ദേ, ഇന്ന് സ്വര്‍ണം വാങ്ങുന്നോ? രണ്ടാം ദിവസവും വില ഇടിഞ്ഞു

സ്വര്‍ണാഭരണപ്രേമികള്‍ക്കും വിവാഹ പര്‍ച്ചേസുകാര്‍ക്കും ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില ഇടിവില്‍. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,695 രൂപയും പവന് 80 രൂപ കുറഞ്ഞ് 53,560 രൂപയുമായി.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും താഴ്ന്നു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,545 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
വെള്ളിവില തിരിച്ചിറക്കം തുടങ്ങി. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 91 രൂപയിലാണ് വ്യാപാരം. ഈ വാരത്തില്‍ മൊത്തത്തില്‍ ഇടിവു കാണിച്ച വെള്ളിവില ഇന്നലെ മാത്രമാണ് രണ്ട് രൂപയുടെ വര്‍ധന നേടിയത്. ഇന്ന് അത് കുറയുകയും ചെയ്തതോടെ കഴിഞ്ഞ ആഴ്ചത്തെ നിലവാരത്തില്‍ തന്നെ ഈ ആഴ്ചയും അവസാനിപ്പിച്ചു.
അന്താരാഷ്ട്ര സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. ഇന്നലെ ഔണ്‍സിന് 0.70 ശതമാനം താഴ്ന്ന് 2,503.45 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണ വില 53,560 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക പോര. പണിക്കൂലിയും മറ്റ് നികുതികളുമടക്കം ഏറ്റവും കുറഞ്ഞത് 58,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണ വില കുറയുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് നടത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. മിക്ക ജുവലറികളും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it