

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,000 രൂപയും പവന് 480 രൂപ താഴ്ന്ന് 72,000 രൂപയുമായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,380 രൂപയിലെത്തി. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 116 രൂപയില്‍ തുടരുന്നു.
ദേശീയ പണിമുടക്കില്‍ കേരളത്തിലും സ്വര്‍ണക്കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇന്ന് വില്‍പ്പന നടക്കില്ല. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തിലെ വില അവലംബിച്ച് നിരക്കുകള്‍ തീരുമാനിക്കുന്നതിനാലാണ് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഇന്നും വില പുതുക്കി നിശ്ചയിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്ക പ്രഖ്യാപനങ്ങള്‍ക്കിടയിലും യു.എസ് ഡോളര്‍ നേരിയ തോതില്‍ മെച്ചപ്പെട്ടതാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കിയത്. യു.എസിലെ 10 വര്‍ഷ കാലാവധി കടപ്പത്രങ്ങളുടെ നേട്ടം ഉയര്‍ന്നതും സ്വര്‍ണത്തിനെ ബാധിച്ചു.
യു.എസ് തീരുവ വര്‍ധന നടപ്പാക്കുന്നത് നീണ്ടുപോയേക്കാം എന്ന നിഗമനങ്ങളും അന്താരാഷ്ട്ര സ്വര്‍ണ വിലയെ ഔണ്‍സിന് 3,300 ഡോളറിന് താഴെ എത്തിച്ചു. ഇന്ന് രാവിലെ 3,308 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്നു. നിലവില്‍ 3,292 ഡോളറിലാണ് വ്യാപാരം.
അതേസമയം, താരിഫ് ആശങ്കകള്‍ നീങ്ങാത്തത് സ്വര്‍ണത്തിന് വീണ്ടും മുന്നേറ്റത്തിനുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്. കോപ്പര്‍ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സെമികണ്ടക്ടറുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍സിനും ഉടന്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നും സൂചന നല്‍കിയിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം നികുതി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്.
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ മീറ്റിംഗിന്റെ മിനിറ്റ്‌സ് പുറത്തുവരുന്നതിലാണ് ഇപ്പോള്‍ വിപണിയുടെ ശ്രദ്ധ. അടിസ്ഥാന പലിശ നിരക്കുകളില്‍ ഉടന്‍ മാറ്റം വരുത്തുമോ എന്ന് നിർണയിക്കുന്നതാവും ഇത്. ഡോളര്‍ സൂചികയുടെ നീക്കവും എഫ്.ഒ.എം.സി മിനിറ്റ്‌സുമെല്ലാം വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലും വെള്ളിയിലും ചാഞ്ചാട്ടത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍.
Read DhanamOnline in English
Subscribe to Dhanam Magazine