

അഞ്ച് വര്‍ഷം മുമ്പ് ടെക്‌നോളജി ആര്‍ക്കിടെക്റ്റും സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജിസ്റ്റുമായ രാജേഷ് രാധാകൃഷ്ണന്‍ ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നൊരു കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിച്ചിരുന്ന ദുബായിലെ പ്രമുഖ കമ്പനിയുടെ സിഐഒ പദവിയിലിരുന്ന ജയകുമാര്‍ മോഹനചന്ദ്രന്‍ 2023ല്‍ ജോലി വിട്ട് രാജേഷിനൊപ്പം കമ്പനിയുടെ സാരഥ്യത്തിലേക്ക് തുല്യപങ്കാളിത്തത്തോടെ കടന്നുവന്നു. വെറും ഒരു വര്‍ഷം കൊണ്ട് എഫ്9 ഇന്‍ഫോടെക് എന്ന ആ കമ്പനി നേടിയത് അഞ്ച് മടങ്ങ് വളര്‍ച്ച!
പ്രവര്‍ത്തനത്തിന്റെ അഞ്ചാം വര്‍ഷമായ 2026 സാമ്പത്തിക വര്‍ഷാവസാനത്തില്‍ 100 കോടി രൂപ വിറ്റുവരവെന്ന നാഴികക്കല്ല് പിന്നിട്ട് എഫ്9 ഇന്‍ഫോടെക് യാത്ര തുടരുന്നു.
ഇതുവരെ പുറത്തുനിന്നുള്ള യാതൊരു നിക്ഷേപവും കമ്പനി സ്വീകരിച്ചിട്ടില്ല. ലോകത്തെ ഏഴ് വിപണികളില്‍ ശക്തമായ സാന്നിധ്യവുമുണ്ട്. 500ലേറെ ക്ലയ്ന്റ്‌സ്. 100 ഓളം ജീവനക്കാര്‍... കൊച്ചിയില്‍ നിന്ന് തുടക്കമിട്ട ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമിന്ന് ഗ്ലോബല്‍ കമ്പനിയെന്ന പദവിയില്‍ എത്തിനില്‍ക്കുമ്പോള്‍ ജയകുമാറും രാജേഷും പറയുന്നതൊന്നാണ്.
''ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. അടുത്ത ഘട്ട വളര്‍ച്ച 200 കോടി വിറ്റുവരവിലേക്കോ, 500 കോടി വിറ്റുവരവിലേക്കോ മാത്രമല്ല, മൂല്യവത്തായ കമ്പനി എന്ന പദവിയിലേക്കാണ്'' ആത്മവിശ്വാസത്തോടെ യാത്ര തുടരാനുള്ള ധൈര്യം ഇവര്‍ക്ക്ല ഭിക്കുന്നത് മറ്റെവിടെയും നിന്നല്ല, അവരെ ഇവിടെ വരെ എത്താന്‍ സഹായിച്ച ഘടകങ്ങളില്‍ നിന്നാണ്.
കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ക്കൊപ്പവും മക്‌കോര്‍മിക് പോലുള്ള ആഗോള വമ്പന്മാര്‍ക്കൊപ്പവും മിഡില്‍ ഈസ്റ്റിലെ പ്രമുഖ കമ്പനികളിലും സിഐഒ പദവിയിലിരുന്ന് അനുഭവസമ്പത്തുള്ള ജയകുമാറും വിപ്രോ, റെഡിങ്ടണ്‍, വിഎംവെയര്‍ പോലുള്ള പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള രാജേഷും തങ്ങളുടെ അനുഭവപരിചയം തന്നെയാണ് കമ്പനിയുടെ മൂലധനമാക്കിയത്.
