റൂഫിംഗ് രംഗത്ത് സംരംഭകരാകാം, മൂന്ന് കോടി രൂപ വരെ വാര്‍ഷിക വിറ്റ് വരവ് നേടാം

സംരംഭക രംഗത്തേക്ക് കടക്കുന്നവരെ സംബന്ധിച്ച് എപ്പോഴും വെല്ലുവിളിയാകുന്നത് വിജയസാധ്യതയുള്ള മികച്ച ആശയങ്ങള്‍ കണ്ടെത്തുകയാണ്. എത്ര സൂക്ഷ്മതയോടെ പഠനം നടത്തിയാലും അത് വിജയിക്കുമെന്ന് ഉറപ്പാക്കി മുന്നോട്ടു പോകുക അസാധ്യമാണ്. എന്നാല്‍ വിജയിച്ച ബിസിനസുകളുടെ ഭാഗമാകാനായാലോ? അതാണ് ഫ്രാഞ്ചൈസ് ബിസിനസ് നല്‍കുന്ന അവസരം. അത്തരത്തിലൊരു അവസരമാണ് കേരളത്തിലെ പ്രമുഖ റൂഫിംഗ് ടൈല്‍ നിര്‍മാതാക്കളായ കെ.പി.ജി റൂഫിംഗ്സ് നല്‍കുന്നത്.

കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ബിസിനസ് രംഗത്ത് സജീവമായ കെ.പി.ജി ഗ്രൂപ്പ് 12 വര്‍ഷം മുന്‍പാണ് റൂഫിംഗ് ബിസിനസിലേക്ക് കടക്കുന്നത്. കേരളത്തിലും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലുമായി ഗ്രൂപ്പിന് 40ലധികം ഫ്രാഞ്ചൈസികളുണ്ട്. നിലവില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെല്ലാം തന്നെ സാന്നിധ്യമറിയിച്ചിട്ടുള്ള കമ്പനി ഇപ്പോള്‍ തെക്കന്‍ മേഖലകളിലും ഫ്രാഞ്ചൈസിംഗ് പങ്കാളികളെ തേടുകയാണ്.
എന്താണ് ഉത്പന്നം?
റൂഫിംഗ് ടൈലുകള്‍ അഥവാ മേച്ചില്‍ ഓടുകളാണ് പ്രധാന ഉത്പന്നം. വൈറ്റ് ക്ലേ ടൈലുകള്‍, റെഡ് ക്ലേ ടൈലുകള്‍, റൂഫിംഗ് ഷിംഗിള്‍സ് എന്നിങ്ങനെ വിവിധ തരത്തിലുള്ള റൂഫിംഗ് ടൈലുകള്‍ കമ്പനി വിപണിയിലെത്തിക്കുന്നു. വൈറ്റ് ക്ലേ അഥവാ ചീടി മണ്ണ് കൊണ്ടു നിര്‍മിക്കുന്ന റൂഫിംഗ് ടൈലാണ് ഇതില്‍ പ്രധാനം. ചൈനയിലെ ഫാക്ടറിയില്‍ ആണ് ഇവയുടെ ഉത്പാദനം. ഏഴ് വെറൈറ്റികളില്‍ വ്യത്യസ്ത വില നിലവാരത്തില്‍ ഇവ ലഭ്യമാണ്. പായലോ പൂപ്പലോ പിടിക്കില്ലെന്നതാണ് പ്രധാന ഗുണം. വെള്ളം ഒട്ടും തന്നെ പിടിക്കാത്ത മിനുമിനുത്ത പ്രതലമാണ് ഇവയുടേത്. അതിനാല്‍ മഴവെള്ളത്തിലൂടെ തന്നെ 90 ശതമാനവും വൃത്തിയാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൈലി കംപ്രസ്ഡ് ഹൈലി ബേക്ക്ഡ് ടൈലുകളായതിനാല്‍ കൂടുതല്‍ ഈട് നില്‍ക്കും. പത്ത് വര്‍ഷം വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.
