വന്‍ വിലക്കുറവ് അവസരമാക്കാന്‍ സ്വര്‍ണക്കടകളില്‍ തിരക്ക്, ബുക്കിംഗിനും ആവശ്യക്കാര്‍ കൂടി

ഇന്നത്തെ ഇടിവോടെ റെക്കോഡ് വിലയില്‍ നിന്ന് 2,680 രൂപയുടെ കുറവ്, കേരളത്തില്‍ ഇനിയും വില താഴുമോ?
Ai image of girls wearing gold jewelry
Image : Dhanam File
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ ഇടിഞ്ഞ് 65,800 രൂപയിലുമാണ് ഇന്ന് വ്യാപാരം.

കനംകുറഞ്ഞതും കല്ലുപതിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,745 രൂപയിലെത്തി.

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം.

വിലക്കുറവ് തുടരുമോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്ന ഏപ്രില്‍ രണ്ടിന് ശേഷം രാജ്യാന്തര സ്വര്‍ണ വില 3,168 രൂപ വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് കുറിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ വീഴ്ചയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 3.71 ശതമാനം ഇടിവുണ്ടായി.

യു.എസിന്റെ ആക്രമണാത്മക ഇറക്കുമതി താരിഫുകള്‍ പൊതുജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ദോഷകരമായി ബാധിക്കില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും പല സാമ്പത്തിക വിദഗ്ധരും ഇതിനോട് വിയോജിക്കുകയാണ്. ഇറക്കുമതിച്ചുങ്കം കൂടുന്നതോടെ ഉത്പന്നങ്ങള്‍ ചെലവേറിയതാകുകയും വ്യാപാരം കുറയ്ക്കുകയും ചെയ്യും. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കും. ഉയര്‍ന്ന ഇറക്കുമതി ചെലവ് കാരണം ദൈനിംദിന വസ്തുക്കളുടെ വില ഉയരുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യും.

ഇതിനിടെ ഡൊണാള്‍ഡ് ട്രംപ് പുതിയ ഭീഷണിയുമായി വന്നിട്ടുണ്ട്. ചൈന യു.എസിന് തിരിച്ചേര്‍പ്പെടത്തിയ 34 ശതമാനം ചുങ്കം പിന്‍ വലിച്ചില്ലെങ്കില്‍ 50 ശതമാനമോ അതില്‍ അധികമോ ചുങ്കം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

ട്രംപ് അധികാരത്തില്‍ വന്നതു മുതല്‍ വ്യാപാര ചുങ്ക ഭീഷണികള്‍ നിലനിന്നിരുന്നതിനാല്‍ നിക്ഷേപകര്‍ കണ്ടമാനം സ്വര്‍ണത്തിലേക്ക് ചേക്കേറാന്‍ വഴിയൊരുക്കുകയും ഇത് വില കൂടുതലുയര്‍ത്തുകയും ചെയ്തു. ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പു നടക്കുന്നതാണ് സ്വര്‍ണത്തില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

വിപണിയില്‍ ഉണര്‍വ്‌

ഏപ്രില്‍ മൂന്നിന് കുറിച്ച പവന് 68,480 രൂപയെന്ന റെക്കോഡ് വിലയില്‍ നിന്നും 2,680 രൂപയാണ് ഇതിനകം സംസ്ഥാനത്ത് കുറഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്ക് അത്യാവശ്യമായി സ്വര്‍ണ വാങ്ങേണ്ടവര്‍ക്ക് വലിയ ആശ്വാസമാണ് വിലയിലുണ്ടായിരിക്കുന്ന കുറവ്. വിലക്കുറവ് അവസരമാക്കാന്‍ ഉപയോക്താക്കള്‍ കടകളിലേക്ക് എത്തിത്തുടങ്ങിയതോടെ ചെറിയ രീതിയിലുള്ള ഉണര്‍വ് പ്രകടമായിതുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വില വീണ്ടും താഴ്‌ന്നേക്കാമെന്ന പ്രതീക്ഷയില്‍ മാറി നില്‍ക്കുന്നവരുമുണ്ട്.

സ്വര്‍ണക്കടകളുടെ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഒട്ടുമിക്ക ജുവലറികളും ബിക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. ഭാവിയില്‍ വില ഉയര്‍ന്നാലും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇതു വഴി സാധിക്കും.

ഇന്ന് ഒരു പവന്‍ വാങ്ങണമെങ്കില്‍

മൂന്ന് ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ വാങ്ങാന്‍ നല്‍കേണ്ടത് 71,216 രൂപയാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതല്‍ 30 ശതമാനം വരെയാകാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com