിന്നീട് ശ്രദ്ധ തിരിച്ചു. പിസിബിയുമായി സഹകരിച്ച് രണ്ടോ മൂന്നോ ഡയപ്പറുകള്‍ ഒരുസമയം സംസ്‌കരിക്കാവുന്ന ചെറിയ ഇന്‍സിനറേറ്ററുകളാണ് വികസിപ്പിച്ചത്. ഇതിന് വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളെ കൂടെചേര്‍ത്ത്

കൊച്ചി പോലുള്ള നഗരങ്ങളില്‍ പോലും സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലായെന്നത് ഒരു പോരായ്മയായിരുന്നു. ഇതിനായി തദ്ദേശ സ്വയം ഭരണവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുമായി കൂടക്കാഴ്ച നടത്തുകയും ഫ്‌ളോറെറ്റ് ഒരു പ്രോജക്ട് പ്രോപ്പസല്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു.

ഇതിന്റെ ആവശ്യകത മനസിലാക്കിയ അധികൃതര്‍ എല്ലാ മുനിസിപ്പാലിറ്റികളിലും സാനിറ്ററി മാലിന്യ ശേഖരണത്തിനും ട്രാന്‍സ്പോര്‍ട്ടേഷനും നിര്‍മാര്‍ജ്ജനം ചെയ്യാനും വേണ്ട ശാസ്ത്രീയമായ സംവിധാനം നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കുകയും, ഇതിനെത്തുടര്‍ന്ന് ധാരാളം മുന്‍സിപാലിറ്റികള്‍ പ്രോജക്ട് നടപ്പാക്കുകയും ചെയ്തു. ഈ ഉത്തരവ് നടപ്പിലാക്കുന്നതിനും മുമ്പ് തന്നെ പാലക്കാട് നഗരസഭയ്ക്കായി ഫ്ളോറെറ്റ് ടെക്നോളജി തന്നെ ഫണ്ടിംഗ് ചെയ്ത് ഇത് നടപ്പാക്കി കമ്മീഷന്‍ ചെയ്തു. 2022ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

നിലവില്‍ ഫ്ളോറെറ്റ് ടെക്നോളജീസ് സംസ്ഥാനത്ത് 12ഓളം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പത്ത് വര്‍ഷക്കാലത്തേക്കുള്ള പ്രവര്‍ത്തന മെയിന്റനന്‍സും പദ്ധതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാനിറ്ററി മാലിന്യങ്ങളായ സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍, ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍, ടിഷ്യുകള്‍ എന്നിവയെല്ലാം ഇവിടെ സംസ്‌കരിക്കാനാകും. വിവരങ്ങള്‍ക്ക് ഫോണ്‍: 9446664103

സാനിറ്ററി വേസ്റ്റ് ടു എനര്‍ജി പ്ലാന്റ്

തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി ലെവല്‍ സാനിറ്ററി നിര്‍മാര്‍ജ്ജന പ്ലാന്റ് വര്‍ക്കല നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ അടുത്ത മാസം കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കമ്മ്യൂണിറ്റി ലെവല്‍ സാനിറ്ററി ഡിസ്ട്രോയിംഗ് യൂണിറ്റ് എന്നതിനേക്കാളുപരി നൂതനമായ ടെക്നോളജികള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള സാനിറ്ററി വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് എന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. 4 കിലോവാട്ട് വൈദ്യുതി പ്രതിദിനം ഇവിടെ ഉത്പാദിപ്പിക്കാനാകും. ജല്‍ശക്തി മന്ത്രാലയത്തിന്റെ അംഗീകാരം ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ജല്‍ശക്തി മിഷനില്‍ ഈ പ്രോജക്ട് അവതരിപ്പിക്കാനും മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രോജക്ട് വ്യാപിപ്പിക്കാനുള്ള അവസരവും ഇതു വഴി ലഭിച്ചു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍ എന്നിവയുടെ അംഗീകാരവും ഈ പ്രോജക്ട് മേഖലയില്‍ ഫ്ളോറെറ്റ് ടെക്നോളജീസിന് ലഭിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളോറെറ്റിന് കായംകുളം, എറണാകുളം, ചെന്നൈ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. സ്വന്തമായൊരു ഉത്പാദന കേന്ദ്രവും ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 25 ഓളം ജീവനക്കാരാണ് ഫ്ളോറെറ്റ് ടെക്നോളജീസിനൊപ്പമുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11 കോടി രൂപയുടെ വിറ്റുവരും കമ്പനി നേടി.

കേരളത്തിലെ എല്ലാ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ദിനംപ്രതി സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കാനും ട്രാന്‍സ്പോര്‍ട്ട് ചെയ്ത് നിര്‍മാര്‍ജ്ജനം ചെയ്യാനും അതില്‍ നിന്നു വരുന്ന ചാരം അംഗീകൃത ഏജന്‍സിയായ കെയിലിന് (KEIL) കൈമാറുന്നതിനുമുള്ള ധാരണാപത്രം ധാരാളം മുന്‍സിപ്പാലിറ്റികളുമായി ചെയ്തു വരുന്നു. ഈ പ്രോജക്ട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സനില്‍ പറയുന്നു.

(Originally published in Dhanam Magazine 1 May 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com