

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 175 രൂപ വര്‍ധിച്ച് 12,160 രൂപയിലെത്തി. പവന്‍ വില 1,400 രൂപ വര്‍ധിച്ച് 97,280 രൂപയിലുമെത്തി. കേരളത്തില്‍ ഒക്ടോബര്‍ 17ന് കുറിച്ച് റെക്കോഡ് റേറ്റായ 97,360 രൂപയ്ക്ക് തൊട്ടരികെ എത്തിയിരിക്കുകയാണ് ഇതോടെ പവന്‍ വില.
അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 4,270 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.46 ലുമാണ്. ഒക്ടോബര്‍ 17ന് അന്താരാഷ്ട്ര സ്വര്‍ണവില 4,380 ഡോളറിലേക്ക് എത്തിയിരുന്നു. രൂപയുടെ വിനിമയ നിരക്ക് അന്ന് 88 ന് അടുത്തുമായിരുന്നു. ഇന്നിപ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില 4270 ഡോളറിലേക്ക് എത്തിയപ്പോള്‍ സ്വര്‍ണവില റിക്കാര്‍ഡ് വിലക്ക് അരികിലെത്തിയിരിക്കുകയാണ്. രൂപ കൂടുതല്‍ ദുര്‍ബലമായി 90.46 ലേക്ക് എത്തിയതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഇത്രമാത്രം ഉയരാന്‍ ഇടയാക്കിയത്. ഈ കുതിപ്പു തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് കടന്നേക്കും.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചതാണ് സ്വര്‍ണത്തെ വീണ്ടും കുതിപ്പിലാക്കിയത്. നിരക്ക് കുറയുമ്പോള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ബോണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശ വരുമാനം കുറയും. ഇതോടെ നിക്ഷേപകര്‍ കൂടുതല്‍ വരുമാനം നല്‍കാന്‍ സാധ്യതയുള്ള മറ്റ് ആസ്തികള്‍ തേടിപ്പോകും.
ഇതുകൂടാതെ നിരക്ക് കുറയ്ക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വര്‍ണം പോലുള്ള ഭൗതിക ആസ്തികള്‍ പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ (Hedge) കഴിവുള്ളവയായി കണക്കാക്കപ്പെടുന്നു. അതായത്, പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുമ്പോള്‍, സ്വര്‍ണത്തിന്റെ വില ഉയരാന്‍ സാധ്യതയുണ്ട്.
പലിശ നിരക്ക് കുറയുന്നതോടെ അമേരിക്കന്‍ ഡോളര്‍ പൊതുവെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരെ ദുര്‍ബലമാവാന്‍ സാധ്യതയുണ്ട്.
സ്വര്‍ണത്തിന്റെ വില ഡോളറിലാണ് നിര്‍ണയിക്കുന്നത്. ഡോളര്‍ ദുര്‍ബലമാവുമ്പോള്‍, ഡോളര്‍ ഇതര കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ സാധിക്കുന്നു. ഇത് സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില ഉയര്‍ത്തുകയും ചെയ്യും.
18 കാരറ്റ് സ്വര്‍ണവില ഇന്ന് റെക്കോഡിലാണ്. ഗ്രാമിന് 10,060 രൂപ. പവന്‍ വില 80480 രൂപയുമായി. ഒക്ള്‍ടോബര്‍ 17ന് കുറിച്ച ഗ്രാമിന് 10,005 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.14 കാരറ്റിന് ഗ്രാമിന് 115 രൂപ വര്‍ധിച്ച് 7,790 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,025 രൂപയുമായി
അന്താരാഷ്ട്ര വെള്ളി വില കുതിപ്പ് തുടരുകയാണ്. 63.47 ഡോളറിലാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 15 ഡോളറിന്റെ വന്‍ കുതിപ്പാണ് വെള്ളി വിലയില്‍ രേഖപ്പെടുത്തിയത്. ഇന്ന് വെള്ളി വില ചരിത്രത്തില്‍ ആദ്യമായി 200 രൂപ മറികടന്നിട്ടുണ്ട്. ഗ്രാമിന് വില 201 രൂപ.
ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. തമിഴ്‌നാട്ടില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 12250 രൂപയാണ് വില. സ്വര്‍ണ വില ഉയര്‍ച്ചയിലേക്ക് വന്നതോടെ വ്യാപാരവും കുറഞ്ഞതായാണ് കച്ചവടക്കാര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine