ജെന്‍ എ.ഐ കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) അനന്ത സാധ്യതകളും നൂതന വ്യവസായങ്ങളില്‍ അതിന്റെ സ്വാധീനവും ചര്‍ച്ചയാകുന്ന ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.

കേരളത്തെ ജന്‍ ഹബ് ആക്കി ഉയര്‍ത്തുന്നതിൽ നാഴികക്കല്ലാകും എ.ഐ കോണ്‍ക്ലേവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും കൃഷിയിലും വ്യവസായങ്ങളിലുമടക്കം മികച്ച മാതൃകകളാണ് കേരളം സൃഷ്ടിക്കുന്നതെന്നും അധ്യാപകര്‍ക്ക് എ.ഐ പരിശീലനം നല്‍കുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതിക വിദ്യകൾക്കും പുതിയ സംരഭങ്ങൾക്കും കേരളം നൽകുന്ന പരിഗണനയുടെ ഉദാഹരണമാണ് ഈ പരിപാടി. ഐബിഎമ്മിനൊപ്പം ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ ജനറൽ എഐ കോൺക്ലേവിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.ഐ വഴി രാജ്യത്ത് വ്യവസായങ്ങളില്‍ ഉണ്ടാകുന്ന മുന്നേറ്റത്തിനൊരു നാഴികക്കല്ലായിരിക്കും കോണ്‍ക്ലേവെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ഐ.ബി.എം സോഫ്റ്റ്‌വെയര്‍ സീനിയർ വൈസ് പ്രസിഡൻ്റ് ദിനേഷ് നിർമൽ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി, ഐ.ടി സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

അറിവ് പകര്‍ന്ന് വിവിധ സെഷനുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നതില്‍ കേരളം മികവ് തെളിയിക്കുന്ന കാലത്താണ് രാജ്യത്തെ ജെന്‍ എ.ഐ കോണ്‍ക്ലേവ് നടക്കുന്നത്.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ ഐ.ബി.എമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന കോണ്‍ക്ലേവില്‍ ആയിരത്തോളം പേര്‍ക്കാണ് പ്രവേശനം.
പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് കോണ്‍ക്ലേവില്‍ ഒരുക്കിയിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ മനസിലാക്കാനുള്ള സെഷനുകളും ഒരുക്കിയിട്ടുണ്ട്.

ജെന്‍ എ.ഐ ഈസ് ദ ന്യൂ ടെക്‌നോളജി നോര്‍ത്ത് സ്റ്റാര്‍, ഡ്രൈവിംഗ് ഇന്നൊവേഷന്‍ വിത്ത് വാട്സണ്‍എക്സ്, ജെന്‍ എ.ഐ ഇന്‍ റൈസിംഗ് ഭാരത്, ഓപ്പണ്‍ സോഴ്‌സ് എ.ഐയുടെ ശക്തി പ്രയോജനപ്പെടുത്തി ബിസിനസ് നവീകരണം ത്വരിതപ്പെടുത്തല്‍, റോബോട്ടിക്‌സിലും ആപ്ലിക്കേഷനിലെയും എ.ഐ, നാസയിലെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് നയിക്കുന്ന 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്നിവയാണ് ആദ്യ ദിവസത്തെ സെഷനുകള്‍.

Related Articles
Next Story
Videos
Share it