ഡോളര്‍ കരുത്ത് കുറഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 0.68 ശതമാനം വില വര്‍ധിച്ച് 4,007 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഗ്രാം വില 15 രൂപ ഉയര്‍ന്ന് 11,290 രൂപയും പവന്‍ വില 120 രൂപ വര്‍ധിച്ച് 90,320 രൂപയുമായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ലു പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില 10 രൂപ വര്‍ധിച്ച് 9,280 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,220 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,685 രൂപയുമാണ് വില. കഴിഞ്ഞ മാസം എക്കാലത്തെയും റെക്കോഡായ 97,360 രൂപതൊട്ട ശേഷമാണ് പവന്‍ വില താഴേക്ക് പോയത്. നവംബറില്‍ വീണ്ടും കുതിപ്പിന്റെ സൂചന നല്‍കിയിരിക്കുകയാണ് ഇന്നത്തെ മുന്നേറ്റം
വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 160 രൂപയിലെത്തി.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ ഇനി ഉടന്‍ കുറവു വരുത്തിയേക്കില്ലെന്ന സൂചന നല്‍കിയിതിനു പിന്നാലെ സ്വര്‍ണവും വെള്ളിയും ചെറിയ തിരുത്തലിന് വിധേയമായിരുന്നു. അതേസമയം, ഡോളര്‍ ദുര്‍ബലമായത് വില നേരിയതോതില്‍ ഉയര്‍ത്തി. ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് നടക്കുന്നത് വിലയില്‍ ചാഞ്ചാട്ടമുണ്ടാക്കുന്നുണ്ട്.
ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 97,750 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.
Gold and silver prices rise again in Kerala as the dollar weakens and global trends shift.
Read DhanamOnline in English
Subscribe to Dhanam Magazine