600-ഓളം കമ്പനികളെ മറികടന്ന് സിം​ഗപ്പൂരിൽ നിന്നും കോടികളുടെ കരാ‌ർ; ജെൻ‍റോബോട്ടിക്സിനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സിംഗപ്പൂർ ദേശീയ ജല ഏജൻസിയിൽ നിന്നും വൻകരാർ നേടിയ ജെൻറോബോട്ടിക്സ് ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. മാനുവൽ സ്കാവഞ്ചിംഗ് അവസാനിപ്പിക്കാൻ റോബോട്ടിക്സ് പരിഹാരങ്ങൾ വികസിപ്പിച്ച കമ്പനിയുടെ വളർച്ച ശ്രദ്ധേയമാണ്.
Anand Mahindra on Genrobotics
ജെൻ‍റോബോട്ടിക്സിന്റെ ഉപകരണങ്ങൾ, ഇൻസൈറ്റിൽ ആനന്ദ് മഹീന്ദ്ര
Published on

രാജ്യാന്തര തലത്തിൽ കഠിനമായ മത്സരം അതിജീവിച്ച് സിം​ഗപ്പൂർ സർക്കാരിൽ നിന്നും വമ്പൻ കരാ‌ർ സ്വന്തമാക്കിയ, മുൻനിര ഡീപ്-ടെക് ​സ്റ്റാർട്ടപ്പ് കമ്പനിയായ ജെൻ‍റോബോട്ടിക്സിനെ അഭിനന്ദിച്ച് ശതകോടീശ്വര വ്യവസായിയും മഹീന്ദ്ര ​ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള നവീന ആശയങ്ങൾ അവതരിപ്പിക്കുന്ന ബിസിനസ് സംരംഭങ്ങൾക്ക്, ലാഭക്ഷമത നേടാനും ആ​ഗോള തലത്തിൽ വിജയം കൈവരിക്കാനും കഴിയുമെന്നതിന്റെ ഉത്തമ ഉ​ദ്ദാഹരണമാണ് ജെൻ‍റോബോട്ടിക്സിന്റേത് എന്നും തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി. ധനം മാ​ഗസിന്റെ 2023-ലെ മികച്ച ​സ്റ്റാർട്ടപ്പിനുള്ള പുരസ്കാരം നേടിയ കമ്പനിയാണിത്.

എന്താണ് കമ്പനിയുടെ ആ​ഗോള നേട്ടം?

സിം​ഗപ്പൂരിന്റെ ദേശീയ ജല ഏജൻസിയായ പി.യു.ബി (പബ്ലിക് യൂട്ടിലിറ്റി ബോർഡ്)യിൽ നിന്നും 80 കോടി രൂപയുടെ കരാർ അടുത്തിടെ ജെൻ‍റോബോട്ടിക്സ് സ്വന്തമാക്കിയിരുന്നു. ആ​ഗോള തലത്തിലുള്ള 600-ഓളം സ്ഥാപനങ്ങളോട് മത്സരിച്ചാണ് ജെൻ‍റോബോട്ടിക്സ് പി.യു.ബി.യുടെ കരാർ സ്വന്തമാക്കിയത്. അടുത്ത രണ്ട് വർഷത്തേക്ക് സിം​ഗപ്പൂരിലെ അഴുക്കുചാൽ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും പരിശോധിക്കുന്നതിനും ആവശ്യമായ 44 റോബോട്ടുകളെ വിന്യസിക്കുന്നതിനുള്ള കരാറാണ് പി.യു.ബിയിൽ നിന്നും ജെൻ‍റോബോട്ടിക്സ് സ്വന്തമാക്കിയിരിക്കുന്നത്.