മൂലധനവും നേട്ടവും
ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപയാണ് കമ്പനിയുടെ ഫ്രാഞ്ചൈസ് ബിസിനസ് തുടങ്ങാന്‍ വേണ്ടി വരുന്ന മുതല്‍ മുടക്ക്. ഇതില്‍ മൂന്ന് ലക്ഷം രൂപ ഫ്രാഞ്ചൈസ് ഫീസാണ്. ബാക്കി കെട്ടിടം ഒരുക്കാനും സ്റ്റോക്ക് എടുക്കാനുമായുപയോഗിക്കണം. 1,000 സ്‌ക്വയര്‍ഫീറ്റ് വരുന്ന കെട്ടിടമാണ് ഇതിനാവശ്യമായി വരിക. ഇതില്‍ 150-200 സ്‌ക്വയര്‍ഫീറ്റ് ഓഫീസ് സ്പേസും ബാക്കി സ്റ്റോക്ക് സൂക്ഷിക്കാനുമുള്ള സ്ഥലവുമാണ്.
സ്റ്റോക്കിന്റെ അളവ് കണക്കിലെടുക്കുന്നില്ലെങ്കില്‍ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ തന്നെ മുടക്കു മുതല്‍ തിരിച്ചു ലഭിക്കുമെന്ന് കമ്പനി പറയുന്നു. പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന വിറ്റുവരവ് 1.5 മുതല്‍ 3 കോടി രൂപ വരെയാണ്. ഇതിന്റെ 20 ശതമാനമെങ്കിലും ലാഭമായി നേടാനാകും. രണ്ടു പേരാണ് ജീവനക്കാരായി വേണ്ടി വരിക. ഉടമസ്ഥന്‍ തന്നെ മാര്‍ക്കറ്റിംഗും മറ്റും നോക്കുമെങ്കില്‍ ജീവനക്കാരനായി ഒരാള്‍ കൂടി മതിയാകും.
പൊതുവായ ചെലവുകള്‍
ബ്രാന്‍ഡിംഗ്, പൊതുവായ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍, ഷോറൂമിന്റെ മുന്നിലുള്ള നെയിംബോര്‍ഡ് എന്നിവ കെ.പി.ജി ഒരുക്കും. കൂടാതെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എസ്.ഒ.പിയും (സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍) കമ്പനി നല്‍കും. ആര്‍ക്കിടെക്റ്റുമാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവ വഴി വരുന്ന ലീഡും കമ്പനി ഫ്രാഞ്ചൈസ് ഉടമകള്‍ക്ക് നല്‍കും. സെയില്‍സ് സപ്പോര്‍ട്ട്, ട്രെയിനിംഗ് എന്നിവയും കമ്പനി നേരിട്ട് നടത്തും.
സ്റ്റോക്ക് ലിക്വിഡിറ്റി
ബി2ബി എന്നൊരു ഓപ്ഷനാണ് കെ.പി.ജി
ഫ്രാ
ഞ്ചസ് ബിസിനസിലെ മുഖ്യ ആകര്‍ഷണം. അതായത് ഏതെങ്കിലും സ്റ്റോക്ക് അത്യാവശ്യമായി വേണ്ടി വരികയാണെങ്കില്‍ തൊട്ടടുത്ത ഷോറൂമുമായി ബന്ധപ്പെട്ട് അത് ലഭ്യമാക്കാന്‍ സാധിക്കും. അതുവഴി കൂടുതലുള്ള സ്റ്റോക്ക് വേഗത്തില്‍ ലിക്വിഡേറ്റ് ചെയ്യാനാകും. വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും തുല്യ മാര്‍ജിന്‍ കിട്ടത്തക്ക വിധത്തിലാണ് ഇത് നടത്തുന്നത്. ഒരു ഫ്രാഞ്ചൈസിയിലും സ്റ്റോക്ക് കെട്ടിക്കിടക്കാതിരിക്കാനും നഷ്ട സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഏതെങ്കിലും കാരണവശാല്‍ ഫ്രാഞ്ചൈസ് മുന്നോട്ടുകൊണ്ടുപോകാനാകാതെ വന്നാലും എളുപ്പത്തില്‍ സ്റ്റോക്ക് വിറ്റുമാറാനും ഇതുവഴി സാധിക്കും. അതിവേഗം ട്രെന്‍ഡ് മാറുന്നില്ലെന്നും ഈ ബിസിനസിന്റെ നഷ്ടസാധ്യത കുറയ്ക്കും.
