ലേമാന്‍ ബ്രദേഴ്സ് തകര്‍ച്ചയില്‍ തുണച്ചത്‌ ആ 'ഡീറ്റോക്സ്' ശീലം, 2009-ല്‍ ആരും വാങ്ങാതിരുന്ന ഓഹരികള്‍ വാരിക്കൂട്ടി; കോടികളുടെ ആസ്തിയിലേക്ക് വളര്‍ന്ന സിദ്ധാര്‍ത്ഥിന്റെ വിജയകഥ

ധനം സമ്മിറ്റില്‍ മനസ് തുറന്ന് ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ആ വമ്പന്‍ നിക്ഷേപകന്‍
Siddharth Balachandran, executive chairman and chief executive officer of Buimerc Corporation Ltd at Dhanam business summit and award nite
Published on

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റില്‍ (D&B) കണ്‍സള്‍ട്ടന്റായി ജോലി നോക്കുമ്പോള്‍ കൈയില്‍ കിട്ടിയ ആയിരക്കണക്കിന് കമ്പനികളുടെ ബാലന്‍സ് ഷീറ്റുകളാണ് തന്നെ ഒരു നിക്ഷേപകനാക്കി മാറ്റിയതെന്ന് ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപകനും ദുബൈ ആസ്ഥാനമായ ബ്യൂമെറിക് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2026-ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും വര്‍മ്മ & വര്‍മ്മ സീനിയര്‍ പാര്‍ട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ് നയിച്ച ഫയര്‍സൈഡ് ചാറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി ആന്‍ഡ് ബിയില്‍ നിന്ന് പിന്നെ ദുബായിലെ കെട്ടിടനിര്‍മാണ സാമഗ്രികളുടെ ട്രേഡിംഗ് ബിസിനസിലേക്കാണ് കടന്നത്‌. 2002 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ദുബായിലുണ്ടായ റിയല്‍ എസ്റ്റേറ്റ്, കമ്മോഡിറ്റി മുന്നേറ്റം സിദ്ധാര്‍ത്ഥിന്റെ ബിസിനസിനെ വന്‍ വിജയത്തിലെത്തിച്ചു.

ബിസിനസ് മികച്ച രീതിയില്‍ നടക്കുമ്പോഴും എല്ലാ വര്‍ഷവും രണ്ട് മാസം വിപണിയില്‍ നിന്ന് മാറിനില്‍ക്കുന്ന (Detox) ഒരു ശീലം സിദ്ധാര്‍ത്ഥിനുണ്ടായിരുന്നു. ഈ സമയത്ത് പുതിയ നിക്ഷേപം നടത്താതെ വിപണിയിലുള്ള പണം പിരിച്ചെടുക്കുക മാത്രമാണ് ചെയ്തിരുന്നത്. അപ്രതീക്ഷിതമായി 2008-ലെ ലേമാന്‍ ബ്രദേഴ്സ് പ്രതിസന്ധിയും ആഗോള സാമ്പത്തിക തകര്‍ച്ചയും ഉണ്ടാകുന്നതിന് തൊട്ടുമുമ്പാണ് സിദ്ധാര്‍ത്ഥ് ഈ ഡീറ്റോക്സ് നടത്തിയത്. അതുകൊണ്ടുതന്നെ വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ വലിയ തോതില്‍ പണലഭ്യതയോടെ (Liquid Capital) സുരക്ഷിതമായിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതാണ് പിന്നീടുള്ള നിക്ഷേപ ജീവിതത്തിന്റെ അടിസ്ഥാനം പാകിയതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

പര്‍സ്യൂട്ട് ഓഫ് പെര്‍മനന്‍സ്: ബിഎസ്ഇയിലേക്ക് നയിച്ച നിക്ഷേപ തന്ത്രം

ട്രേഡിംഗ് ബിസിനസ് ദീര്‍ഘകാലത്തേക്ക് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ സിദ്ധാര്‍ത്ഥ്, ഇന്‍ഡിവിജ്വല്‍ നിക്ഷേപങ്ങളെ സ്ഥാപനവത്കരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ട് വര്‍ഷത്തെ ആഴത്തിലുള്ള പഠനത്തിനൊടുവിലാണ് അദ്ദേഹം തന്റെ നിക്ഷേപ ഫിലോസഫിയായ 'പര്‍സ്യൂട്ട് ഓഫ് പെര്‍മനന്‍സ്' (Pursuit of Permanence) രൂപീകരിച്ചത്. ഓഹരി വിപണിയിലെ വോളറ്റിലിറ്റിയെ മറികടക്കാന്‍ കൂടുതല്‍ സുരക്ഷിതമായ മേഖല കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ഇന്ത്യ നന്നായി മുന്നേറുന്നു എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം സെന്‍സെക്സ് മുന്നേറുന്നു എന്നാണ്. ഇന്ത്യയുടെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന സ്ഥാപനമേതെന്ന അന്വേഷണമാണ് തന്നെ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയില്‍ (BSE) എത്തിച്ചതെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.