18 മാസം നീണ്ടുനിന്ന വിശദമായ പരിശോധനകളും ആഴത്തിലുള്ള വിലയിരുത്തലുകൾക്കും ശേഷം ആ​ഗോള തലത്തിലുള്ള 600-ഓളം കമ്പനികളെ മറികടന്ന് കരാർ സ്വന്തമാക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ ജെൻ‍റോബോട്ടിക്സിന് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആനന്ദ് മഹീന്ദ്രയുടെ പ്രശംസ. അതേസമയം സിം​ഗപ്പൂരിലെ കരാറിന് പിന്നാല ഇന്ത്യയിലെ വൻകിട ന​ഗരങ്ങളിലൊന്നായ അഹമ്മദാബാദിൽ നിന്നും 17 കോടിയുടെ കരാറും ജെൻ‍റോബോട്ടിക്സിനെ തേടിയെത്തിയിട്ടുണ്ട്.

എന്തുകൊണ്ട് ജെൻ‍റോബോട്ടിക്സ് വേറിട്ടതാകുന്നു?

മനുഷ്യരെ ഉപയോ​ഗിച്ചുള്ള തോട്ടിവേല (Manual Scavenging) രാജ്യത്ത് നിന്നും ഇല്ലാതാക്കുന്നതിനുവേണ്ടി ബാൻഡിക്യൂട്ട് എന്ന റോബോട്ടുകളെ നിർമിക്കുന്ന ​സ്റ്റാർട്ടപ്പ് കമ്പനിയായാണ് ജെൻ‍റോബോട്ടിക്സ് ആദ്യമായി അവതരിച്ചത്. എന്നാൽ റോബോട്ടിക്സ് മേഖലയിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി കളം നിറയുന്ന മുൻനിര ഇന്ത്യൻ ഡീപ്-ടെക് കമ്പനിയായി ഇന്ന് വളർന്നുകഴിഞ്ഞു. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ജെൻ‍റോബോട്ടിക്സിന്റെ പ്രവർത്തനം.

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകൾ ഉപയോ​ഗപ്പെടുത്തി, അപകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ സാന്നിധ്യം ഒഴിവാക്കിയെടുക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം. ചലനശേഷി നഷ്ടപ്പട്ടവരെ നടക്കാൻ സഹായിക്കുന്ന റോബോട്ടിക്സ് സേവനമായ ജി-​ഗെയിറ്റർ അവതരിപ്പിച്ചു. ചുരുക്കത്തിൽ ബിസിനസ് അവസരത്തേക്കാളും സമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ജെൻ‍റോബോട്ടിക്സിനെ വേറിട്ടതാക്കുന്നതെന്നാണ് ആനന്ദ് മഹീന്ദ്ര സൂചിപ്പിക്കുന്നത്.

വളരെയധികം അപകടം നിറഞ്ഞ ഓയിൽ & ​ഗ്യാസ് സെക്ടറിൽ മനുഷ്യ സാന്നിധ്യം ഒഴിവാക്കാൻ സഹായിക്കുന്ന ജി-ബോട്ട്/ജെൻബോട്ട്/ഡ്രാകോ എന്നിങ്ങനെയുള്ള വിവിധ ഉത്പന്നങ്ങൾ ജെൻ‍റോബോട്ടിക്സിന്റെ പണിപ്പുരയിൽ തയ്യാറെടുക്കുകയാണ്. ഇതിൽ വിവിധോദ്ദേശ്യ, ബഹുതല ഉപയോ​ഗങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തെടുത്ത ട്രാക്ക്ഡ് സെമി-ഹ്യൂമനോയ്ഡ് റോബോട്ട് ആയ ജെൻബോട്ടിന്റെ പ്രവർത്തന സജ്ജമായ മാതൃക തയ്യാറായിട്ടുണ്ട്. അതുപോലെ ബഹിരാകാശത്തും പ്രതിരോധ മേഖലയിലേക്കും ആവശ്യമായ റോബോട്ടിക്സ് സേവനങ്ങൾ നൽകാനും കമ്പനി സജ്ജമാകുകയാണ്. 2020-ൽ ആനന്ദ് മഹീന്ദ്ര, ജെൻ‍റോബോട്ടിക്സ് കമ്പനിയിൽ മൂലധന നിക്ഷേപം നടത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com