
സംസ്ഥാനത്ത് വിഷുദിനത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 15 രൂപ താഴ്ന്ന് 8,755 രൂപയും പവന് 120 രൂപ കുറഞ്ഞ് 70,040 രൂപയുമായി. തുടര്‍ച്ചയായ നാല് ദിവസത്തെ റെക്കോഡ് കുതിപ്പിനാണ് ഇന്ന് വിരാമമിട്ടത്. വിലയില്‍ നേരിയ കുറവുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 76,000 രൂപയ്ക്കടുത്ത് നല്‍കേണ്ടി വരും.
കനം കുറഞ്ഞ ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,210 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം.
അമേരിക്കന്‍ പ്രിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുങ്ക നടപടികളില്‍ ചില അയവുകള്‍ വരുത്തിയതിനു പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 0.38 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,223 ഡോളര്‍ എത്തിയിരുന്നു. ഇതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ ഔണ്‍സിന് 3,232 ഡോളറിലാണ് വ്യാപാരം. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും പകരച്ചുങ്കത്തില്‍ നിന്ന് ഇളവ് നല്‍കുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഈ ഉത്പന്നങ്ങള്‍ക്ക് അധികനാള്‍ ഈ ഇളവുണ്ടാകില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എസിലെ താരിഫ് ആശങ്കകളും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത് കഴിഞ്ഞ കുറെ ദിവസങ്ങളായി വിലയ കുത്തനെ ഉയര്‍ത്തിയിരിന്നു. വെള്ളിയാഴ്ച അന്താരാഷ്ട്ര വില 3,245 ഡോളര്‍ വരെ എത്തി പുതിയ റെക്കോഡു തൊട്ടു.
ഈ വര്‍ഷം അവസാനത്തോടെ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 80 ബേസിസ് പോയിന്റ് വരെ കുറച്ചേക്കുമെന്നാണ് പ്രതീക്ഷകള്‍, പലിശ നിരക്ക് കുറയുമ്പോള്‍ സ്വര്‍ണം വീണ്ടും ആകര്‍ഷകമാകും. ഇത് വില വീണ്ടും ഉയര്‍ത്തിയേക്കാം. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 3,300 ഡോളറില്‍ നിന്ന് 3,700 ഡോളര്‍ എത്തുമെന്നാണ് ഗോള്‍മാന്‍സാക്‌സ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. സ്വര്‍ണ ഇടിഎഫുകളിലേക്ക് നിക്ഷേപം ഒഴുകുന്നതും വിവിധ കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ആവശ്യം ഉയരുന്നതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine