

കുടുംബ ബിസിനസുകളിലെ പുതുതലമുറ സാരഥികളുടെ കാഴ്ചപ്പാടുകളും ശൈലികളും തുറന്നുകാട്ടുന്നതായിരുന്നു ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവിനോട് അനുബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ച. ‘The Young Turks in Family Business: Balancing Tradition with Transformation’ എന്ന വിഷയത്തില്‍ ജാക്കൊബി ചോക്കളേറ്റിയര്‍ സ്ഥാപകന്‍ ജേക്കബ് ജോയ് നയിച്ച ചര്‍ച്ചയില്‍ സെന്റ്ഗിറ്റ്സ് കോളെജ് സിഡിഒയും അസോസിയേറ്റ് പ്രൊഫസറുമായ നവീന്‍ ജോണ്‍ പുന്നൂസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ റിതു എലിസബത്ത് ജോര്‍ജ്, അര്‍ജുന നാച്വറല്‍സ് സിഒഒ ആന്റണി കുഞ്ഞച്ചന്‍, നാട്ടിക ആയുര്‍വേദ റിട്രീറ്റ്സ് ഡയറക്റ്റര്‍ ജോസഫ് കോടത്ത് തുടങ്ങിവരാണ് പങ്കെടുത്തത്.
കുടുംബ ബിസിനസില്‍ നിയമാവലി അനിവാര്യം
ആദ്യ തലമുറ ചിലപ്പോള്‍ സഹോദരങ്ങളായിരിക്കും. സഹോദരങ്ങള്‍ക്കിടയില്‍ എഴുതപ്പെടാത്ത ചില ധാരണകളുണ്ടാകും, എന്നാല്‍ അടുത്ത തലമുറയിലേക്ക് വരുമ്പോള്‍ എല്ലാ കാര്യത്തിലും എഴുതപ്പെട്ട ഒരു നിയമാവലി ഉണ്ടാകുന്നതാണ് നല്ലതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ റിതു എലിസബത്ത് ജോര്‍ജ് പറഞ്ഞു.
തുടക്കത്തില്‍ ഞങ്ങളുടെ ബിസിസിലും അത്തരമൊരു മാനുവല്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഞങ്ങളുടെ യാത്ര മുന്നോട്ട് പോയപ്പോള്‍ എഴുതപ്പെടാത്ത പല കാര്യങ്ങളും ഞങ്ങള്‍ക്ക് വ്യക്തമായിത്തുടങ്ങി. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിനെക്കുറിച്ച് ധാരണ ലഭിച്ചു. ഞങ്ങള്‍ 'ഫാമിലി കോണ്‍സ്റ്റിറ്റിയൂഷന്‍' തയ്യാറാക്കി. അതിനായി ഒരുപാട് സമയവും പരിശ്രമവും ആവശ്യമായി വന്നു. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം ഭംഗിയായി തോന്നുമെങ്കിലും, നിലനില്‍ക്കുന്ന ഒന്ന് നിര്‍മ്മിച്ചെടുക്കാന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ ആവശ്യമാണെന്ന് റിതു കൂട്ടിച്ചേര്‍ത്തു.
ബിസിനസിന്റൈ ലക്ഷ്യം അറിയുക ആദ്യം
പുതുതലമുറ ബിസിനസിലേക്ക് കടന്നുവന്ന ഉടന്‍ ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുന്‍പ് പ്രക്രിയകള്‍ എങ്ങനെയാണെന്നും സംവിധാനം എങ്ങനെയാണെന്നും മനസിലാക്കുകയാണ് വളരെ പ്രധാനമൈന്ന് അര്‍ജുന നാച്വറല്‍സ് സിഒഒ ആന്റണി കുഞ്ഞച്ചന്‍ പറഞ്ഞു.