കമ്പനികള്‍ എന്തിനാണ് ടെക്‌നോളജികള്‍ വാങ്ങുന്നത്? ടെക്‌നോളജി പ്രോജക്റ്റ്‌സ് വിജയകരമാകാന്‍ വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? മാറുന്ന കാലത്ത് കമ്പനികള്‍ക്ക് വേണ്ട ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്തൊക്കെയാണ്? തുടങ്ങി വിഭിന്നമായ തലങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ടായിരുന്നു. ക്ലൗഡ് അധിഷ്ഠിത സേവനങ്ങളില്‍ നിന്നായിരുന്നു എഫ്9 ഇന്‍ഫോടെക്കിന്റെ തുടക്കം. ആഗോളതലത്തിലെ കമ്പനികളെ ക്ലയ്ന്റ്‌സാക്കി മാറ്റാനും സാധിച്ചു. ''ക്ലൗഡ് കമ്പനിയുടെ ഹാര്‍ട്ട് ബീറ്റാണെങ്കില്‍ അതിനെ പുറത്തുനിന്ന് സംരക്ഷണം നല്‍കുന്ന വലയമാണ് സൈബര്‍ സെക്യൂരിറ്റി,'' ജയകുമാര്‍ മോഹനചന്ദ്രന്‍ പറയുന്നു. ക്ലൗഡ് സേവനം നല്‍കിയ കമ്പനികള്‍ക്ക് സൈബര്‍ സെക്യൂരിറ്റി സേവനം നല്‍കി എഫ്9 ഇന്‍ഫോടെക് സേവന വിപുലീകരണത്തിലേക്ക് കടന്നു. കമ്പനി പ്രവര്‍ത്തനത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ എഐ ആയി ലോകത്തെ തരംഗം. ഒട്ടും വൈകിയില്ല, എഫ്9 ഇന്‍ഫോടെക് ആ രംഗത്തേക്കും കടന്നു. ആദ്യം ക്ലൗഡ് സേവന രംഗത്ത് കാലുറപ്പിച്ചു. പിന്നീട് സൈബര്‍ സെക്യൂരിറ്റി. ഇപ്പോള്‍ എഐ. എഫ്9 ഇന്‍ഫോടെക് വിപണിയുടെ ആവശ്യത്തിനനുസരിച്ച് അങ്ങേയറ്റം വഴക്കത്തോടെ സ്ട്രാറ്റജികള്‍ സ്വീകരിച്ച് മുന്നേറുകയായിരുന്നു. ''അഞ്ച് വര്‍ഷം മുമ്പ് എഐ ഞങ്ങളുടെ ബിസിനസ് പ്ലാനിന്റെ ഭാഗമല്ലായിരുന്നു. പക്ഷേ ഇന്നത് ഇല്ലാതെ പറ്റില്ല. ഞങ്ങളുടെ സേവനങ്ങള്‍ തേടുന്ന കമ്പനികളുടെ ടെക്‌നോളജി അടിസ്ഥാന സൗകര്യ വികസനത്തിനനുസരിച്ച് അതേ വേഗത്തില്‍ പുതിയ മേഖലകളിലേക്ക് കടന്നാണ് മുന്നോട്ട് പോകുന്നത്,''എന്റര്‍പ്രൈസുകള്‍ മുതല്‍ എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വ്യത്യസ്ത റേഞ്ചിലുള്ള കമ്പനികള്‍ക്കായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്റഗ്രേഷന്‍ എങ്ങനെ എഫ്9 ഇന്‍ഫോടെക് സാധ്യമാക്കി?
പ്രധാന ഘടകം ജയകുമാറിന്റെയും രാജേഷിന്റെയും കരിയര്‍ പശ്ചാത്തലം തന്നെ. ഇരുവരും ഓരോ കമ്പനികളുടെയും ആവശ്യങ്ങള്‍ അതിവേഗം കണ്ടെത്തി, മികവുറ്റ സേവനങ്ങള്‍ ഡിസൈന്‍ ചെയ്തു. ഇവര്‍ മനസില്‍ കാണുന്നത് അതേപടി ഡെലിവര്‍ ചെയ്യാന്‍ കെല്‍പുള്ളവരാണ് ടീം എഫ്9. സ്വന്തം കമ്പനിയെന്ന പോലെ ഒരേ മനസോടെ നിന്ന് പ്രവര്‍ത്തിക്കാനുള്ള കമ്പനി കള്‍ച്ചറും ജയകുമാറും രാജേഷും സജ്ജമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ എഫ്9 ഇന്‍ഫോടെക്കിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് & റീജ്യണല്‍ ഹെഡ് ക്വാര്‍ട്ടേഴ്സാണ് പ്രവര്‍ത്തിക്കുന്നത്.
കമ്പനികള്‍ക്ക് സമ്പൂര്‍ണ സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാന്‍ കൊച്ചിയിലും ദുബായിലും 24/7 ഇമചിമ്മാത്ത സെക്യൂരിറ്റി ഓപറേഷന്‍ സെന്ററും എഫ്9 ഇന്‍ഫോടെക്കിനുണ്ട്. സൈബര്‍ ആക്രമണം സംബന്ധിച്ച ഏതൊരു സൂചനയും അതിവേഗം കണ്ടെത്തി, അതിനെ തടയാനുള്ള മുന്‍കരുതലുകളെടുക്കാന്‍ എഫ്9 ഇന്‍ഫോടെക്കിന് ഇതുകൊണ്ട് സാധിക്കുന്നു.
എഫ്9 ഇന്‍ഫോടെക് ടെക്‌നോളജിയില്‍ മാത്രമല്ല, ബിസിനസ് സാധ്യത കാണുന്നത്; വരാനിരിക്കുന്ന മാറ്റങ്ങളില്‍ കൂടിയാണ്. അതുകൊണ്ട് തന്നെ എഫ്9 ഇന്‍ഫോടെക് വെറും ടെക്‌നോളജി സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനിയല്ല.
ഓരോ ബിസിനസും മാറുന്ന ലോക സാഹചര്യങ്ങളില്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള പങ്കാളികളാവുകയാണ്. ''ഞങ്ങളുടെ ലക്ഷ്യം തന്നെ ഗ്ലോബല്‍ ടെക്‌നോളജി സിസ്റ്റം ഇന്റഗ്രേറ്റര്‍ ആവുകയെന്നതാണ്,'' ജയകുമാറും രാജേഷും പറയുന്നു.
എഫ്9 ഇന്‍ഫോടെക് സ്ഥാപകര്‍ ഇതുവരെ പുറത്തുനിന്ന് ഫണ്ട് സ്വീകരിച്ചിട്ടില്ല. ബിസിനസില്‍ നിന്നുള്ള ലാഭം മുഴുവന്‍ കമ്പനിയില്‍ തന്നെ പുനര്‍നിക്ഷേപിച്ചു. ഗ്ലോബല്‍ കമ്പനിയാകാന്‍ വേണ്ട കേപബിലിറ്റി ആര്‍ജിച്ചു. മികവുറ്റ ടീമിനെ സൃഷ്ടിച്ചു. അവര്‍ കൂടെ ദീര്‍ഘകാലം നില്‍ക്കാനുള്ള കള്‍ച്ചറും കമ്പനിയിലുണ്ടാക്കി. മികവുറ്റ ഫിനാന്‍സ് ടീമിനെ പ്രാരംഭഘട്ടത്തില്‍ നിയമിച്ചുകൊണ്ടുതന്നെ കമ്പനി അതിന്റെ സാമ്പത്തിക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവെച്ചിരുന്നു.
സേവനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനും ഗ്ലോബല്‍ മാനദണ്ഡം ഉറപ്പാക്കാന്‍ ആ വിഭാഗവും കൈകാര്യം ചെയ്യുന്നത് മികവുറ്റ പ്രൊഫഷണലുകളാണ്. കൃത്യമായൊരു കോര്‍പറേറ്റ് ഘടന എഫ്9 ഇന്‍ഫോടെക്കിനുള്ളതാണ് വളര്‍ച്ചയുടെ പിന്നിലെ മറ്റൊരു ഘടകം. കേരളത്തില്‍ നിന്ന് ലോകത്തെ ഏഴ് വിപണികളിലേക്ക് എഫ്9 ഇന്‍ഫോടെക് കടന്നതും ഈ പ്രൊഫഷണല്‍ മികവിലൂടെ തന്നെയാണ്.കെനിയയിലും ഇന്തോനേഷ്യയിലുമൊക്കെ എഫ്9 ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്നു. ''ഞങ്ങള്‍ ലോക വിപണിയുടെ സാധ്യതകളും കമ്പനിയുടെ ആവശ്യങ്ങളും കണ്ടറിഞ്ഞാണ് മുന്നോട്ടുപോകുന്നത്. ആവശ്യത്തിന് വളര്‍ച്ചയായി. സാമ്പത്തിക അടിത്തറയായി എന്നൊക്കെയുള്ള ചിന്തയില്ല. അത്തരമൊരു കൊക്കൂണിന്റെ ഉള്ളില്‍ ഒതുങ്ങാനും ആഗ്രഹമില്ല. റിസ്‌ക് എടുത്താല്‍ മാത്രമെ വളരൂ.
അതിന് ഞങ്ങള്‍ തയാറാണ്. കാരണം എഫ്9ന് വെറും അഞ്ച് വയസേ ആയിട്ടുള്ളൂ,'' ജയകുമാറും രാജേഷും പറയുന്നു.
മള്‍ട്ടിപ്പിള്‍ ഗ്രോത്ത് എന്‍ജിനുകളും ലോകത്തെ വിഭിന്ന വിപണികളിലെ സാന്നിധ്യവും ഒക്കെയായി എഫ്9 ഇന്‍ഫോടെക് മുന്നേറുമ്പോള്‍ അഭിമാനത്തോടെ സ്ഥാപകര്‍ പറയുന്നുണ്ട്. ''100 കോടി വിറ്റുവരവെന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു നാഴികക്കല്ല് മാത്രമല്ല, മറിച്ച് ഞങ്ങളുടെ ബിസിനസ് മോഡല്‍ വിജയകരമാണെന്നതിന്റെ തെളിവാണ്. ഞങ്ങളുടെ അടുത്തഘട്ടം; എഫ്9നെ കേരളത്തില്‍ നിന്നുള്ള ആഗോളതലത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ടെക്നോളജി കമ്പനിയാക്കുക എന്നതാണ്.''
