

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിട്ടും, സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായ വന്‍ ഇടിവ് ഇന്ത്യയ്ക്ക് തുണയായി. ഓഗസ്റ്റ് മാസത്തിലെ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി (Goods Trade Deficit) അപ്രതീക്ഷിതമായി 2,686 കോടി ഡോളറായി (26.86 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സാമ്പത്തിക വിദഗ്ധര്‍ ഓഗസ്റ്റില്‍ 3,200 കോടി ഡോളറിന്റെ വ്യാപാര കമ്മി പ്രവചിച്ചിരുന്നിടത്താണ് ഈ മികച്ച തിരിച്ചു വരവ്. ജൂലൈയില്‍ 3,198 കോടി ഡോളറായിരുന്നു വ്യാപാര കമ്മി.
ആകെ ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവുണ്ടാകാന്‍ പ്രധാന കാരണം സ്വര്‍ണത്തിന്റെ വരവ് പകുതിയോളം കുറഞ്ഞതാണ്.
ജൂലൈയിലെ ഇറക്കുമതി 416 കോടി ഡോളര്‍ ആയിരുന്നു. ഓഗസ്റ്റില്‍ ഇത് 230 കോടി ഡോളര്‍ ആയി ചുരുങ്ങി.
ഉത്സവ സീസണിന് മുന്നോടിയായി ജൂലൈയില്‍ വ്യാപാരികള്‍ വന്‍തോതില്‍ സ്റ്റോക്ക് എടുത്തതിനെ തുടര്‍ന്നാണ് ഓഗസ്റ്റില്‍ വാങ്ങല്‍ മന്ദഗതിയിലായത്. ഇത് മൊത്തം ഇറക്കുമതിച്ചെലവ് ജൂലൈയിലെ 7,622 കോടി ഡോളറില്‍ നിന്ന് 7,067 കോടി ഡോളറായി കുറയ്ക്കാന്‍ സഹായിച്ചു.
ഇറക്കുമതി ബില്ലില്‍ ആശ്വാസം ലഭിച്ചെങ്കിലും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാകുന്നുണ്ട്. ഓഗസ്റ്റില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25.8% വര്‍ധിച്ച് 1,669 കോടി ഡോളറിലെത്തി.
ജൂലൈയിലെ ശരാശരി ക്രൂഡ് വില ബാരലിന് 82.04 ഡോളറായിരുന്നു. ഓഗസ്റ്റില്‍ ഇത് ബാരലിന് 90.19 ഡോളറായി. സെപ്റ്റംബറിലെ നിലവിലെ വില ബാരലിന് 109 ഡോളറിന് മുകളിലാണ്.
സൗദി അറേബ്യയിലെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെയുള്ള ഭീഷണികളും കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടാനും ഇന്ത്യയില്‍ പണപ്പെരുപ്പം വര്‍ധിക്കാനും സാധ്യതയേറെയാണ്.
ഓഗസ്റ്റില്‍ ചരക്ക് കയറ്റുമതി 4,381 കോടി ഡോളറായി. ജൂലൈയിലെ 4,424 കോടി ഡോളറിനെ അപേക്ഷിച്ച് നേരിയ കുറവാണെങ്കിലും, ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന കയറ്റുമതി മൂല്യമാണിത്.
വാഹന മേഖലയില്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ 22.2% വളര്‍ച്ചയുണ്ടായി (6.81 ലക്ഷം യൂണിറ്റുകള്‍). എന്നാല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതി 17% ഇടിഞ്ഞു. എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയുടെ കയറ്റുമതിയും ശക്തമായി തുടരുന്നു. സേവന മേഖലയിലെ കയറ്റുമതി (Services Exports) 3,887 കോടി ഡോളറായി ഉയര്‍ന്നതും വ്യാപാര കമ്മിയുടെ ആഘാതം കുറച്ചു.
ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) നിലവില്‍ വന്നതും യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ അന്തിമഘട്ടത്തിലായതും വരും മാസങ്ങളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ആഗോള വിപണി ഉറപ്പാക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.
A sharp drop in gold imports helps India narrow its goods trade deficit to $26.86 billion in August despite rising crude oil prices.
Read DhanamOnline in English
Subscribe to Dhanam Magazine