രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു, കേരളത്തില്‍ കുറയാന്‍ മടി

രാജ്യാന്തര സ്വര്‍ണ വില ഒരാഴ്ചയിലധികമായി താഴ്ചയിലാണെങ്കിലും കേരളത്തില്‍ ആനുപാതികമായ വിലക്കുറവ് ദൃശ്യമാകുന്നില്ല. ഇന്നലെ ഗ്രാമിന് 20 രൂപയും പവന്‍ 160 രൂപയും കുറഞ്ഞ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമാണ് വില.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. മൂന്ന് ദിവസത്തിനു ശേഷം വെള്ളി വിലയില്‍ രണ്ട് രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

വില ഇനി കുറയുമോ?

രാജ്യാന്തര വില ഇന്നലെ ഔണ്‍സിന് 0.25 ശതമാനം താഴ്ന്ന് 2,643 രൂപയിലെത്തിയിരുന്നു. അമേരിക്കയില്‍ നിന്നുള്ള കണക്കുകള്‍ മാന്ദ്യം ഒഴിവാകുന്ന സൂചനകള്‍ നല്‍കുന്നതാണ് വിലയില്‍ ഇടിവുണ്ടാക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അര ശതമാനം പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതാണ് കാരണം. ഇതിനൊപ്പം ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കി. യു.എസ് കടപ്പത്രങ്ങളുടെ നേട്ടം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായി 4 ശതമാനമായതും സ്വര്‍ണ നിക്ഷേപത്തെ ബാധിച്ചു.
അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടാനാണ് ഇടയെന്ന് നിരീക്ഷകര്‍ പറയുന്നു. കൂടുതല്‍ താഴ്ചയിലേക്ക് സ്വര്‍ണവില പോകില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,500 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.


Related Articles
Next Story
Videos
Share it