

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ മുന്നേറ്റം. ഇന്ന് (2026 മാർച്ച് 25) രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 345 രൂപ വർധിച്ച് പുതുക്കിയ വിപണി വില 13,445 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 2,760 രൂപ കൂടി വിപണി വില 1,07,560 രൂപയിലേക്കും എത്തിച്ചേർന്നു.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 280 രൂപ ഉയർന്ന് പുതിയ വില 11,050 രൂപയായി. അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ വർധിച്ച് 8,605 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 140 രൂപ കൂടി 5,550 രൂപയായും ഇന്നത്തെ വില നിശ്ചയിച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷവും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിൽ 1,880 രൂപയാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഒരു പവന്റെ വിലയിൽ 4,640 രൂപയുടെ മുന്നേറ്റമാണ് കുറിച്ചിരിക്കുന്നത്. അതേസമയം മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ്, ഈമാസം ഒരു പവനിൽ കുറിച്ച ഏറ്റവും ഉയർന്ന വില. അവിടെ നിന്നും 19,360 രൂപ താഴെയാണ് ഇപ്പോഴും സ്വർണ വില നിൽക്കുന്നതെന്നതും ശ്രദ്ധേയം.
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന വാർത്തകളെ തുടർന്ന് ക്രൂഡോയിൽ വില താഴ്ന്നതും പണപ്പെരുപ്പ ഭീഷണി അകലുമെന്ന വിശ്വാസം വർധിച്ചതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണ നിരക്കുകളിൽ മുന്നേറ്റം സൃഷ്ടിച്ചത്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. നിലവിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 4,550 ഡോളറിന് മുകളിലാണ്. ഇന്ന് നാല് ശതമാനത്തോളം വർധനയാണ് കുറിച്ചിരിക്കുന്നത്.
കേരള വിപണിയിൽ വെള്ളിയുടെ വിലയിൽ ബുധനാഴ്ച വർധന കുറിച്ചു. ഒരു ഗ്രാം വെള്ളിക്ക് 15 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വില 250 രൂപയായി. ആനുപാതികമായി 10 ഗ്രാം വെള്ളിക്ക് 2,500 രൂപയും 100 ഗ്രാം വെള്ളിയുടെ വിപണി വില 25,000 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,50,000 രൂപയും വീതമാണ് ബുധനാഴ്ചത്തെ വ്യാപാരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലും വെള്ളിയിൽ ശക്തമായ മുന്നേറ്റം പ്രകടമാണ്.
ബുധനാഴ്ച രാവിലെ നിരക്കുകളിൽ മാറ്റം ഉണ്ടായതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,10,840 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine