ദേ, സ്വര്‍ണം 55,000ത്തില്‍ നിന്നിറങ്ങി; കേരളത്തില്‍ ഇന്നത്തെ വില ഇങ്ങനെ

അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോഡ് മറികടന്നതിനു പിന്നാലെ കേരളത്തില്‍ ഇന്നലെ ഒറ്റയടിക്ക് പവന് 720 രൂപ വര്‍ധിച്ച സ്വര്‍ണം ഇന്ന് ഇറക്കത്തിലാണ്. ഗ്രാമിന് 15 രൂപ താഴ്ന്ന് 6,860 രൂപയിലും പവന് 120 കുറഞ്ഞ് 54,880 രൂപയിലുമാണ് കേരളത്തില്‍ വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,700 രൂപയിലെത്തി.

വെള്ളി വിലയില്‍ ഇന്ന് രണ്ടു രൂപയുടെ കുറവുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.
വില കുറയുമോ?
അന്താരാഷ്ട്ര സ്വര്‍ണ വില കഴിഞ്ഞ ദിവസം 2,482 രൂപ വരെ ഉയര്‍ന്ന് റെക്കോഡിട്ട ശേഷം ഇന്നലെ ഔണ്‍സിന് 0.41 ശതമാനം ഇടിഞ്ഞ് 2,458.38 ഡോളറിലെത്തിയിരുന്നു. ഇതാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവുണ്ടാക്കിയത്. എന്നാല്‍ ഇന്ന് 0.39 ശതമാനം ഉയര്‍ന്ന് 2,467.99 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
നിലവിലെ ഈ സ്വര്‍ണവില ഇടിവ് താത്കാലികമാണെന്നും വീണ്ടും ഉയരാനാണ് സാധ്യതയെന്നുമാണ് വിലയിരുത്തലുകള്‍. യു.എസില്‍ പണപ്പെരുപ്പം കുറഞ്ഞ നിലയിലാണ്. മാത്രമല്ല പണപ്പെരുപ്പം, അമേരിക്ക ലക്ഷ്യമിടുന്ന രണ്ട് ശതമാനത്തിലേക്ക് താഴാന്‍ കാത്തിരിക്കേണ്ടതില്ലെന്നുള്ള ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ വാക്കുകള്‍ സെപ്റ്റംബറില്‍ തന്നെ പലിശ നിരക്ക് കുറച്ചേക്കുമെന്നുള്ള സൂചനയാണ് നല്‍കുന്നത്.
കൂടാതെ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആകര്‍ഷണം കൂട്ടുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണ വില 1.6 ശതമാനം കൂടിയെങ്കിലും ബജറ്റ് പ്രതീക്ഷ മൂലം ഇന്ത്യയില്‍ സ്വര്‍ണ വിലയില്‍ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വര്‍ധനയുണ്ടായത്. വരും ദിവസങ്ങളില്‍ വീണ്ടും വില വര്‍ധിച്ചേക്കാമെന്ന സൂചനയാണ് ഇവ നല്‍കുന്നത്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 54,880 രൂപയാണ്. പക്ഷെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ് നികുതികളുമടക്കം 60,000 രൂപയ്ക്കടുത്ത് വേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്തമാണെന്നതിനാല്‍ ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസം വരുമെന്നത് ഓര്‍മിക്കുക.
Related Articles
Next Story
Videos
Share it