എന്താണ് ഗാലനേജ് ഫീസ്? കേരളത്തില്‍ മദ്യവില കൂടാന്‍ ഇതെങ്ങനെ കാരണമാകും?

സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലിറ്ററിന് 10 രൂപ വരെ ഗാലനേജ് ഫീ ചുമത്തുമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധമനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് 200 കോടി രൂപ അധിക വരുമാനം നേടാന്‍ ലക്ഷ്യമിട്ടാണ് നീക്കം. ഇതോടെ സംസ്ഥാനത്ത് മദ്യ വില കൂടാന്‍ കളമൊരുങ്ങിയിരിക്കുകയാണ്.

വില കൂടുന്നതെങ്ങനെ?

വെയര്‍ഹൗസുകളില്‍ നിന്ന് ചില്ലറവില്‍പ്പനശാലകളിലേലേക്ക് നല്‍കുന്ന മദ്യത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസാണ് ഗാലനേജ്. നിലവില്‍ അഞ്ച് ശതമാനമാണ് ഗാലനേജ് ഫീസ്. ഇത് 30 രൂപ വരെയാക്കി ഉയര്‍ത്താന്‍ അബ്കാരി നിയമപ്രകാരം അനുമതിയുണ്ട്. എന്നാല്‍, 10 രൂപയേ തത്കാലം കൂട്ടുന്നുള്ളൂ എന്നാണ് ബജറ്റിലൂടെ ധനമന്ത്രി വ്യക്തമാക്കിയത്.

ഇതോടെ കേരളത്തില്‍ മദ്യത്തിന്റെ വില ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. കാരണം ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭത്തില്‍ നിന്നാണ് ലിറ്ററിന് അധികമായി 5 രൂപ വീതം സര്‍ക്കാരിന് നല്‍കേണ്ടി വരിക. ഒരു കെയ്‌സ് മദ്യത്തിന് 90 രൂപ സര്‍ക്കാരിന് നല്‍കേണ്ടി വരും. ഒരു കേസില്‍ 9 ലിറ്റര്‍ മദ്യമാണുണ്ടാവുക. ഇതുവഴി കോര്‍പ്പറേഷന് പ്രതിവര്‍ഷം 300 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഇതൊഴിവാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മദ്യ വില കൂട്ടേണ്ടി വരും. അല്ലെങ്കില്‍ ബെവ്‌കോയുടെ ലാഭത്തില്‍ നിന്ന് ഈ തുക ചെലവാക്കേണ്ടി വരും.

ലാഭപാതയിലുള്ള ബെവ്‌കോയ്ക്ക് തിരിച്ചടി

തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തിനു ശേഷം ലാഭത്തിലേക്ക് കരകയറി വരുന്ന സമയത്തെ ഈ ബാധ്യത ബെവ്‌കോയ്ക്ക് വലിയ പ്രതിസന്ധിയ്ക്കിടയാക്കും. ഇത് സംബന്ധിച്ച് എക്‌സൈസ് മന്ത്രിയെ കണ്ട് വിശദീകരിക്കാനൊരുങ്ങുകയാണ് ബെവ്‌കോ അധികൃതര്‍.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 124 കോടി രൂപയായിരുന്ന ബെവ്‌കോയുടെ ലാഭം. നടപ്പു വര്‍ഷം പ്രതീക്ഷിക്കുന്നത് 269 കോടി രൂപയും.

കേരളത്തിൽ ഉയർന്ന വില

നിലവില്‍ ഏറ്റവും കൂടുതല്‍ മദ്യവിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും വില വര്‍ധിപ്പിക്കുന്നത് വില്‍പ്പനയെ ബാധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

ബെവ്‌കോ മദ്യക്കമ്പനികളില്‍ നിന്നു വാങ്ങുന്ന വിലയ്ക്കുമേലുള്ള നികുതിയും എക്‌സൈസ് ഡ്യൂട്ടിയും ഗാലനേജ് ഫീസും, ലാഭം, പ്രവര്‍ത്ത ചെലവ് എന്നിവയും ചുമത്തിയശേഷമാണ് മദ്യം ഷോപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

ലിറ്ററിന് 53 രൂപ മുതല്‍ 237 രൂപ വരെയാണ് എക്‌സൈസ് നികുതി. ഇതുകൂടാതെ 14 ശതമാനം വെയര്‍ഹൗസ് മാര്‍ജിന്‍ 20 ശതമാനം ഷോപ്പ് മാര്‍ജിന്‍ എന്നിവയും ഈടാക്കും. ഒരു കേസിന് 11 രൂപ ലേബലിംഗ് ചാര്‍ജുണ്ട്. ഇതിനെല്ലാം പുറമെയാണ് 251 ശതമാനം വില്‍പ്പന നികുതി.

Related Articles
Next Story
Videos
Share it