സ്വർണവില വീണ്ടും താഴേക്ക്; ഉച്ചയ്ക്കുശേഷം പവന് ₹1,040 ഇടിഞ്ഞു; 24 മണിക്കൂറിനിടെ കുറഞ്ഞത് ₹7,080

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 130 രൂപ കുറഞ്ഞു. പുതുക്കിയ വിപണി വില 15,510 രൂപയിലേക്ക് താഴ്ന്നു. പക്ഷേ വെള്ളി വിലയിൽ ഉച്ചയ്ക്ക് ശേഷവും മാറ്റമില്ല. ഒരു ​ഗ്രാമിന് 395 രൂപയാണ്.
സ്വർണവില വീണ്ടും താഴേക്ക്; ഉച്ചയ്ക്കുശേഷം പവന് ₹1,040 ഇടിഞ്ഞു; 24 മണിക്കൂറിനിടെ കുറഞ്ഞത് ₹7,080
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ആഭരണ വിപണിയിൽ ഇന്ന് (2026 ജനുവരി 30) ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 130 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില 15,510 രൂപയിലേക്ക് എത്തി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 1,040 രൂപ താഴ്ന്ന് പുതിയ വിപണി വിലയായി 1,24,080 രൂപയും രേഖപ്പെടുത്തി.

സമാനമായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 105 രൂപ കുറഞ്ഞ് ഉച്ചയ്ക്ക് ശേഷമുള്ള വില 12,740 രൂപയായി. ഇതിന്റെ ഒരു പവന്റെ പുതിയ വില 1,01,920 രൂപയുമാണ്. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ കുറഞ്ഞ് 9,920 രൂപയും ഇതിന്റെ ഒരു പവന്റെ വിപണി വില 79,360 രൂപയുമാണ്. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ താഴ്ന്ന് 6,395 രൂപയും ഇതിന്റെ ഒരു പവന്റെ പുതുക്കിയ വില 51,160 രൂപയുമാണ്.

24 മണിക്കൂറിനിടെ കുറഞ്ഞത് 3 തവണ

കഴി‍ഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണത്തിന്റെ നിരക്കിൽ മൂന്ന് തവണ കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ 1,31,160 രൂപയിലേക്ക് എത്തിച്ചേർന്ന് സർവകാല റെക്കോഡ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം 800 രൂപയും വെള്ളിയാഴ്ച രാവിലെ 5,240 രൂപയും ഉച്ചയ്ക്ക് ശേഷം 1,040 രൂപയും വീതം കുറഞ്ഞു. ഇതോടെ 24 മണിക്കൂറിനിടെ 3 തവണകളായി മൊത്തം 7,080 രൂപയാണ് സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്.

എന്തുകൊണ്ട് വില ഇടിവ്?

കഴി‍ഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ വമ്പൻ മുന്നേറ്റമുണ്ടായപ്പോൾ നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതാണ് ഇടിവിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം ഒരു ഔൺസ് (31.1 ​ഗ്രാം) സ്വർണത്തിന്റെ വില സർവകാല റെക്കോഡ് നിലവാരമായ 5,585 ഡോളർ വരെ മുന്നേറിയശേഷം നിലവിൽ 5,110 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇത്തരത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ നേരിട്ട ഇടിവിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും നിരക്കുകൾ താഴുകയാണ് ചെയ്തത്.

സ്വർണാഭരണം വാങ്ങാൻ എത്രയാകും?

22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിപണി വില 1,24,080 രൂപയായി കുറഞ്ഞതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,34,370 രൂപ നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കടയില്‍ നിന്നും വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com