പശ്ചിമേഷ്യയിൽ യുദ്ധപ്പുക; കേരളത്തിൽ പൊന്നുവില താഴ്ന്നു! അന്താരാഷ്ട്ര വിപണിയിൽ സംഭവിക്കുന്നത് എന്ത്?

യു.എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പലിശനിരക്ക് ഉയർന്ന നിലയിൽ തുടരുമെന്ന ആശങ്ക ശക്തമാകുന്നു; സംസ്ഥാനത്ത് പവന് 200 രൂപ കുറഞ്ഞു.
A luxurious gold jewellery display featuring intricate necklaces, earrings, bangles, rings, and chains arranged on a counter and mannequin stand inside a jewellery shop.
Image created with chatgpt
Published on

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവിലേക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 1,05,080 രൂപയും പവന്‍ വില 13,135 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 10,790 രൂപയും 14 കാരറ്റിന് ഗ്രാമിന് 8,410 രൂപയും ഒമ്പത് കാരറ്റിന് 5,425 രൂപയുമാണ് ഇന്ന് വില. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു.

രാജ്യാന്തര വിപണിയിലും ഇടിവ്

യു.എസും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായതോടെ ആഗോളതലത്തില്‍ പണപ്പെരുപ്പം ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് രാജ്യന്തര സ്വര്‍ണ വില ഔണ്‍സിന് 4,035 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ന് രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലും (MCX) സ്വര്‍ണ, വെള്ളി വിലകള്‍ താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം നടത്തിയത്.

രാവിലെ ഒന്‍പതരയോടെ എം.സി.എക്‌സില്‍ ഓഗസ്റ്റ് മാസത്തെ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് വില 0.39 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,41,301 രൂപയിലെത്തി. സെപ്റ്റംബര്‍ മാസത്തെ വെള്ളി ഫ്യൂച്ചേഴ്‌സ് വില 0.44 ശതമാനം ഇടിവോടെ കിലോഗ്രാമിന് 2,19,650 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും അസംസ്‌കൃത എണ്ണവിലയില്‍ നേരിയ തോതില്‍ ലാഭമെടുപ്പ് (profit booking) ദൃശ്യമായിട്ടുണ്ട്. ഡോളര്‍ സൂചിക 100.5ന് അരികിലാണ് തുടരുന്നത്.

വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍; ഭീഷണിയുമായി ട്രംപ്

നിലവിലെ സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസിന്റെ സൈനിക ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആക്രമണങ്ങള്‍ക്ക് ശക്തമായി മറുപടി നല്‍കുന്നത് തുടരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു. അതിനിടെ ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെ യു.എസ് വീണ്ടും ആക്രമണം നടത്തി. ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഊര്‍ജ്ജ നിലയങ്ങളിലേക്കും പാലങ്ങളിലേക്കും സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

യു.എസിലെ പണപ്പെരുപ്പ നിരക്കുകളും പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സും (PPI) കുറഞ്ഞിട്ടുണ്ടെങ്കിലും, ഉയര്‍ന്ന ഊര്‍ജ്ജ വില പണപ്പെരുപ്പം വീണ്ടും കൂട്ടുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്.

ജൂണ്‍ മാസത്തിലെ പണപ്പെരുപ്പം (CPI) മേയിലെ 4.2 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് പ്രതിമാസ അടിസ്ഥാനത്തില്‍ യു.എസ് സി.പി.ഐയില്‍ 0.4 ശതമാനം ഇടിവുണ്ടാകുന്നത്. മേയില്‍ ഇതില്‍ 0.5 ശതമാനം വര്‍ധനയുണ്ടായിരുന്നു. ജൂണില്‍ പി.പി.ഐ പ്രതിമാസ അടിസ്ഥാനത്തില്‍ 0.3 ശതമാനം കുറഞ്ഞു. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. എന്നാല്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ മേയിലെ 6 ശതമാനം വര്‍ധനയ്ക്ക് ശേഷം ജൂണില്‍ പി.പി.ഐ 5.5 ശതമാനമായി.

കുറഞ്ഞ പണപ്പെരുപ്പ നിരക്കുകള്‍ കാരണം ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചേക്കില്ലെന്ന പ്രതീക്ഷകള്‍ വിപണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടം ആ ആശ്വാസത്തെ ഇല്ലാതാക്കി. ഊര്‍ജ്ജ വില ഉയരുന്നത് പണപ്പെരുപ്പം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ ഫെഡിനെ പ്രേരിപ്പിച്ചേക്കാം. ഇത് സ്വര്‍ണവിലയ്ക്ക് മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നുണ്ട്.

ഒരുപവന്‍ സ്വര്‍ണത്തിന് എത്ര വേണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,080 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,13,802 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Tensions in the Middle East and concerns over prolonged inflation drag down gold prices in both global and local markets.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com