ഒറ്റ വില
കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഒരു ഉത്പന്നത്തിന് ഒരു വിലയാണ് ഈടാക്കുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. വില പേശലും മറ്റും ഒരുപരിധി വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും. മൂന്ന് തരത്തിലുള്ള ഫ്രാഞ്ചൈസുകളാണ് നല്‍കുന്നത്. എ ക്ലാസ് ഫ്രാഞ്ചൈസുകളാണെങ്കില്‍ 60,000 പീസ് സ്റ്റോക്ക് (6 കണ്ടെയ്നര്‍) ചെയ്യാന്‍ ശേഷിയുണ്ടാകണം. ബി ക്ലാസാണെങ്കില്‍ 30,000 പീസ്, സി ക്ലാസ് 10,000 പീസ് എന്നിങ്ങനെയാണ്. ഫ്രാഞ്ചൈസുകളുടെ വലിപ്പത്തിനനുസരിച്ചാണ് ഫ്രാഞ്ചൈസ് നല്‍കാനുള്ള ദൂര പരിധി നിശ്ചയിക്കുന്നത്. എ ക്ലാസ് ഫ്രാഞ്ചൈസികളുടെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ വീണ്ടും ഫ്രാഞ്ചൈസ് അനുവദിക്കാറില്ല.
മൂന്ന് പതിറ്റാണ്ടിന്റെ ബ്രാന്‍ഡ് മൂല്യം
കെ.പി.ജി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യമാണ് ഏറ്റവും വലിയ ആകര്‍ഷണമെന്ന് കെ.പി.ജി റൂഫിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി റജീല്‍ പറയുന്നു. 1993ല്‍ കെ.പി. പൂക്കോയ തങ്ങള്‍ സ്ഥാപിച്ച കെ.പി.ജി ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് കെ.പി.ജി റൂഫിംഗ്‌സ്. ഇംപോര്‍ട്ടഡ് റൂഫ് ടൈല്‍ മേഖലയില്‍ 20 ശതമാനം വിപണി പങ്കാളിത്തമുണ്ട്. മാതൃകമ്പനിയായ കെ.പി.ജി ഗ്രൂപ്പ് മുപ്പത് വര്‍ഷത്തിന് മുമ്പ് കല്ല് വെട്ട്‌ മെഷീന്റെ ഫ്രാഞ്ചൈസ് നല്‍കി കൊണ്ടാണ് ഈ രംഗത്ത് സജീവമായത്. അന്ന് ഫ്രാഞ്ചൈസ് എടുത്തവര്‍ ഇപ്പോള്‍ റൂഫിംഗ് ടൈല്‍ ഫ്രാഞ്ചൈസും എടുത്തിട്ടുണ്ടെന്നത് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യമൊന്നുകൊണ്ടു മാത്രമാണെന്ന് റജീല്‍ പറയുന്നു. കര്‍ണാടകയില്‍ കെ.പി.ജി റൂഫിംഗ്‌സിന് നാല് ഫ്രാഞ്ചൈസുകളുണ്ട്. തമിഴ്നാട്ടില്‍ മൂന്നു ഫ്രാഞ്ചൈസുകളും ഹൈദരാബാദില്‍ ഒരു ഫ്രാഞ്ചൈസും പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്കും കടക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തി വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 95628 88666, വെബ്‌സൈറ്റ്: www.kpgroofings.in/franchise/
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it