കൊച്ചിയില്‍ വമ്പൻ മെഡിക്കല്‍ ഉപകരണ നിർമാണ കേന്ദ്രം വരുന്നു, ഒപ്പം നിരവധി തൊഴിൽ അവസരങ്ങളും
രോഗനിര്‍ണയ മേഖലയില്‍ മുന്‍നിരയിലുള്ള കേരള കമ്പനിയായ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് കാക്കനാട് കിന്‍ഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ അത്യാധുനിക മെഡിക്കല്‍ ഉപകരണ നിർമാണ യൂണിറ്റ് തുറക്കുന്നു. 2.1 ഏക്കറിലായി 70,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന പുതിയ നിര്‍മ്മാണ കേന്ദ്രം 2 ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാനാണ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടം ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകോത്തര നിലവാരത്തിലൊരുക്കുന്ന ഈ കേന്ദ്രത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ 150 വിദഗ്ധ എന്‍ജിനീയര്‍മാര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. രണ്ടാം ഘട്ടം 2027ഓടെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് അഗാപ്പെ കണക്കുകൂട്ടുന്നത്. ഇതോടെ തൊഴിലും ഇരട്ടിയാകും. എറണാകുളം ആസ്ഥാനമായി മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗാപ്പെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.വി.ഡി കമ്പനിയാണ്.
ജാപ്പനീസ് കമ്പനിയുമായി സഹകരണം
നൂതന രോഗനിര്‍ണയ ടെസ്റ്റിംഗ് സാങ്കേതികവിദ്യകള്‍ക്കായി അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ജാപ്പനീസ് കമ്പനിയായ ഫ്യുജിറെബിയോ ഹോള്‍ഡിംഗുസുമായി അടുത്തിടെ കൈകോര്‍ത്തു. വിവിധ രോഗനിര്‍ണയ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന റീഏജന്റുകളാണ് ഇവര്‍ സംയുക്തമായി നിര്‍മിക്കുക.
കോണ്‍ടാക്ട് ഡെവലപ്‌മെന്റ് ആന്‍ഡ് മാനുഫാകചറിംഗ് ഓര്‍ഗനൈസേഷന്‍ (സി.ജി.എം.ഒ) മാതൃകയിലാണ് സഹകരണം. കരാര്‍ പ്രകാരം സാങ്കേതികവിദ്യയും റീഏജന്റ് അസംസ്‌കൃത വസ്തുക്കളും ഫ്യുജിറെബിയോ ലഭ്യമാക്കും. റീഏജന്റ് വികസിപ്പിക്കുക, നിര്‍മിക്കുക എന്നിവയാണ് അഗാപ്പെയുടെ ചുമതല. വരുന്ന ജൂണോടെ അഗാപ്പെയില്‍ നിന്ന് ഉത്പന്നങ്ങള്‍ പുറത്തിറക്കും.
ഇതോടെ റീഏജന്റുകള്‍ പ്രാദേശികമായി നിര്‍മിക്കുന്ന, എല്ലാവിധ കെമിലൂമിനെസെന്‍സ് സേവനങ്ങളും നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകും അഗാപ്പെ. ഓങ്കോളജി, തൈറോയ്ഡ്, സാംക്രമിക രോഗങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഘട്ടംഘട്ടമായി ടെസ്റ്റിംഗ് ഉപകരണങ്ങള്‍ പുറത്തിറക്കുമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു. അഗാപ്പെ ബ്രാന്‍ഡിന് കീഴിലാകും ഇവ വിതരണം ചെയ്യുക.