ഹിമാലയന്‍ മലനിരകളിലെ അധ്യാപകന്‍; നിശബ്ദമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന അഭിജിത് നീല്‍ എബ്രഹാം

അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് കരിയര്‍ രൂപപ്പെടുത്താന്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ മെന്ററിംഗ് ലഭിച്ചത്
Abhijith Neel Abraham
Published on

ശാരീരികമായ പരിമിതികളെ മനക്കരുത്തുകൊണ്ട് മറികടന്ന്, സാങ്കേതികവിദ്യയുടെ ലോകത്തും സാമൂഹിക സേവനരംഗത്തും സ്വന്തമായി മുദ്രപതിപ്പിച്ച ഒരു മലയാളി യുവാവുണ്ട് - അഭിജിത് നീല്‍ എബ്രഹാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സോഫ്റ്റ്വെയര്‍ വിദഗ്ദ്ധന്‍, 'വൈറ്റലോപ്‌സ്' (Vitalops) എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍, ആഗോള സഞ്ചാരി, അധ്യാപകന്‍, മികച്ചൊരു പബ്ലിക് സ്പീക്കര്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന വ്യക്തിത്വമാണ് അഭിജിത്തിന്റേത്.

കേള്‍വിപരിമിതിയെന്ന വെല്ലുവിളിയെ തന്റെ സ്വപ്നങ്ങള്‍ക്ക് തടസമാകാന്‍ അനുവദിക്കാതെ, സാങ്കേതികവിദ്യയിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.

എഐ ഏജന്റുകളെ (AI Agents) നിർമ്മിക്കുന്ന സ്ഥാപനമാണ് അഭിജിത്ത് രണ്ട് വര്‍ഷം മുമ്പ് തുടക്കം കുറിച്ച വൈറ്റലോപ്സ്'. വിവിധ കമ്പനികളിലെ മുഴുവൻ ഡിപ്പാർട്ട്‌മെന്റുകളും മാനുവലായി ചെയ്യുന്ന ജോലികൾ ഈ എഐ ഏജന്റുകളെ ഉപയോഗിച്ച് പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നു.

നിലവിൽ ഫിനാൻസ് (Finance), സപ്ലൈ ചെയിൻ (Supply Chain), റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (Robotic Process Automation - RPA) എന്നീ മേഖലകളിൽ ഉപഭോക്താക്കളുണ്ട് (Customers). അതിൽ ചിലർ യുഎസിലാണ് (US). അതുകൊണ്ട് തന്നെ അവരെ നേരിൽ കാണാനായി ഇടയ്ക്ക് അഭിജിത്തും ടീമും അങ്ങോട്ട് യാത്ര ചെയ്യാറുമുണ്ട്.

വിപ്ലവം സൃഷ്ടിച്ച 'ടിങ്കര്‍ഹബ്ബ് സിഇടി'

തന്റെ കോളേജ് പഠനകാലത്തുതന്നെ സാങ്കേതികവിദ്യയോടും കമ്മ്യൂണിറ്റി ബില്‍ഡിംഗിനോടും അഭിജിത്തിന് വലിയ താല്പര്യമുണ്ടായിരുന്നു. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാന്‍ഡ്രത്തില്‍ (CET) പഠിക്കുന്ന സമയത്ത് അദ്ദേഹം തുടക്കം കുറിച്ച 'ടിങ്കര്‍ഹബ്ബ് സിഇടി' ഇന്ന് കാമ്പസിലെ സാങ്കേതിക അന്തരീക്ഷത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. തിങ്കര്‍ഹബ്ബിന്റെ സിഇടി ചാപ്റ്ററാണിത്‌. അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് കരിയര്‍ രൂപപ്പെടുത്താന്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ മെന്ററിംഗ് ലഭിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ്പും ജോലിയും നേടിക്കൊടുക്കാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. ഓപ്പണ്‍ സോഴ്‌സ് മേഖലയില്‍ രണ്ടായിരത്തിലധികം അംഗങ്ങളുള്ള 'ദി ഫാസ്റ്റ് ട്രാക്ക്ഡ് പ്രോഗ്രാമര്‍' എന്ന കമ്മ്യൂണിറ്റിയിലും അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഹിമാലയന്‍ മലനിരകളിലെ അധ്യാപകന്‍

സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ അഭിജിത് സജീവ പങ്കാളിയാണ്.

ഹിമാലയത്തിലെ ലഡാക്കിലുള്ള 'ജെംസ് സ്‌കൂളില്‍ (GEMS School) എത്തി കുട്ടികള്‍ക്ക് ഗണിതവും ശാസ്ത്രവും സൗജന്യമായി പഠിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. ഗൂഗിള്‍ എഐ-യുടെ (Google AI) 'എക്‌സ്‌പ്ലോര്‍ എംഎല്‍' (Explore ML) പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും മെഷീന്‍ ലേണിംഗിനെക്കുറിച്ചും അദ്ദേഹം നിരവധി സൗജന്യ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ സമയത്ത് സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാന്‍ യുഎസിലെ 'ഗിഫ്റ്റ് കാര്‍ഡ് ബാങ്ക്' എന്ന എന്‍ജിഒയുമായി സഹകരിച്ചും അദ്ദേഹം പ്രവര്‍ത്തിച്ചു.

