

സംസ്ഥാനത്ത് സ്വര്‍ണ വില പിടിതരാതെ മുന്നോട്ട് കുതിക്കുന്നു. ഇന്ന് ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,975 രൂപയും പവന്‍ വില 2,400 രൂപ ഉയര്‍ന്ന് 94,360 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 250 രൂപ ഉയര്‍ന്ന് 9,700 രൂപയിലെത്തി.
14 കാരറ്റിന് ഗ്രാമിന് 7,500 രൂപയും ഒമ്പത് കാരറ്റിന് 4,865 രൂപയുമാണ് വില.
ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്ര ബാങ്കുകള്‍ അടക്കം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നീങ്ങിയതാണ് വില അനിയന്ത്രിതമായി ഉയര്‍ത്തിയത്. സ്വര്‍ണ വില ഔണ്‍സിന് 4,166 ഡോളര്‍ വരെ എത്തി റെക്കോഡിട്ടിരിക്കുകയാണ്.
ഹമാസും ഇസ്രായേലും തമ്മിലുള്ള സമാധാനക്കരാറും ചൈനയോടുള്ള ട്രംപിന്റെ സ്വരത്തില്‍ മയം വന്നതും സ്വര്‍ണ വിലയെ വലിയ ഉയരത്തില്‍ നിന്ന് പിന്‍വലിച്ചെങ്കിലും കുതിപ്പിനുള്ള സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നാല്‍ അധികം വൈകാതെ ഔണ്‍സ് വില 5,000 ഡോളര്‍ മറികടക്കുമെന്നാണ് പ്രവചനങ്ങള്‍.
ബാങ്ക് ഓഫ് അമേരിക്ക, സൊസൈറ്റെ ജനറാല്‍ അനലിസ്റ്റുകള്‍ 2026 ഓടെ ഔണ്‍സ് വില 5000 ഡോളര്‍ കടക്കുമെന്ന് പ്രവചിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ പ്രവചനം 4,488 ഡോളറാണ്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 13ാംദിവസത്തിലേക്ക് കടന്നിരിക്കുന്നത് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ഇത് ഫെഡറല്‍ റിസര്‍വിനെ പിന്‍വലിച്ചേക്കുമെന്നാണ് കരുതുന്നത്. ഇന്ന് നടക്കുന്ന NABE വാര്‍ഷിക മീറ്റിംഗില്‍ ജെറോംപവലില്‍ നിന്ന് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബറില്‍ കാല്‍ ശതമാനം വരെ പലിശ കുറവു വരുത്തുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷകള്‍.
സുരക്ഷിത നിക്ഷേപ പദവിയില്‍ കുതിച്ചുയരുകയാണ് വെള്ളിയും. ഇന്ന് ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 190 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 10 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയുടെ വ്യാവാസായിക ആവശ്യത്തിനൊപ്പം ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം വെള്ളിയിലേക്ക് നിക്ഷേപിക്കുന്നത് കൂടിയതും വിലയില്‍ പ്രതിഫലിച്ചു. സ്‌പോട്ട് വെള്ളി വില ഔണ്‍സിന് 52.49 ഡോളറിലാണ് വ്യാപാരം. ഇതിനടെ 52.70 ഡോളര്‍ വരെ എത്തിയിരുന്നു.
ഇന്നത്തെ സ്വര്‍ണ വില അനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയും പോര. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കൃത്യമായി പറഞ്ഞാല്‍ 1,02103 രൂപ രൂപ നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ വില ഇനിയും ഉയരും. ഉത്സവ സീസണും വിവാഹക്കാലവും തുടങ്ങിയിരിക്കെയുള്ള ഈ വര്‍ധന ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine