പൊന്നിന്‍ കുതിപ്പിന് ചെറിയൊരിടവേള, ഇന്നും വില കുറഞ്ഞു

വിവാഹ പര്‍ച്ചേസുകാര്‍ക്കും ആഭരണപ്രേമികള്‍ക്കും ആശ്വാസത്തിനിട നല്‍കി സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,715 രൂപയും പവന് 80 രൂപ കുറഞ്ഞ് 53,720 രൂപയിലുമാണ് സ്വര്‍ണ വിലയുള്ളത്. ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. മേയ് 10ന് അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണ വില വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് സ്വര്‍ണ വില താഴേക്ക് ഇറങ്ങുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,590 രൂപയായി. വെള്ളിവില തുടര്‍ച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 90 രൂപയാണ് വില.

രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില ഇടിഞ്ഞത്. ഇന്ന് രാവിലെ സ്വര്‍ണ വില ഔണ്‍സിന് 2,359 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

വീണ്ടും ഉയരുമോ?

യു.എസില്‍ നിന്നുള്ള തൊഴില്‍ വിവരകണക്കുകള്‍ മോശമായിരുന്നു. ഇത് ഫെഡറല്‍ റിസര്‍വ് അധികം താമസിയാതെ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. മാത്രമല്ല യു.എസില്‍ നിന്ന് വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളും സ്വര്‍ണ വിലയെ ബാധിക്കും. പലിശ നിരക്കുകള്‍ കുറയുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് വില ഉയര്‍ത്തും.

കഴിഞ്ഞാഴ്ച സ്വര്‍ണവില രണ്ടാഴ്ചത്തെ ഉയര്‍ന്ന നിലയിലെത്തിയിരുന്നു. കേരളത്തില്‍ ഏപ്രില്‍ 19ന് കുറിച്ച പവന് 54,520 രൂപയാണ് റെക്കോഡ് വില.

Related Articles
Next Story
Videos
Share it