വെല്ലുവിളികളെ അതിജീവിച്ച യാത്ര

കേള്‍വിപരിമിതിയുള്ള വ്യക്തി എന്ന നിലയില്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് അഭിജിത് എപ്പോഴും തുറന്നുപറയാറുണ്ട്. ഈ പരിമിതികള്‍ കാരണം ഒരിക്കല്‍ അദ്ദേഹത്തിന് കോളേജ് പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. വിദ്യാഭ്യാസം, എല്ലാവര്‍ക്കും പ്രാപ്യമായ സാങ്കേതികവിദ്യ (accessibility) എന്നിവയ്ക്കായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തുന്നു.

ഇനി ഒരു കമ്പനി തുടങ്ങുകയാണെങ്കില്‍ ഹിയറിംഗ് എയ്ഡുകള്‍ (Hearing Aids) കുറഞ്ഞ ചിലവില്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു സാങ്കേതികവിദ്യ വികസിപ്പിക്കണമെന്നാണ്് ആഗ്രഹമെന്ന് അഭിജിത്ത് പറയുന്നു. നിലവില്‍ 1.2 ലക്ഷം രൂപയൊക്കെയാണ് ഹിയിംഗ് എയിഡുകള്‍ക്ക് ചിലവ് വരുന്നത്. ഒരുപാട് പേര്‍ത്ത് അത് വലിയ ബാധ്യതയാകുന്നുവെന്നതാണ് ഇങ്ങനെയൊരു ആഗ്ഹത്തിനു പിന്നില്‍.

പബ്ലിക് സ്പീക്കറും എഴുത്തുകാരനും സംരംഭകനുമൊക്കെയായ ഗോപീകൃഷ്ണന്‍ ശശികുമാറിനെയാണ് അഭിജിത് തന്റെ മെന്ററായി കാണുന്നത്. തിങ്കര്‍ഹബ് കമ്മ്യൂണിറ്റിയിലേക്ക് അഭിജിത്തിനെ കൊണ്ടുവന്നതും ഗോപീകൃഷ്ണനാണ്.

എഐയിലെ അതുല്യ സംഭാവനകള്‍

ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങളിലും സജീവമായ അഭിജിത്തിന്റെ നിരവധി റിസേര്‍ച്ച് ആര്‍ട്ടിക്കിളുകളും പ്രൊജക്ടുകളും ഗിറ്റ്ഹബ്ബില്‍ (Github) ലഭ്യമാണ്.

ലോകമെമ്പാടുമുള്ള സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ അവരുടെ കോഡിംഗ് പ്രോജക്റ്റുകള്‍ സൂക്ഷിച്ചുവെക്കാനും (Host ചെയ്യാനും), നിയന്ത്രിക്കാനും, പരസ്പരം പങ്കുവെച്ച് ഒന്നിച്ച് ജോലി ചെയ്യാനും ഉപയോഗിക്കുന്ന ഒരു പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഗിത്ഹബ്.

എഐ (AI) സാങ്കേതികവിദ്യയില്‍ അഭിജിത് സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വെയറുകള്‍ ഓപ്പണ്‍ സോഴ്‌സ് (Open Source) ആക്കുകയും, മറ്റുള്ളവരുടെ സോഫ്റ്റ്വെയര്‍ പ്രോജക്ടുകളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്; ഇത് ദശലക്ഷക്കണക്കിന് ആളുകളെയാണ് സ്വാധീനിച്ചത്. അഭിജിത് നിര്‍മ്മിച്ച സോഫ്റ്റ്വെയറുകളില്‍ ഭൂരിഭാഗവും തികച്ചും പുതുമയുള്ളവ (Novel) ആയിരുന്നതിനാല്‍, അവ നിരവധി ഗവേഷണ പ്രബന്ധങ്ങളില്‍ (Research Papers) ഇടംപിടിക്കുകയും, ഒട്ടനവധി സ്ഥാപനങ്ങളിലും ഗവേഷണ ലബോറട്ടറികളിലും അവ പരാമര്‍ശിക്കപ്പെടുകയും (Cited) പുനര്‍നിര്‍മ്മിക്കപ്പെടുകയും (Re-implemented) ചെയ്തിട്ടുണ്ട്.

ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഈ യുവസംരംഭകന്‍.

സഞ്ചാരിയുടെ മനസ്‌

ഒരു വശത്ത് ഗൗരവമേറിയ എഐ ഗവേഷണങ്ങളും സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളും നടത്തുമ്പോഴും, മറുവശത്ത് ലോകം ചുറ്റിക്കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരി കൂടിയാണ് അഭിജിത്. ഇതുവരെ 22 രാജ്യങ്ങളും നൂറിലധികം നഗരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചുകഴിഞ്ഞു.

അസിസ്റ്റീവ് ടെക്‌നോളജി രംഗത്തും എഐ വികസനത്തിലും പുതിയ സഹകരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അഭിജിത് എപ്പോഴും തയ്യാറാണ്. ഇമെയില്‍ വഴിയോ എക്‌സ് (ട്വിറ്റര്‍) വഴിയോ അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്. Abhijith Neil Abraham | LinkedIn, https://abhijithneilabraham.github.io, https://x.com/abhijithneil

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com