2008-2009 കാലഘട്ടത്തില്‍ സിദ്ധാര്‍ത്ഥ് നിക്ഷേപം തുടങ്ങുമ്പോള്‍ ബിഎസ്ഇ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. അണ്‍ലിസ്റ്റഡ് വിപണിയില്‍ 1875 മുതല്‍ തലമുറകളായി കൈവശം വെച്ചിരുന്ന പലരും ഈ ഓഹരികള്‍ വിറ്റൊഴിയാന്‍ നോക്കുന്ന സമയമായിരുന്നു അത്. അന്ന് വിപണിയില്‍ ബിഎസ്ഇയുടെ ആകെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ വെറും 4,000 കോടി രൂപ മാത്രമായിരുന്നു. അന്ന് ആരും വാങ്ങാനില്ലാതിരുന്ന ബിഎസ്ഇ ഓഹരികള്‍ 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സിദ്ധാര്‍ത്ഥ് വന്‍തോതില്‍ വാരിക്കൂട്ടി. പിന്നീട് കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വിപണി ഇടിഞ്ഞപ്പോഴും അദ്ദേഹം ഈ ഓഹരികള്‍ വീണ്ടും വാങ്ങി നിക്ഷേപം ഉയര്‍ത്തി.

ഇന്ത്യയിലെ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ ഭീമമായ വളര്‍ച്ച സിദ്ധാര്‍ത്ഥിന്റെ നിക്ഷേപ തന്ത്രം ശരിവെക്കുന്നതായിരുന്നു. 2010-ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകര്‍ 50-75 ലക്ഷം മാത്രമായിരുന്നു. 2020 കോവിഡ് സമയത്ത് ഇത് 4 കോടി ആയി വര്‍ധിച്ചു. ഇന്ന് (2026ഓടെ) രാജ്യത്തെ ഇന്‍വെസ്റ്റര്‍ ബേസ് 20 കോടി എന്ന റെക്കോര്‍ഡ് തിളക്കത്തിലാണ്.

ഒരു വികസിത വിപണിക്ക് 25% മുതല്‍ 30% വരെ മാര്‍ക്കറ്റ് പെനട്രേഷന്‍ ആവശ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ഇത് 9% മാത്രമാണ്. വരും വര്‍ഷങ്ങളില്‍ ഇത് 30 ശതമാനത്തിലേക്ക് ഉയരുമ്പോള്‍ ഭീമമായ മുന്നേറ്റമുണ്ടാകും. 2047-ഓടെ രാജ്യം 30 ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയിലേക്ക് എത്തുമ്പോള്‍ ഇന്‍വെസ്റ്റര്‍ ബേസ് 50 കോടിയായി ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചിയും ചിന്മയകാലവും

കൊച്ചി നഗരവും ചിന്മയ വിദ്യാലയത്തിലെ പഠനകാലവും തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ചതായി സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ഓര്‍ക്കുന്നു. അന്നത്തെ നാവികസേനയുടെ സാന്നിധ്യം കൊച്ചിക്ക് ഒരു കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം നല്‍കിയിരുന്നുവെന്നും ഇത് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ തിളങ്ങാന്‍ ആവശ്യമായ ആത്മവിശ്വാസം ഉപബോധമനസില്‍ വളര്‍ത്തിയെന്നും അദ്ദേഹം സ്മരിച്ചു. പ്രത്യേകിച്ച് അധ്യാപികയായ കാമാക്ഷി ബാലകൃഷ്ണന്‍ തന്റെ വായനാശീലത്തെയും വളര്‍ച്ചയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് കര്‍ണാടകയില്‍ നിന്ന് എഞ്ചിനീയറിംഗും, ആന്ധ്രപ്രദേശിലും ദില്ലിയിലുമായി രണ്ട് മാസ്റ്റേഴ്‌സ് ബിരുദങ്ങളും നേടിയത് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ അടുത്തറിയാന്‍ സഹായിച്ചതായി സിദ്ധാര്‍ത്ഥ് പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വെറുമൊരു 'കടമ' എന്ന് വിളിച്ച് കുറച്ചുകാണിക്കരുതെന്നും, അതിനെ സമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തരുടെയും 'അവകാശമായി' കണ്ട് സംതൃപ്തി കണ്ടെത്തണമെന്നാണ് സിദ്ധാര്‍ത്ഥിന്റെ അഭിപ്രായം. നേടുന്ന സമ്പത്തിന്റെ 50% സമൂഹത്തിലേക്ക് തിരികെ നല്‍കുമ്പോള്‍ മാത്രമേ ജീവിതചക്രം പൂര്‍ത്തിയാകൂ എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

നിലവില്‍ കേരള തീരത്തെ കണ്ടല്‍ക്കാടുകളുടെ പുനര്‍നിര്‍മ്മാണം , മഥുരയിലെ വൈല്‍ഡ് ലൈഫ് എസ്ഒഎസ് വഴി ആനകളുടെ സംരക്ഷണം എന്നിവയാണ് അദ്ദേഹത്തിന്റെ ഫൗണ്ടേഷന്‍ നടത്തുന്ന പ്രധാന പദ്ധതികള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com