ജിയോജിത്തിന്റെ ഒന്നാംപാദ ലാഭം 107 ശതമാനം വര്‍ധിച്ചു, ഓഹരികളില്‍ 11% കുതിപ്പ്

കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 45.81 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 22.08 കോടി രൂപയേക്കാള്‍ ലാഭം 107 ശതമാനം വര്‍ധിച്ചു.

ഇക്കാലയളവില്‍ കമ്പനിയുടെ സംയോജിത വരുമാനം 115.98 കോടി രൂപയില്‍ നിന്ന് 181.18 കോടി രൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 94 ശതമാനം വര്‍ധനയുണ്ട്. അതേസമയം തൊട്ടു മുന്‍ പാദവുമായി (ജനുവരി-മാര്‍ച്ച്) നോക്കുമ്പോള്‍ വരുമാനത്തില്‍ 13 ശതമാനം കുറവ് രേഖപ്പെടുത്തി. 208.56 കോടി രൂപയായിരുന്നു മാര്‍ച്ച് പാദത്തിലെ വരുമാനം.
ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 1.03 ലക്ഷം കോടി രൂപയായി. 14.12 ലക്ഷം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.
ശനിയാഴ്ചയാണ് കമ്പനി പാദഫല പ്രഖ്യാപനം നടത്തിയത്. മികച്ച പാദഫലങ്ങളുടെ കരുത്തില്‍ ഇന്ന് രാവിലെ ജിയോജിത് ഓഹരികള്‍ 11 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 117.90 രൂപയിലെത്തി.
₹200 കോടി മൂലധനസമാഹരണത്തിന്
മുന്‍ഗണനാ ഓഹരികളുടേയോ അവകാശ ഓഹരികളുടെയോ വില്‍പ്പന വഴി നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് 200 കോടി രൂപ സമാഹരിക്കാനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
കമ്പനിയുടെ മൂലധന അിത്തറ വിപുലീകരിക്കാനാണ് ധനസമാഹരണം നടത്തുന്നത്. ഓഹരി വില്‍പ്പനയ്ക്കുള്ള റെക്കോഡ് തീയതി പിന്നീട് തീരുമാനിക്കും.
ചെയര്‍മാന്‍ രാമനാഥ് ഭൂപതി വിരമിച്ച സാഹചര്യത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സി.ജെ ജോര്‍ജിനെ ഇന്നു മുതല്‍ (ജൂലൈ 15) പ്രാബല്യത്തില്‍ വരും വിധം നിയമിച്ചു.

Related Articles

Next Story

Videos

Share it