

മൂന്നു ദിവസമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫുഡ്‌ടെക് കേരള 2026 പ്രദര്‍ശനത്തിന്റെ 17-ാമത് പതിപ്പ് സമാപിച്ചു. ഭക്ഷ്യോല്‍പന്ന ചേരുവകളും സാങ്കേതികവിദ്യകളും പാക്കിംഗ് തുടങ്ങിയ സേവനങ്ങളും പരിചയപ്പെടുത്തിയ പ്രദര്‍ശനം കാണാന്‍ 5,000ലേറെ പേര്‍ എത്തി.
കരിക്കിന്‍വെള്ളം പൊടി രൂപത്തിലാക്കി സ്വിസ് ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ച കോഴിക്കോട് പെരുമണ്ണ ആര്യ ഫുഡ്‌സിന്റെ സ്റ്റാളായിരുന്നു മേളയുടെ ആകര്‍ഷണങ്ങളിലൊന്ന്. പായ്ക്കറ്റ് തുറന്ന് പാചകം ചെയ്യാനാകുംവിധം സാമ്പാര്‍, അവിയല്‍, കാളന്‍, അച്ചാറുകള്‍, നോണ്‍ വെജ് കറി മസാലകള്‍ എന്നിവയുടെ ശീതീകരിച്ചതും പുലാവ്, വെജ് ബിരിയാണി, ഉപ്പുമാവ് തുടങ്ങിയവയുടെ നിര്‍ജലീകരിച്ചതുമായ ഉല്‍പ്പന്നങ്ങളാണ് ഷെര്‍ണ്ണൂര്‍ കുളപ്പുള്ളി ഒറാഡ അവതരിപ്പിച്ചത്.
വ്യത്യസ്ത തരത്തില്‍ സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങള്‍, തേന്‍, മില്ലെറ്റ്, പഴവര്‍ഗങ്ങള്‍ ചേരുവയായ പോഷകാഹാരങ്ങളും പാലുല്‍പന്നങ്ങളും പാനീയങ്ങളും പ്രദര്‍ശനെത്തിയിരുന്നു. ഫുഡ് ഇന്‍ഡസ്ട്രിയിലെ പുതിയ സംരംഭകര്‍ക്ക് വിവിധ തരം പായ്ക്കിംഗ് ഉല്‍പന്നങ്ങള്‍, പാക്കിംഗ് യന്ത്രസാമഗ്രികള്‍, ഡ്രയറുകള്‍, ശീതീകരണ സംവിധാനങ്ങള്‍ എന്നിവ പരിചയപ്പെടാനും അവസരമുണ്ടായി.
മേളയുടെ ഭാഗമായി ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐഐപി) സംരംഭകര്‍ക്കായി ഭക്ഷ്യപാക്കേജിംഗ് പരിശീലനം സംഘടിപ്പിച്ചു. പിഎംഎഫ്എംഇയുടെ 100 പവലിയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 185 സംരംഭകരുടെ 200 ല്‍പരം പവലിയനുകളാണ് മേളയിലുണ്ടായിരുന്നതെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് സിഇഒ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്), എംഎഫ്പിഒഐ, നബാര്‍ഡ്, നോര്‍ക്ക-റൂട്ട്‌സ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.