കൃഷി പഠിക്കാന്‍ സൗജന്യമായി ഇസ്രായേലില്‍ പോകാം; നിങ്ങള്‍ ചെയ്യേണ്ടത് ഇതെല്ലാം

കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്ക് സൗജന്യമായി പറക്കാന്‍ അവസരം. ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസിലാക്കിഅത് കേരളത്തിലെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പാണ് പഠന യാത്രയൊരുക്കുന്നത്. കാര്‍ഷിക മേഖലയി അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നത് കര്‍ഷക സമൂഹം ആകാംക്ഷയോടെ നോക്കിക്കാണുന്ന വിഷയമാണ്, മാത്രമല്ല ഇത് കാലഘട്ടത്തിന്റെ കൂടി ആവശ്യകതയാണ്.

ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിന് മുന്‍നിരയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേല്‍. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സുവര്‍ണ്ണ അവസരമാണ് കൃഷിവകുപ്പ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.

ജനുവരി 12 വരെ അപേക്ഷിക്കാം

പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ജനുവരി 12 ആണ്. താല്‍പര്യമുള്ള കര്‍ഷകര്‍ ജനുവരി 12ന് മുന്‍പായി കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍ (www.aimnsew.kerala.gov.in ) മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നിലവിലെ എയിംസ് പോര്‍ട്ടലിലെ ലോഗിന്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ഈ പോര്‍ട്ടലിലും ലോഗിന്‍ ചെയ്യാം.

ആര്‍ക്കൊക്കെയാണ് അവസരം

പരമാവധി 20 കര്‍ഷകര്‍ക്കായിരിക്കും അവസരം ലഭിക്കുക. 10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കര്‍ഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. കൃഷിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം കുറഞ്ഞത് രണ്ടു ലക്ഷമെങ്കിലും ഉണ്ടായിരിക്കണം. (വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന സര്‍ടിഫിക്കറ്റ് ഇതിനായി അപ്ലോഡ് ചെയ്യണം). പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും മതിയായ ഗ്രാഹ്യമുണ്ടാവണം.

എന്തൊക്കെ രേഖകള്‍ വേണം

കൃഷിയില്‍ കൃഷിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം സൂചിപ്പിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന സര്‍ടിഫിക്കറ്റ്.

പാസ്പോര്‍ട്ടിന്റെ നമ്പറും കാലവധി സൂചിപ്പിക്കുന്ന പേജുകളെ പകര്‍പ്പും. (പാസ്പോര്‍ട്ടിന് 2023 ഫെബ്രുവരി ഒന്നു മുതല്‍ കുറഞ്ഞത് ആറു മാസമെങ്കിലും കാലവധി ഉണ്ടായിരിക്കണം)

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ടിഫിക്കറ്റ്

നിലവിലെ കൃഷിയുടെയും കൃഷിയില്‍ സ്വീകരിച്ചിരിക്കുന്ന നൂതന സാങ്കേതിക വിദ്യയുടേയും ചിത്രങ്ങള്‍.

ഭൂമി സംബന്ധമായ രേഖകള്‍ (നികുതി രസീത് മുതലായവ)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it