ജിയോജിത്തിന് 750 കോടി രൂപയുടെ വരുമാനം, ഓഹരിയുടമകള്‍ക്ക് 150% ലാഭവിഹിതത്തിനും ശിപാര്‍ശ

കൈകാര്യം ചെയ്യുന്ന ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു
C.J George , Managing Director, Geojit Financial Services
സി.ജെ ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍
Published on

നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്ത് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 750 കോടി രൂപയുടെ മൊത്തം വരുമാനം രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 624 കോടി രൂപയില്‍ നിന്ന് 20 ശതമാനം വര്‍ധനയാണ് മൊത്തം വരുമാനത്തില്‍ ഉണ്ടായത്.

നികുതിക്ക് മുന്‍പുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 198 കോടിയില്‍ നിന്നും 15 ശതമാനം വര്‍ധിച്ച് 228 കോടിരൂപയായി. ലാഭം 149 കോടി രൂപ ആയിരുന്നത് 15 ശതമാനം ഉയര്‍ന്ന് 172 കോടി രൂപയായി.

ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 1.50 രൂപ (150%) എന്ന നിരക്കില്‍ 2024-25 വര്‍ഷത്തെ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

നാലാം പാദ ലാഭവും വരുമാനവും

2024-25 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 177 കോടി രൂപയാണ്. മുന്‍ വര്‍ഷം 208 കോടി രൂപയായിരുന്നു. 15 ശതമാനമാണ് ഇടിവ്. നികുതിക്ക് മുന്‍പുള്ള ലാഭം 41 കോടി രൂപരേഖപ്പെടുത്തി. മൊത്ത ലാഭം 32 കോടി രൂപ. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ 51.91 കോടി രൂപയില്‍ നിന്ന് 38 ശതമാനം ഇടിവ് രേഖപ്പെടുത്തി.

15 ലക്ഷത്തിലധികം ഇടപാടുകാര്‍

യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലുമുള്ള സമ്പന്നരും അതിസമ്പന്നരുമായ വിഭാഗത്തില്‍പ്പെടുന്നരുടെ വര്‍ധിച്ചുവരുന്ന നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റാനായി ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ഒരു പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് ജിയോജിത് പ്രൈവറ്റ് വെല്‍ത്ത് ലിമിറ്റഡിന് ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും തത്വത്തില്‍ അംഗീകാരം ലഭിച്ചതായി കമ്പനി അറിയിച്ചു.

ജിയോജിത്തിന് നിലവില്‍ 15 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 2025മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 1,00,065 കോടി രൂപയാണ്.

ഓഹരി നേട്ടത്തില്‍

ജിയോജിത്ത് ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 87.47 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, ഈ വര്‍ഷം ഇതുവരെ ഓഹരിയുടെ നഷ്ടം 26.51 ശതമാനമാണ്. അഞ്ച് വര്‍ഷക്കാലയളവില്‍ 412.60 ശതമാനം നേട്ടം ഓഹരി നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com