ആഭരണപ്രേമികള്‍ക്ക്‌ ആശ്വാസം പകര്‍ന്ന് സ്വര്‍ണം, റെക്കോഡില്‍ നിന്ന് 1,520 രൂപയുടെ കുറവ്, 'ചര്‍ച്ച പൊളിഞ്ഞാല്‍' വിലക്കയറ്റം?

കുറഞ്ഞ കാരറ്റില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ല അവസരം
Gold Jewellery
Image : Canva
Published on

കേരളത്തിലെ സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസത്തിന് വകയൊരുക്കി സ്വര്‍ണം. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,280 രൂപയും പവന് 120 രൂപ കുറഞ്ഞ് 74,240 രൂപയുമായി. ഈ മാസം രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തയ പവന് 73,200 രൂപയായിരുന്നു ഇതിനു മുമ്പുള്ള കുറഞ്ഞവില. അതേസമയം, ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 75,670 രൂപയുമായി നോക്കുമ്പോള്‍ പവന്‍ വിലയില്‍ 1,520 രൂപയുടെ കുറവുണ്ട്. വിവാഹ സീസണും ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും അടുത്തിരിക്കെ വിലക്കുറവ് വ്യാപാരികളെയും ഉപയോക്താക്കളെയും സന്തോഷിപ്പിക്കുന്നുണ്ട്.

കുറഞ്ഞ കാരറ്റില്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് നല്ല അവസരമാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9,280 രൂപയായി. 14 കാരറ്റിന് 5,930 രൂപയും ഒമ്പത് കാരറ്റിന് 3,815 രൂപയുമാണ്.

വെള്ളി വിലയും ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 122 രൂപയായി.

ചര്‍ച്ച പൊളിഞ്ഞാല്‍ വിലക്കയറ്റം?

അന്തരാഷ്ട്ര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 3,329.85 ഡോളര്‍ വരെ താഴ്ന്ന ശേഷം 33,35.61 ഡോളറാലിയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. അതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഇന്ന് രാവിലെ 10 ഡോളറോളം വില കയറി.

യു.എസില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതയും യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുറവുണ്ടാക്കിയത്.

അലാസ്‌കയില്‍ ഇന്ന് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനുമായി നടക്കുന്ന ചര്‍ച്ചകളാകും ഉടന്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക. അതേസമയം, ഇന്നത്തെ ചര്‍ച്ച പരാജയപ്പെടാന്‍ 25 ശതമാനം സാധ്യതയുണ്ടെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. മൂന്ന് ഘട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ആദ്യ ചര്‍ച്ച വിജയമായാല്‍ യുക്രെയ്ന്‍ നേതാവ് വൊളോഡിമര്‍ സെലന്‍സ്‌കിയെയും ഉള്‍പ്പെടുത്തി തുടര്‍ ചര്‍ച്ചകള്‍ നടത്തും.

യു.എസില്‍ ചില്ലറ പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നെങ്കിലും മൊത്ത വിലപ്പണപ്പെരുപ്പം ഉയര്‍ന്നിട്ടുണ്ട്. ഇത് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതകളില്‍ മങ്ങലേല്‍പ്പിക്കുന്നുമുണ്ട്. ഇതേകുറച്ചൊക്കെ വ്യക്തമായ സൂചനകള്‍ ലഭിച്ചാലാണ് സ്വര്‍ണത്തിന്റെ ദിശ നിര്‍ണയിക്കാനാകുക.

ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക

സ്വര്‍ണ വിലയിലെ കുറവു കണ്ട് ആഭരണം വാങ്ങാന്‍ കടകളിലേക്ക് പോകുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. ഇന്ന് ഒരു പവന്റെ വില 74,240 രൂപയാണെങ്കിലും ആഭരണം വാങ്ങാന്‍ ആ തുക പോര. പണിക്കൂലി, ജി.എസ്.ടി, മറ്റ് നികുതികള്‍ എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുക. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ 82,000 രൂപയ്ക്കടുത്തു വരും. പണിക്കൂലി 10 ശതമാനമായാല്‍ വില 84,000ത്തിന് മുകളിലും ആകും. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ ആണെങ്കില്‍ 30 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com