അടുത്ത തലമുറ ബിസിനസില്‍ ചേരുമ്പോള്‍ മുഴുവന്‍ സ്ഥാപനവും ഒരു സമ്മര്‍ദ്ദത്തിലാകും. നിങ്ങള്‍ എങ്ങനെയുള്ള ഒരാളായിരിക്കും എന്ന് അവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ പഴയ തലമുറ പറയുന്നത് കേള്‍ക്കുമോ അതോ എടുത്തുചാടി തീരുമാനങ്ങളെടുക്കുമോ എന്നൊക്കെ അവര്‍ ചിന്തിക്കും. അതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യുന്നതിന് മുന്‍പ്, മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും അടുത്ത തലമുറ സമയം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബ ബിസിനസില്‍ ഡൈനിംഗ് ടേബിളും കോണ്‍ഫറന്‍സ് ടേബിളും വ്യത്യസ്തം
ഏതു ബിസിനസിലാണെങ്കിലും അതിനു പിന്നിലെ വിഷനും മിഷനും ലക്ഷ്യങ്ങളും മനസിലാക്കുക എന്നത് വളരെ പ്രധാനമാണെന്ന് സെന്റ്ഗിറ്റ്സ് കോളെജ് സിഡിഒയും അസോസിയേറ്റ് പ്രൊഫസറുമായ നവീന്‍ ജോണ്‍ പുന്നൂസ് പറഞ്ഞു. സ്ഥാപനത്തിലെ രണ്ടാം തലമുറയില്‍പ്പെട്ടവര്‍ക്ക് ഈ വിഷനെക്കുറിച്ച് മാതാപിതാക്കളില്‍ നിന്ന് നേരത്തെ അറിയാനാകുമെങ്കിലും ബിസിനസില്‍ നേരിട്ട് ചേരുമ്പോള്‍ മാത്രമേ അവര്‍ എന്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ മനസിലാകൂ. ഡൈനിംഗ് ടേബിളിലിരുന്ന് സംസാരിക്കുന്ന കാര്യങ്ങളും കോണ്‍ഫറന്‍സ് ടേബിളിലിരുന്ന് സംസാരിക്കുന്ന കാര്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടാകും. അതുകൊണ്ട് ആദ്യം ആ കാഴ്ചപ്പാട് (vision) മനസിലാക്കണം. പിന്നെ ബിസിനസില്‍ മനുഷ്യര്‍ വളരെ പ്രധാനമാണ്. അവിടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും മനസിലാക്കുക എന്നത് ബിസിനസിന്റെ തുടര്‍ച്ചയായ വിജയത്തിന് അത്യാവശ്യമാണെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു.
നമുക്ക് മുന്‍പേ ഉണ്ടായിരുന്നവര്‍ നിര്‍മ്മിച്ചെടുത്ത അടിത്തറയാണെന്ന് ഓര്‍മ വേണം
നമുക്ക് മുന്‍പേ ഇവിടെ ഉണ്ടായിരുന്നവര്‍ നിര്‍മ്മിച്ചെടുത്ത അടിത്തറയിലാണ് നമ്മള്‍ നില്‍ക്കുന്നത് എന്ന് മനസിലാക്കുമ്പോഴാണ് കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് തീരുമാനിക്കാന്‍ സാധിക്കുന്നതെന്ന് നാട്ടിക ആയുര്‍വേദ റിട്രീറ്റ്സ് ഡയറക്റ്റര്‍ ജോസഫ് കോടത്ത് പറഞ്ഞു. ചില നേട്ടങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ ചില വിട്ടുവീഴ്ചകളും കഷ്ടപ്പാടുകളും ആവശ്യമാണ്. ബിസിനസിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ ബിസിനസ് കുടുംബങ്ങളുടെ യുവ തലമുറ എത്രത്തോളം ആഴത്തിലാണ് ബിസിനസിനെ കുറിച്ചും ഭാവി വളര്‍ച്ചയെ കുറിച്ചും ചിന്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന വേദി കൂടിയായി പാനല്‍ ചര്‍ച്ച.