അക്ഷയ തൃതീയ ദിനമായ ഇന്ന് അതിരാവിലെ തന്നെ രണ്ടു തവണ ഉയര്‍ന്ന് സ്വര്‍ണ വില. ഇന്ന് രാവിലെ 7.30ന് സ്വര്‍ണ വ്യാപാരശാലകള്‍ തുറന്നതിനാല്‍ ആ സമയം അവൈലബിള്‍ ആയിരുന്ന വിലനിലവാരം അനുസരിച്ച് 45 രൂപ ഗ്രാമിന് വര്‍ധിച്ച് 6,660 രൂപയും പവന് 360 വര്‍ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചു.
രാവിലെ 9.30ന് മുമ്പ് റിസര്‍വ്ബാങ്ക് രൂപയുടെ വില നിലവാരവും 24 കാരറ്റ് വിലയും മുംബൈ അവൈലബിള്‍ മാര്‍ക്കറ്റിന്റെ വില നിലവാരവും എല്ലാം ചേര്‍ത്തപ്പോള്‍ 40 രൂപയുടെ വര്‍ധനവ് കൂടി ഗ്രാമില്‍ ഉണ്ടായി. അതനുസരിച്ച് ഗ്രാമിന് 6,700 രൂപയും പവന് 53,600 രൂപയുമായി വില. അതായത് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് സ്വർണ വിലക്കയറ്റം നൽകിയത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില പവന് 160 രൂപയോളം കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ഇന്നലെ 2,306 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം 2,346.90 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ ഇത് 2,352 ഡോളറിലേക്ക് കയറി.
യു.എസില്‍ തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ കൂടിയത് പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് നേരത്തെയാക്കുമെന്ന നിഗമനമാണ് വില ഉയരാന്‍ കാരണം. കേരളത്തില്‍ ഏപ്രില്‍ 19ന് കുറിച്ച പവന് 54,520 രൂപയാണ് റെക്കോഡ് വില.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്നു. അതേസമയം വെള്ളിവില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 88 രൂപയില്‍ തുടരുന്നു.
വില്‍പ്പന പൊടിപൊടിക്കുമോ?
അക്ഷയ തൃതിയ പ്രമാണിച്ചു മിക്ക കടകളും രാവിലെ ആറു മണിമുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി ഏറെ വൈകിയും കടകള്‍ തുറന്നിരിക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി സ്വര്‍ണവില ഗ്രാമിന് ആയിരം രൂപയോളവും പവന് 10,000 രൂപയോളവും ഉയര്‍ന്ന് നില്‍ക്കുന്നുവെന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഏതാനും ദിവസങ്ങളായി വില നേരിയ തോതിലെങ്കിലും താഴ്ന്നുവെന്നതും അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളും ആനുകൂല്യങ്ങളും സമ്മാനപദ്ധതികളുമെല്ലാം ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സാധാരണ ഒരുദിവസം 200-250 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പനയാണ് കേരളത്തില്‍ നടക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ഇത് കുത്തനെ കൂടാറുമുണ്ട്. ഇക്കുറി അക്ഷയ തൃതീയയ്ക്ക് ഏകദേശം 1,500 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു. അതായത് 1,000 കോടി രൂപയില്‍ കുറയാത്ത വില്‍പന പ്രതീക്ഷിക്കുന്നു.
മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയ ചെറു ആഭരണങ്ങളും സ്വര്‍ണനാണയങ്ങളുമാണ് പൊതുവേ അക്ഷയ തൃതീയയ്ക്ക് കൂടുതല്‍ വിറ്റുപോകുന്നത്. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മാറ്റിയെടുക്കുന്നവരുടെ എണ്ണവും കൂടുതലായിരിക്കും. കഴിഞ്ഞവര്‍ഷം മൊത്തം അക്ഷയ തൃതീയ വില്‍പനയുടെ 45-50 ശതമാനവും എക്സ്ചേഞ്ച് ആയിരുന്നു.
എ.കെ.ജി.എസ്.എം.യുടെ നേതൃത്വത്തില്‍ ഇക്കുറിയും സ്വര്‍ണോത്സവം പരിപാടി എല്ലാ ജുവലറികളും നടക്കുന്നുണ്ട്. പുറമേ, ഒട്ടുമിക്ക ജുവലറികളും അക്ഷയ തൃതീയ പ്രമാണിച്ചുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതല്‍ തന്നെ സ്വര്‍ണാഭരണശാലകളില്‍ തിരക്കനുഭവപ്പെടുന്നുണ്ടെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഇന്നൊരു പവന് നല്‍കേണ്ട വില
ഇന്ന് പവന്‍വില 53,600 രൂപയാണ്. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID Charge), പണിക്കൂലി എന്നിവ ചേരുമ്പോഴേ ഒരു പവന്‍ ആഭരണത്തിന്റെ വിലയാകൂ. പണിക്കൂലി ഓരോ ജുവലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യസ്തമാണ്.
മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍, നികുതികളുമടക്കം ഇന്ന് ഏറ്റവും കുറഞ്ഞത് 58,000 രൂപ കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.