സ്വര്‍ണ വിലയിലെ മുന്നേറ്റം; ജെഫ്രീസിന്റെ 'ഇന്ത്യ മോഡല്‍ പോര്‍ട്ട്‌ഫോളിയോ'യില്‍ മണപ്പുറം ഫിനാന്‍സ്; മുത്തൂറ്റും കല്യാണ്‍ ജുവലേഴ്‌സും തിളങ്ങും

ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് മാതൃകാ പോർട്ട്ഫോളിയോയിൽ മാറ്റങ്ങൾ വരുത്തി
gold loan companies
Published on

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,600 ഡോളറിലേക്ക് കുതിച്ചുയര്‍ന്നതോടെ, ഇന്ത്യയിലെ സ്വര്‍ണപ്പണയ വിപണിയും സ്വര്‍ണാഭരണ മേഖലയും പുതിയ വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഗോള ബ്രോക്കറേജ് ഏജന്‍സിയായ ജെഫ്രീസ് (Jefferies). സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ വന്‍ വര്‍ധന കുടുംബങ്ങളുടെ സമ്പത്ത് ഉയര്‍ത്തുകയും ബാങ്ക്-ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC) വഴിയുള്ള പണയ വായ്പകള്‍ക്ക് വലിയ അവസരം തുറന്നിടുകയും ചെയ്തിട്ടുണ്ട്.

ഈ ട്രെന്‍ഡ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി 'ഇന്ത്യ മോഡല്‍ പോര്‍ട്ട്‌ഫോളിയോ'യില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സിനെ (Manappuram Finance) ജെഫ്രീസ് ഉള്‍പ്പെടുത്തി.

കേരള കമ്പനികള്‍ക്ക് മികച്ച അവസരം

മണപ്പുറം ഫിനാന്‍സിന് പുറമേ, കേരളം ആസ്ഥാനമായുള്ള മറ്റൊരു മുന്‍നിര പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് (Muthoot Finance), പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ് (Kalyan Jewellers) എന്നിവയും സ്വര്‍ണവില വര്‍ധനയുടെ പ്രധാന ഗുണഭോക്താക്കളാകുമെന്ന് ജെഫ്രീസ് മാനേജിംഗ് ഡയറക്ടര്‍ മഹേഷ് നന്ദൂര്‍ക്കര്‍, അഭിനവ് സിന്‍ഹ, പ്രിയങ്ക് ഷാ എന്നിവരടങ്ങിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടാതെ ടൈറ്റന്‍ (Titan), മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (MCX), ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് (IIFL Finance) എന്നീ ഓഹരികള്‍ക്കും സ്വര്‍ണത്തിന്റെ വിലക്കയറ്റം അനുകൂലമായ തരംഗമുണ്ടാക്കും.

കുടുംബങ്ങളുടെ സ്വര്‍ണ സമ്പത്ത് 3.9 ട്രില്യണ്‍ ഡോളറില്‍

ഇന്ത്യന്‍ കുടുംബങ്ങളുടെ പക്കല്‍ നിലവില്‍ ഏകദേശം 25,000 ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് ജെഫ്രീസിന്റെ കണക്കുകൂട്ടല്‍. 2026 മാര്‍ച്ച് മാസത്തിലെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 3.9 ട്രില്യണ്‍ ഡോളറിലെത്തി (ഏകദേശം 1.9 ട്രില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായത്). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം (111 ബില്യണ്‍ ഡോളര്‍) വെച്ചുനോക്കുമ്പോള്‍ ഇത് വളരെ വലുതാണ്.

സ്വര്‍ണവിലയില്‍ ഇനി ഉണ്ടാകുന്ന 10 ശതമാനം വര്‍ധന ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പത്തില്‍ 400 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കും. ഇത് പണയ വായ്പാ വിപണിയിലേക്ക് 20-25 ബില്യണ്‍ ഡോളറിന്റെ അധിക വായ്പകളായി ഒഴുകിയെത്തുമെന്നും രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ചയ്ക്ക് 80 മുതല്‍ 100 ബേസിസ് പോയിന്റ് വരെ പിന്തുണ നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.

വളര്‍ച്ചയ്ക്ക് ഇനിയും വിശാലമായ ഇടം

2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ബാങ്കുകളും എന്‍.ബി.എഫ്.സികളും നല്‍കിയ ആകെ വായ്പകളുടെ 7 ശതമാനം (ഏകദേശം 197 ബില്യണ്‍ ഡോളര്‍) സ്വര്‍ണപ്പണയ വായ്പകളാണ്. 2020-ന് മുമ്പ് കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ 4 ശതമാനത്തില്‍ താഴെ മാത്രമാണ് ധനകാര്യ സ്ഥാപനങ്ങള്‍ വഴി പണയം വെച്ചിരുന്നതെങ്കില്‍ 2026 മാര്‍ച്ച് ആയപ്പോഴേക്കും ഇത് 5.1 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരുന്നാലും, നിലവില്‍ ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി കുടുംബങ്ങള്‍ പണയം വെച്ചിരിക്കുന്നത് ആകെ സ്വര്‍ണ ശേഖരത്തിന്റെ 15 ശതമാനം മാത്രമാണ് (Loan-to-Value 65% കണക്കാക്കിയാല്‍). വരും വര്‍ഷങ്ങളില്‍ ഇത് 8 മുതല്‍ 10 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് പ്രതിവര്‍ഷം 15-20 ബില്യണ്‍ ഡോളറിന്റെ അധിക വായ്പാ വളര്‍ച്ച സ്വര്‍ണപ്പണയ മേഖലയ്ക്ക് സമ്മാനിക്കും.

പോര്‍ട്ട്‌ഫോളിയോയിലെ മറ്റ് മാറ്റങ്ങള്‍

സ്വര്‍ണപ്പണയ തരംഗം മുന്‍നിര്‍ത്തി മണപ്പുറം ഫിനാന്‍സിനെ ഉള്‍പ്പെടുത്തിയ ജെഫ്രീസ്, മറ്റ് ചില മാറ്റങ്ങളും ഇന്ത്യ മോഡല്‍ പോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയിട്ടുണ്ട്.

വെള്ളി വിപണിയിലെ മുന്നേറ്റം പ്രയോജനപ്പെടുത്താന്‍ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്സിന് പകരം 'ഹിന്ദുസ്ഥാന്‍ സിങ്ക്' (Hindustan Zinc) ചേര്‍ത്തു. ഉപഭോക്തൃ ചെലവഴിക്കല്‍ മുന്നില്‍ കണ്ട് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ 'മീഷോ' (Meesho) പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തി. സ്‌പെഷ്യാലിറ്റി കെമിക്കല്‍ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് 'നവീന്‍ ഫ്‌ളൂറിന്‍' (Navin Fluorine) ഉള്‍പ്പെടുത്തിയപ്പോള്‍ അംബുജ സിമന്റിനെ ഒഴിവാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com