

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഉണ്ടായ കുത്തനെയുള്ള വര്‍ധന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് (Quick Commerce) പ്ലാറ്റ്ഫോമുകളിലും ഊബര്‍ (Uber), ഓല (Ola), റാപ്പിഡോ (Rapido) തുടങ്ങിയ ആപ്പ് അധിഷ്ഠിത ടാക്സി സര്‍വീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് ഗിഗ് (Gig workers) തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്ധനവില വര്‍ധനവ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
കൊച്ചി നഗരത്തില്‍ ഒരു ദിവസം 2,000 രൂപ വരുമാനമുണ്ടാക്കണമെങ്കില്‍ കുറഞ്ഞത് 500 രൂപയ്ക്ക് പെട്രോള്‍ അടിക്കേണ്ടി വരുന്നുണ്ടെന്നാണ് സൊമാറ്റോ ഡെലിവറി നടത്തുന്ന അഖില്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് പുറമെ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രതിദിനം 150 രൂപയും ഭക്ഷണത്തിന് 200 രൂപയും മാറ്റിവെക്കണം. ഇന്ധനവും താമസവും ഭക്ഷണച്ചിലവും കഴിഞ്ഞ് 850 രൂപയോളം പ്രതിദിനം ചിലവാകുമ്പോള്‍ തൊഴിലാളികള്‍ക്ക് ബാക്കി ലഭിക്കുന്നത് കേവലം 1,150 രൂപ മാത്രമാണ്. പുതിയ വിലവര്‍ധനയോടെ ഇതും വീണ്ടും കുറയും.
ഇന്ധനവില കുത്തനെ ഉയരുമ്പോഴും കിലോമീറ്ററിന് ലഭിക്കുന്ന നിരക്കില്‍ (km rate) യാതൊരുവിധ മാറ്റവുമില്ലാത്തതാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്. മുന്‍പ് ഡീസലിന് 89-90 രൂപയും പെട്രോളിന് 100-106 രൂപയും ആയിരുന്ന സമയത്ത് കിലോമീറ്ററിന് ലഭിച്ചിരുന്ന അതേ നിരക്ക് തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. സിഎന്‍ജിക്കും 75-89 രൂപയായിരുന്ന കാലത്തും കിലോമീറ്റര്‍ വരുമാനത്തില്‍ വ്യത്യാസമുണ്ടായിരുന്നില്ല.
നിലവില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 120 രൂപയ്ക്കടുത്ത് ഉയര്‍ന്ന സാഹചര്യത്തിലും കിലോമീറ്റര്‍ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ അധികൃതരോ ബന്ധപ്പെട്ടവരോ തയ്യാറായിട്ടില്ല. കമ്പനികള്‍ കിലോമീറ്ററിന് 4 മുതല്‍ 5 രൂപ വരെ മാത്രമാണ് പ്രതിഫലമായി നല്‍കുന്നതെന്നും, ഇതില്‍ രണ്ടര മുതല്‍ മൂന്നര രൂപ വരെ ഇന്ധനത്തിനും വണ്ടിയുടെ മെയിന്റനന്‍സിനുമായി തന്നെ ചെലവഴിക്കേണ്ടി വരുന്നുവെന്നും കൊച്ചിയില്‍ യൂബര്‍ ഓടുന്ന ഷിനാസ് ജഫ്‌സല്‍ പറയുന്നു. ഇന്ധനവില ഉയര്‍ന്നതനുസരിച്ച് വരുമാനത്തില്‍ മാറ്റം വരാത്തതിനാല്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് യാതൊരു ലാഭവും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വലിയ രീതിയിലുള്ള നഷ്ടം സഹിച്ചാണ് പലരും ഈ മേഖലയില്‍ തുടരുന്നതെന്നും ഷിനാസ് കൂട്ടിച്ചേര്‍ക്കുന്നു.
