ഇങ്ങനെ ഇടിയാൻ സ്വർണത്തിന് ഇതെന്ത് പറ്റി? ഈ വർഷം കുറഞ്ഞത് ₹39,080; ഇനിയെന്ന് തിരികെ കയറും?

ജനുവരിയിലെ റെക്കോഡ് വിലയിൽ നിന്ന് കേരളത്തിൽ പവൻ സ്വർണത്തിന് ₹39,080 കുറഞ്ഞു; ഡോളറിന്റെ ശക്തി, യുഎസ് ബോണ്ട് യീൽഡ്, പലിശ നിരക്ക് ആശങ്കകൾ എന്നിവ സ്വർണത്തെ സമ്മർദത്തിലാക്കുന്നു
KGSMA On Gold Price Outlook
ഇൻസൈറ്റിൽ കെ.ജി.എസ്.എം.എ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ.Image Source: Canva/special arrangement
Published on: 

കേരളത്തിലെ സ്വർണ വില ഒരു വർഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്നു രാവിലെ കുറിച്ച വില 11,510 രൂപയും ഒരു പവന് 92,080 രൂപയും വീതമാകുന്നു. സംസ്ഥാനത്ത് 2025 നവംബർ 22-നു ശേഷം സ്വർണത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കുകളാണിത്. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 175 രൂപയിലേക്കും എത്തിച്ചേർന്നു. ഈ നവംബറിൽ മാത്രം ഒരു പവൻ സ്വർണത്തിന് 15,000 രൂപയാണ് ഇടിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 8,840 രൂപയും കുറഞ്ഞു.

അതേസമയം 2026 ജനുവരി 29-ന് കേരളത്തിൽ രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണത്തിന്റെ (ഒരു പവന്) സർവകാല റെക്കോഡ്. അവിടെ നിന്നും പിന്നടീങ്ങോട്ട് 39,080 രൂപയാണ് ഒരു പവനിൽ കുറഞ്ഞത്. അതായത് റെക്കോഡ് നിലവാരത്തിൽ നിന്നും 30 ശതമാനത്തോളം വിലയിൽ ഇടിവ് നേരിട്ടുവെന്ന് സാരം.

കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ മേയിൽ രാജ്യത്തേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം 6 ശതമാനത്തിൽ നിന്നും 15 ശതനമാനത്തിലേക്ക് ഉയർത്തി നിശ്ചയിച്ചിരുന്നു. ഇതുംകൂടി ഒഴിവാക്കുകയാണെങ്കിൽ സ്വർണത്തിന്റെ വിപണി വില ഇനിയും 10 ശതമാനത്തോളം താഴെ നിൽക്കേണ്ടതാണെന്നതും ശ്രദ്ധേയം.

എന്തുകൊണ്ട് സ്വർണവില ഇടിയുന്നു?

യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും യു.എസ് സർക്കാർ ബോണ്ടുകളുടെ യീൽഡിലെ വർധനയും ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും സ്വർണത്തിന് തിരിച്ചടിയാകുന്നു. ഓഹരി വിപണിയിലെ ഇടിവിനെത്തുടർന്ന് നഷ്ടം നികത്തുന്നതിനുള്ള വിൽപ്പന സമ്മർദവും സ്വർണ്ണവിലയെ ബാധിക്കുന്നുണ്ടെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA), ജനറൽ സെക്രട്ടറി, അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

സാങ്കേതികമായും സ്വർണ വിപണി ദുർബലമായ പ്രവണതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ ഇന്നു (നവംബർ 20) രാവിലെ, ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില മൂന്നര ശതമാനം താഴ്ന്ന് 3,550 ഡോളർ നിലവാരത്തിലെത്തി. ജനുവരി 29-ന് രേഖപ്പെടുത്തിയ സർവകാല റെക്കോഡ് നിലവാരമായ 5,595 ഡോളറിൽ നിന്നും സ്വർണം ഇതുവരെ 35 ശതമാനത്തിലധികം താഴ്ന്നു.

വെള്ളിയുടെ കാര്യത്തിൽ വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ കൂടി വിലയിടിവിന് ആക്കം കൂട്ടുന്നതായും അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ വെള്ളി വില ഔൺസിന് 41 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

Gold Price Changes Keraala
സ്വർണ വിലയിലെ ഇടിവ്Image Source: Dhanam Business Media

ഇനിയെന്ന് സ്വർണം തിരികെ കയറും?

നിലവിലെ സാഹചര്യത്തിൽ ഉടനടി ശക്തമായ തിരിച്ചുകയറ്റം ഉറപ്പുപറയാനാകില്ല. എന്നാൽ തുടർച്ചയായ ഇടിവിനുശേഷം കുറഞ്ഞ വിലയിലെ വാങ്ങലുകൾ വിപണിയിൽ താൽക്കാലിക വിലത്താങ്ങിന് വഴിയൊരുക്കാം. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവയ്ക്കുന്ന പ്രവണതയും വിപണിയിൽ നിലനിൽക്കുന്നുണ്ടെന്നും അഡ്വ. എസ്. അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.

Gold prices in Kerala have fallen sharply from their January peak, with a sovereign now priced at ₹92,080 amid global market pressures.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```