രണ്ട് ടെക്‌നോക്രാറ്റുകള്‍ 100 കോടിയിലേറെ വിറ്റുവരവുള്ള ബിസിനസ് എങ്ങനെ കെട്ടിപ്പടുത്തു?
വെഞ്ച്വര്‍ ക്യാപിറ്റലുകളില്‍ നിന്ന് ഫണ്ട് സമാഹരിച്ചിട്ടില്ല. വളര്‍ച്ചക്കായി ഏറ്റെടുക്കലുകളൊന്നും നടത്തിയിട്ടില്ല. വെറും അഞ്ച് വര്‍ഷം കൊണ്ട് ലോകത്തെ ഏഴ് വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള ടെക് ബിസിനസായി എഫ്9 വളര്‍ന്നതിന് പിന്നില്‍ ഘടകങ്ങള്‍ ഏറെയുണ്ട്.
ഒരേ ലക്ഷ്യം, ഒരേ മനസ്: പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ടെക്‌നോക്രാറ്റുകളാണ് എഫ്9 ഇന്‍ഫോടെക്കിന്റെ സാരഥികളായ ജയകുമാര്‍ മോഹനചന്ദ്രനും രാജേഷ് രാധാകൃഷ്ണനും. കമ്പനിയെ ആഗോളതലത്തിലേക്ക് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങിയത്. എഫ്9 ഇന്‍ഫോടെക്കിന്റെ വിജയരഹസ്യം തന്നെ തങ്ങള്‍ ഇരുവരുടെയും സ്വപ്‌നത്തിന്റെ ഐക്യമാണെന്ന് തുറന്നു പറയുന്നുണ്ട് ജയകുമാറും രാജേഷും.
Think Big, Grow Big: ഗ്ലോബല്‍ സിസ്റ്റം ഇന്റഗ്രേറ്ററാകുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു എഫ്9ന്റെ തുടക്കം. കമ്പനി സാരഥികള്‍ ആഗോള കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് അനുഭവസമ്പത്ത് നേടിയവരായതുകൊണ്ട് ആഗോള കമ്പനിയാകാന്‍ എന്തൊക്കെ ഘടകങ്ങള്‍ വേണമോ, അതെല്ലാം പ്രാരംഭഘട്ടത്തില്‍ തന്നെ കമ്പനിയില്‍ ഒരുക്കി.
നെടുംതൂണായി ടീം: സ്ഥാപകരായ ജയകുമാറിനുംരാജേഷിനും തൊട്ട് താഴെയായി കമ്പനികളുടെ ഉടമകള്‍ എന്ന മനോഭാവത്തോടെ തന്നെ പ്രവര്‍ത്തിക്കുന്ന ടീമിനെ ഇതിനകം വാര്‍ത്തെടുത്തിട്ടുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെനട്ടെല്ല് ഫിനാന്‍സാണ്. രാജ്യാന്തര കമ്പനികളില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള സിഎഫ്ഒയെ ആദ്യം തന്നെ എഫ്9ല്‍ നിയമിച്ചു. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍, ഡയറക്റ്റര്‍- ക്ലൗഡ് ബിസിനസ് തുടങ്ങിയവരെല്ലാം തന്നെ ഗ്ലോബല്‍ കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ്. ''മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഏത് നിലവാരത്തിലാണോ സര്‍വീസ് ഡെലിവറി ചെയ്യുന്നത് അതേ മാനദണ്ഡമാണ് തുടക്കം മുതല്‍ എഫ്9 പുലര്‍ത്തിയത്,'' എഫ്9 ടീം പറയുന്നു. 100 ഓളം ടെക്‌നോളജി വിദഗ്ധര്‍ ഇന്ന് എഫ്9നൊപ്പമുണ്ട്.