ടിപ്പ് ലഭിക്കുന്ന ഓര്‍ഡറുകള്‍ മാത്രമാണ് ഇപ്പോള്‍ എടുക്കുന്നതെന്ന് കൊച്ചിയില്‍ റാപ്പിഡോ ബൈക്ക് ടാക്‌സി ഓട്ടിക്കുന്ന റസാഖ് വ്യക്തമാക്കുന്നു. ഒരു ട്രിപ്പെടുത്താല്‍ പിന്നെ അടുത്തത് ലഭിക്കുന്നത് വേറെ സ്ഥലത്തു നിന്നായിരിക്കും; അതുവരെയുള്ള ഓട്ടത്തിന് പെട്രോള്‍ ചെലവാകുന്നത് കമ്പനികള്‍ നല്‍കുന്നുമില്ല.
വരുമാനം കുത്തനെ ഇടിഞ്ഞതോടെ, കമ്പനികള്‍ നല്‍കുന്ന പ്രതിഫല തുക (പേഔട്ട്) വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ഗിഗ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചിരുന്നു.
ഇത്തരം ഡെലിവറി, ടാക്‌സി ജോലികളില്‍ മറ്റു മേഖലകളെപ്പോലെ കൃത്യമായി നിശ്ചയിക്കപ്പെട്ട അല്ലെങ്കില്‍ ഉറപ്പുള്ള ഒരു ശമ്പള വ്യവസ്ഥ നിലവിലില്ല. മാത്രമല്ല ഡെലിവറി പ്രക്രിയയിലെ വണ്ടി ഓടിക്കല്‍, വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍, ഏറ്റവും വലിയ ചെലവായ ഇന്ധനച്ചെലവ് എന്നിവയെല്ലാം ജീവനക്കാരന്‍ തന്നെയാണ് സ്വന്തം കൈയില്‍ നിന്നും വഹിക്കേണ്ടത്. പ്രമുഖ കമ്പനികള്‍ നല്‍കുന്ന തുച്ഛമായ തുകയുടെ വലിയൊരു പങ്കും വണ്ടിയുടെ ചെലവിലേക്ക് തന്നെ പോകുന്ന അവസ്ഥയാണിപ്പോള്‍.
വളരെ കുറഞ്ഞ ലാഭവിഹിതത്തിലും (Narrow Margin) കടുത്ത ചൂഷണത്തിലുമാണ് (High Exploitation) ഈ മേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്ന് കേരള സ്റ്റേറ്റ് ഗിഗ് & പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമിതി അംഗം അരുണ്‍ കൃഷ്ണ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. കുറഞ്ഞ ദൂരത്തിലുള്ള (3.5 കിലോമീറ്ററില്‍ താഴെ) ഒരു ഓര്‍ഡറിന് ഏകദേശം 20-22 രൂപ ലഭിക്കുമ്പോള്‍ അതില്‍ 12-13 രൂപയും ഇന്ധനച്ചെലവിലേക്ക് മാത്രമായി പോകുന്നു. പെട്രോള്‍ വിലയില്‍ ഉണ്ടാകുന്ന ചെറിയ വര്‍ധന പോലും ഡെലിവറി ജീവനക്കാരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുകയും അത് അവര്‍ക്ക് വലിയൊരു ഇരുട്ടടിയാവുകയും ചെയ്യുന്നു.
ഈ ജീവനക്കാരെയും ഡ്രൈവര്‍മാരെയും കമ്പനികള്‍ 'വര്‍ക്കര്‍മാര്‍' എന്നതിന് പകരം 'പാര്‍ട്ണര്‍മാര്‍' അല്ലെങ്കില്‍ 'ക്യാപ്റ്റന്‍മാര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. കമ്പനിയും ജീവനക്കാരും തമ്മിലുള്ള ബന്ധം ഒരു പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് പോലെ കാണിക്കുന്നതിനാല്‍, ഇവര്‍ക്ക് നിയമപരമായ മിനിമം കൂലിയോ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറുക മാത്രമാണ് ഡെലിവറി, ഗതാഗത തൊഴിലാളികള്‍ക്ക് മുന്നിലുള്ള ഏക പരിഹാരം.
Rising fuel prices and stagnant per-kilometer payouts are pushing gig workers and app-based taxi drivers in Kerala into severe financial distress.
Read DhanamOnline in English
Subscribe to Dhanam Magazine