

സ്വര്‍ണാഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍ ഉയര്‍ത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്). ഉത്സവ-വിവാഹ സീസണുകള്‍ മുന്നില്‍നില്‍ക്കെയാണ് സ്വര്‍ണാഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി (HUID) മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടിയത്. സെപ്റ്റംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭേദഗതി പ്രകാരം ഒരു സ്വര്‍ണാഭരണത്തിന്റെ ഹാള്‍മാര്‍ക്കിങ് ഫീസ് 45 രൂപയില്‍ നിന്ന് 75 രൂപയായി ഉയര്‍ന്നു. ഒറ്റയടിക്ക് 30 രൂപയുടെ വര്‍ധനയാണ് (ഏകദേശം 67 ശതമാനം) ഉണ്ടായിരിക്കുന്നത്. എന്നാല്‍ വെള്ളി ആഭരണങ്ങളുടെ നിരക്കില്‍ മാറ്റമില്ല; അത് പഴയതുപോലെ 35 രൂപയായി തന്നെ തുടരും.
പുതിയ ഉത്തരവ് അനുസരിച്ച് ഒരു കണ്‍സൈന്‍മെന്റിന് കുറഞ്ഞത് 200 രൂപ ഫീസായി നല്‍കണം. ഉദാഹരണത്തിന് ഒരു വ്യാപാരി ഒരു ആഭരണം മാത്രമാണ് ഹാള്‍മാര്‍ക്കിങ്ങിനായി നല്‍കുന്നതെങ്കിലും 75 രൂപയ്ക്ക് പകരം മിനിമം ഫീസായ 200 രൂപ നല്‍കേണ്ടി വരും. ഇതിന് പുറമെ അസ്സയിങ് ആന്‍ഡ് ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ (AHC) ബി.ഐ.എസിലേക്ക് അടയ്‌ക്കേണ്ട തുകയും പുതുക്കിയിട്ടുണ്ട്. സ്വര്‍ണത്തിന് ആഭരണമൊന്നിന് 7.50 രൂപയും (കുറഞ്ഞത് കണ്‍സൈന്‍മെന്റിന് 200 രൂപ) വെള്ളിക്ക് 3.50 രൂപയുമാണ് (കുറഞ്ഞത് കണ്‍സൈന്‍മെന്റിന് 150 രൂപ) നിരക്ക്. ഇതിന്മേലുള്ള നികുതികള്‍ വെവ്വേറെ ഈടാക്കും.
നിരക്ക് വര്‍ധന നേരിട്ട് ഉപഭോക്താക്കളെ ബാധിക്കുമോ എന്നതില്‍ വ്യക്തതയില്ല. വ്യാപാരികള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ അടയ്‌ക്കേണ്ട ഫീസാണിത്. അതിനാല്‍ ഓരോ ആഭരണത്തിനും 30 രൂപ അധികമായി ഉപഭോക്താവില്‍ നിന്ന് ഈടാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നില്ല. വ്യാപാരികള്‍ക്ക് ഈ തുക സ്വന്തം ലാഭവിഹിതത്തില്‍ നിന്ന് വഹിക്കുകയോ അല്ലെങ്കില്‍ ആഭരണത്തിന്റെ പണിക്കുറവിലോ (മേക്കിങ് ചാര്‍ജ്) മൊത്തം വിലയിലോ ഉള്‍പ്പെടുത്തി ഉപഭോക്താവിലേക്ക് കൈമാറുകയോ ചെയ്യാം. ആഭരണത്തിന്റെ തങ്കവില, പണിക്കുറവ്, നികുതികള്‍ എന്നിവയ്ക്ക് പുറമെയാണ് ഹാള്‍മാര്‍ക്കിങ് നിരക്കും വരുന്നത്. സ്വര്‍ണ്ണത്തിന്റെ അന്നത്തെ വില, പണിക്കൂലി, നികുതികള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ആഭരണത്തിന്റെ അവസാന വില എന്നതിനാല്‍ ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
ഹാള്‍മാര്‍ക്കിങ് നിരക്ക് ഉയര്‍ത്തിയ ബി.ഐ.എസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (KGSMA) രംഗത്തെത്തി. ഈ നീക്കം സ്വര്‍ണ വ്യാപാര മേഖലയ്ക്ക്, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് KGSMA സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ നില്‍ക്കുന്ന സമയത്തെ ഈ നിരക്ക് വര്‍ധനവ് പുനഃപരിശോധിച്ച് പഴയ നിരക്കായ 45 രൂപയായി തന്നെ നിലനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ബി.ഐ.എസ് മുദ്രയും ആറക്ക എച്ച്.യു.ഐ.ഡി (Hallmark Unique Identification) നമ്പറും നിര്‍ബന്ധമാക്കിയിട്ടുള്ളത്. 14കെ (585), 18കെ (750), 20കെ (833), 22കെ (916), 23കെ (958), 24കെഎസ് (995) എന്നിങ്ങനെ ആറ് ഗ്രേഡുകളിലാണ് നിലവില്‍ ബി.ഐ.എസ് ഹാള്‍മാര്‍ക്കിങ് അനുവദിക്കുന്നത്.
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ പരിശോധിക്കാന്‍ HUID നമ്പര്‍ വളരെ സഹായകരമാണ്. വ്യാപാരി പറയുന്ന വാക്കുകളെ മാത്രം വിശ്വസിക്കാതെ, ഈ നമ്പറുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആഭരണത്തിന്റെ വിവരങ്ങള്‍ നേരിട്ട് ഉറപ്പുവരുത്താന്‍ സാധിക്കും.
Bureau of Indian Standards has steeply hiked gold hallmarking charges from Rs 45 to Rs 75 per article, creating concerns among jewellers and consumers ahead of the festive season.
Read DhanamOnline in English
Subscribe to Dhanam Magazine