-കൊച്ചിയും ദുബായിയും തന്ത്രപരമായ ലൊക്കേഷനുകള്‍: 'എന്തിന് കേരളത്തില്‍?' സംരംഭം തുടങ്ങാന്‍ കൊച്ചി തിരഞ്ഞെടുത്തപ്പോള്‍ ജയകുമാറും രാജേഷും ഏറെ കേട്ട ചോദ്യമിതാണ്. ''ഇത് നമ്മുടെ നാടാണ്. നമ്മുടെ നാട്ടില്‍ സാധ്യമായത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. നമ്മുടെ നാട്ടിലെ ബിസിനസുകളുടെ ടെക്‌നോളജി ട്രാന്‍സ്ഫര്‍മേഷനെ പിന്തുണക്കുക. അത് ഞങ്ങളുടെ മിഷനാണ്. കൊച്ചിക്കൊപ്പം തന്നെ ദുബായിലും ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഞങ്ങള്‍ തുറന്നു. കേരളത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് വളരുന്ന ഒരു ടെക്‌നോളജി സിസ്റ്റം ഇന്റഗ്രേറ്ററാകുക എന്ന വ്യക്തമായ ലക്ഷ്യമുള്ളതുകൊണ്ടായിരുന്നു ഇത്. ഇന്ന് അമേരിക്ക, യുകെ, കാനഡ, കെനിയ, ഇന്തോനേഷ്യ,സൗദി അറേബ്യ എന്നിവിടങ്ങളില്‍ എഫ്9ന് നിറസാന്നിധ്യമുണ്ട്,'' രാജേഷ് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കൊച്ചിക്ക് പുറമെ കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുണ്ട്.
ലക്ഷ്യം മൂല്യവത്തായൊരു കമ്പനി: വെറും അഞ്ച് വര്‍ഷം കൊണ്ട് 100 കോടി വിറ്റുവരവ് നേടി. വരും വര്‍ഷങ്ങളില്‍ പലമടങ്ങ് വളര്‍ച്ച നേടി, വിറ്റുവരവ് 200 കോടിയും 500 കോടിയുമൊക്കെ ആക്കാനുള്ള സ്ട്രാറ്റജികളും എഫ്9നുണ്ട്. ഇതിനേക്കാളുപരി വലിയൊരു ലക്ഷ്യവും എഫ്9 ടീം പങ്കുവെക്കുന്നുണ്ട്- മൂല്യവത്തായൊരു ഗ്ലോബല്‍ കമ്പനിയാകുക. ഡിജിറ്റല്‍ സേവനങ്ങളും സൈബര്‍ സെക്യൂരിറ്റിയും എഐയും എല്ലാവര്‍ക്കും ആവശ്യമായൊരു ലോകത്ത് എഫ്9 അതിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി 2025 ഒക്ടോബറില്‍ കൊച്ചിയില്‍ കേരള സൈബര്‍ സുരക്ഷ സമിറ്റിന്റെ ആദ്യ എഡിഷന്‍ നടന്നു. ഇതോടൊപ്പം കേരളത്തിലെ 500 ഓളം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ക്ലൗഡ്, സൈബര്‍ സെക്യൂരിറ്റി (24x7 SOC) സേവനങ്ങള്‍ തികച്ചും സൗജന്യമായി എഫ്9 ലഭ്യമാക്കി.
കേരള സൈബര്‍ സുരക്ഷ സമിറ്റിന്റെ രണ്ടാം എഡിഷന്‍ സെപ്റ്റംബര്‍ അഞ്ചിന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയപ്പോള്‍ സമൂഹത്തിന്റെ സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള വിശാലമായൊരു പദ്ധതിയാണ് എഫ്9 അവതരിപ്പിച്ചത്. ബിസിനസിനപ്പുറം കേരളത്തിന്റെ സൈബര്‍ സുരക്ഷക്ക് വേണ്ടിയുള്ള ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് ഈ സമിറ്റിന്റെ മുഖ്യലക്ഷ്യം.
''നമ്മുടെ സമൂഹത്തിലെ എല്ലാ തരക്കാരും ഇപ്പോള്‍ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് വിധേയരാകുന്നുണ്ട്. ആരും എപ്പോള്‍ വേണമെങ്കിലും തട്ടിപ്പില്‍ വീഴാം. സൈബര്‍ സുരക്ഷ ഏവര്‍ക്കും വേണ്ട ഒന്നാണ്. അതുകൊണ്ട് കേരളത്തിലെ സ്‌കൂള്‍, കോളെജുകള്‍ എന്നിവ കേന്ദ്രീകരിച്ച് സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുകയാണ്. സൈബര്‍ സെക്യൂരിറ്റി അംബാസഡര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,'' ടീം എഫ്9 ഇന്‍ഫോടെക് പറയുന്നു.
Bootstrapped Kerala tech startup F9 Infotech hits ₹100 crore turnover milestone in five years, expanding its cloud, cybersecurity, and AI presence across seven global markets.
ധനം മാഗസീന്‍ 2026 സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine