ചെണ്ടുമല്ലി പാടങ്ങള്‍ ഉണരുന്നു, കണ്ണ് ഓണ വിപണിയില്‍

ഓണമെത്താറായതോടെ ചെണ്ടുമല്ലി കര്‍ഷകരും ഉണര്‍ന്നു. ലക്ഷ്യം ഓണ വിപണി തന്നെ. ഗ്രാമപ്രദേശങ്ങളില്‍ പൂകൃഷിക്കുള്ള തയ്യാറെടുപ്പുകളാണിപ്പോള്‍. പലയിടത്തും ചെടികള്‍ നടീല്‍ കഴിഞ്ഞു. രണ്ടു മാസത്തിനകം പൂപ്പാടങ്ങള്‍ ദൃശ്യമാകും. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് മിക്കയിടത്തും ഈ സീസണല്‍ കൃഷി നടക്കുന്നത്. വിത്തുകളും ചെടികളും കൃഷി വകുപ്പും കാര്‍ഷിക സംഘങ്ങളും കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. പ്രധാന കൃഷി പല നിറങ്ങളിലുള്ള ചെണ്ടു മല്ലി തന്നെ.
കണ്ണുതുറപ്പിച്ചത് പൂവിന്റെ തീവില
ഒരു കാലത്ത് അത്തം മുതല്‍ തിരുവോണം വരെ വീട്ടുമുറ്റത്ത് പൂക്കളമിടാന്‍ നാട്ടില്‍ തന്നെ പൂക്കള്‍ സുലഭമായിരുന്നു. പിന്നീട് ഓണക്കാലത്ത് പൂവിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. പൂക്കള്‍ അതിര്‍ത്തി കടന്നെത്തിയതോടെ തീവിലയായി.
തമിഴ്‌നാട്ടില്‍
ചെണ്ടുമല്ലിയുടെ വില കിലോക്ക് നാല്‍പ്പത് രൂപയെങ്കില്‍ ഓണക്കാലത്ത് കേരളത്തില്‍ അതിന് മുന്നൂറ് രൂപ വരെയാകും. ഇതോടെയാണ് നാലഞ്ച് വര്‍ഷം മുമ്പ് തൊട്ട് കേരളത്തില്‍ ഓണത്തിന് മുമ്പായി പൂകൃഷി തുടങ്ങിയത്. അതോടെ ഓണക്കാലത്ത് പൂവിന് വിലയും കുറഞ്ഞു.
പ്രായോഗികമല്ലാത്ത കൃഷി
കൗതുകത്തിനും ഓണക്കാലത്തെ ഉപയോഗത്തിനുമായി പൂക്കള്‍ കൃഷി ചെയ്യാമെന്നല്ലാതെ കേരളത്തില്‍ ചെണ്ടുമല്ലി, സൂര്യകാന്തി കൃഷി പ്രായോഗികമോ സാമ്പത്തികമായി മെച്ചമുള്ളതോ അല്ലെന്നാണ് കര്‍ഷകരുടെ അനുഭവം. കേരളത്തിന്റെ കാലാവസ്ഥ ഈ കൃഷിക്ക് അത്ര അനുയോജ്യമല്ലെന്നതാണ് പ്രധാന കാരണം. ഉയര്‍ന്ന ചൂടോ കൂടിയ തണുപ്പോ ഇതിന് പറ്റില്ല. ഇളം വെയിലും കാറ്റുമുള്ള കാലാവസ്ഥയാണ് വേണ്ടത്. ഓണക്കാലത്തേക്ക് കൂടുതല്‍ പൂ കിട്ടണമെങ്കില്‍ ഏപ്രില്‍ മാസത്തില്‍ കൃഷി തുടങ്ങണം. ഈ സമയത്ത് കൊടും ചൂടായതിനാല്‍ ചെടികള്‍ക്ക് ഗുണകരമല്ല. തുടര്‍ന്നെത്തുന്ന മഴയും ചെടികളെ നശിപ്പിക്കും. പൂകൃഷി വര്‍ധിച്ചതോടെ വിലയും കുറഞ്ഞു തുടങ്ങി. അതോടെ സാമ്പത്തിക നേട്ടവും കുറഞ്ഞു. കേരളത്തില്‍ ചെയ്യുന്നത് പോലെ കുറഞ്ഞ സ്ഥലത്തുള്ള കൃഷി ഒട്ടും ലാഭകരവുമല്ല.
ഡിമാന്റ് ഓണത്തിന് മാത്രം
ചെണ്ടുമല്ലി ഉള്‍പ്പടെയുള്ള പല പൂക്കള്‍ക്കും കേരളത്തില്‍ ഓണക്കാലത്ത് രണ്ടാഴ്ച മാത്രമാണ് കൂടുതല്‍ ഡിമാന്റ്. അത് കഴിഞ്ഞാല്‍ വെറുതെ കിട്ടിയാലും ആരും വാങ്ങില്ല. തമിഴ്‌നാട്ടില്‍ ആകട്ടെ ചെണ്ടുമല്ലി പൂക്കള്‍ അമ്പലത്തില്‍ പൂജ ആവശ്യങ്ങള്‍ക്കും വീടുകളില്‍ വിവാഹ സമയങ്ങളില്‍ ഉപയോഗിക്കും. കേരളത്തിലെ അമ്പലങ്ങളില്‍ ചെണ്ടുമല്ലി ഉപയോഗിക്കില്ല. തമിഴ്നാട്ടില്‍ ഈ പൂക്കളുടെ കൃഷി ഏത് കാലത്തും നടക്കും. കേരളത്തില്‍ ഓണക്കാലത്ത് മാത്രവും.
കൃഷി ചെയ്തുണ്ടാക്കുന്ന പൂവിന്റെ മാര്‍ക്കറ്റിംഗും കര്‍ഷകര്‍ക്ക് കടമ്പയാണ്. തമിഴ്നാട്ടിലെ വ്യാപാരികളോട് ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ പൂക്കള്‍ ഇവിടെ എത്തിക്കും. നാട്ടിലെ പാടങ്ങളില്‍ നിന്ന് പൂപറിച്ച് കൊണ്ടു വരാനൊന്നും കച്ചവടക്കാര്‍ തയ്യാറാകില്ല. അതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പല പാടങ്ങളിലും ഓണക്കാലത്തും പൂക്കള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നില്ല. കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കുന്ന പൂവിന് വിപണിയൊരുക്കാന്‍ ശക്തമായ സംവിധാനങ്ങളുമില്ല.
Related Articles
Next Story
Videos
Share it