സ്വര്‍ണ വില ഇനിയും കുറയുമോ? സ്വര്‍ണ വായ്പകളില്‍ എന്തു സംഭവിക്കും? എന്‍.ബി.എഫ്.സി രംഗത്തെ പ്രമുഖര്‍ പറയുന്നു

ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിനോടനുബന്ധിച്ച് 'റീ ഡിഫൈനിംഗ് ലെന്‍ഡിംഗ്: ഡൈവേഴ്‌സിഫൈയിംഗ് ആന്‍ഡ് ഇന്നവേറ്റീംഗ് ഫോര്‍ ദി ഫ്യൂച്ചര്‍' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച വേറിട്ട അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി
സ്വര്‍ണ വില ഇനിയും കുറയുമോ? സ്വര്‍ണ വായ്പകളില്‍ എന്തു സംഭവിക്കും? എന്‍.ബി.എഫ്.സി രംഗത്തെ പ്രമുഖര്‍ പറയുന്നു
Published on

സ്വര്‍ണ വില ഇനി കുറയുമോ? സ്വര്‍ണ വായ്പകളുടെ ഭാവിയെന്ത്? ഇതിനെല്ലാമുള്ള ഉത്തരമാണ് ഇന്ന് ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിനോടനുബന്ധിച്ച് നടന്ന 'റീ ഡിഫൈനിംഗ് ലെന്‍ഡിംഗ്: ഡൈവേഴ്‌സിഫൈയിംഗ് ആന്‍ഡ് ഇന്നവേറ്റീംഗ് ഫോര്‍ ദി ഫ്യൂച്ചര്‍' എന്ന വിഷയത്തെ അധികരിച്ച് നടന്ന പാനൽ ചർച്ച നൽകിയത്.

മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടറും സി.ഒ.ഒയുമായ കെ.ആര്‍.ബിജിമോന്‍, മുത്തൂറ്റ് മിനിഫിനാന്‍സിയേഴ്‌സ് സി.ഇ.ഒ പി.ഇ. മത്തായി, കെ.എല്‍.എം ആക്‌സീവ ഫിന്‍വെസ്റ്റ് സി.ഇ.ഒ മനോജ് രവി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച നയിച്ചത് സ്ട്രാറ്റജിസ്റ്റും ഫിനാന്‍ഷ്യല്‍ കൺസൾട്ടൻ്റുമായ ഡോ. അനില്‍ ആര്‍ മേനോന്‍ ആണ്.

ബാങ്കിംഗ് മേഖലയുടെ പരിണാമത്തില്‍ എന്‍.ബി.എഫ്.സികള്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും സ്വര്‍ണ വായ്പകളിലൂടെ ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിട്ടുണ്ടെന്നും കെ.ആര്‍.ബിജിമോന്‍ പറഞ്ഞു. സ്വര്‍ണ വായ്പകളിലൂടെ എം.എസ്.എം.ഇ മേഖലയ്ക്കും എന്‍.ബി.എഫ്.സികള്‍ കരുത്തു പകരുന്നുണ്ട്. ഇന്ന് ഇന്ത്യന്‍ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം ലോകത്തിലെ ചില കേന്ദ്ര ബാങ്കുകളുടെ മൊത്തം സ്വര്‍ണ ശേഖരത്തേക്കാള്‍ കൂടുതല്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഈ രംഗത്തിന്റെ വളര്‍ച്ചാ സാധ്യതയാണ് കാണിക്കുന്നതെന്നും ബിജിമോന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ വികസിത് ഭാരതിന് വലിയ സംഭാവന ചെയ്യാന്‍ എന്‍.ബി.എഫ്.സികള്‍ക്ക് സാധിക്കുമെന്ന് പി.ഇ മത്തായി ചൂണ്ടിക്കാട്ടി. 27,300 ടണ്‍ ഏതാണ്ട് 4 ലക്ഷം കോടി രൂപയുടെ സ്വര്‍ണമാണ് ഇന്ത്യന്‍ വീടുകളില്‍ ഉള്ളത്. രജിസ്‌ട്രേഷന്‍ നടത്തി ഇത് വിനിയോഗിക്കാനായാല്‍ വലിയ സാധ്യതകളാണുള്ളത്. കൂടുതല്‍ ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തി ഈ സ്വര്‍ണത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്‍.ബി.എഫ്.സി രംഗത്ത് വലിയ പരിവര്‍ത്തനം സാധ്യമായതായി മനോജ് രവി ചൂണ്ടിക്കാട്ടി. 2010-17 കാലഘട്ടത്തിലാണ് എന്‍.ബി.എഫ്.സികള്‍ വലിയ വളർച്ച കാഴ്ചവെച്ചത്. കോവിഡ് കാലഘട്ടത്തിനുശേഷം ടെക്‌നോളജി ഈ രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായി. വ്യക്തിഗതമായ വായ്പകളില്‍ നിന്ന് ടെക്‌നോളജി ഡ്രിവണ്‍ ആയി മാറാന്‍ ഇത് ഉപകരിച്ചതായും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ വിലയും വായ്പയും

ലോകത്ത് മൊത്തം 2.14 ലക്ഷം ടണ്‍ സ്വര്‍ണമാണ് ഖനനം ചെയ്‌തെടുത്തിട്ടുള്ളത്. ഇനി ശേഷിക്കുന്നത് 54,000 ടണ്‍ മാത്രമാണ്. ഓരോ വര്‍ഷവും 3,000 ടണ്‍ സ്വര്‍ണം ഖനനം ചെയ്യുന്നു. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഈ സ്വര്‍ണമെല്ലാം ഖനനം ചെയ്തു കഴിയും. അതാണ് കേന്ദ്ര ബാങ്കുകള്‍ പലതും അവരുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ വില ഇനി ഇടിയാനുള്ള സാധ്യതയില്ലെന്ന് പാനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ചെറിയ വില വ്യതിയാനം ഉണ്ടായേക്കാമെന്നല്ലാതെ വലിയ കുറവിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണ വായ്പകളില്‍ ഇത് വെല്ലുവിളിയാകില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com