
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ വിലയിടിവിന് ശേഷം സ്വര്‍ണം ഇന്ന് യൂടേണെടുത്തു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8,290 രൂപയും പവന് 520 രൂപ കൂടി 66,320 രൂപയുമായി.
കനം കുറഞ്ഞ ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും 50 രൂപ ഉയര്‍ന്ന് 6,795 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം.
ഏപ്രില്‍ മൂന്നിന് പവന് 68,480 രൂപ വരെ എത്തിയ ശേഷം തുടര്‍ച്ചയായ ഇടിവിലായിരുന്നു സ്വര്‍ണം. പവന് 2,600 രൂപയോളം കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചു കയറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയവര്‍ക്കും മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ക്കും ലാഭമായി.
രാജ്യാന്തര വില ഇന്നലെ ഔണ്‍സിന് 2,978 ഡോളറിലേക്ക് താഴ്ന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വിലയിടിച്ചത്. വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം നിക്ഷേപകര്‍ ലാഭമെടുത്തതാണ് അന്താരാഷ്ട്ര വിലയെ ബാധിച്ചത്. ഇപ്പോള്‍ വില വീണ്ടും 3,000 ഡോളറിനു മുകളിലെത്തി. അതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്
ചൈനയ്ക്ക്‌മേല്‍ 104 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തികൊണ്ട് താരിഫ് യുദ്ധം വീണ്ടും കടുപ്പിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ഇത് രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെക്കുമെന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വീണ്ടും സ്വര്‍ണത്തിന്റെ ആകര്‍ഷകത്വം കൂട്ടാനിടയുണ്ട്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് തവണ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നു വ്യക്തമാക്കിയതും സ്വര്‍ണത്തിന് അനുകൂലമാണ്. പലിശ കുറയുമ്പോള്‍ കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ അനാകര്‍ഷകമാകുകയും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് വിലയിലും വര്‍ധനയുണ്ടാക്കും.
വിവധ ബാങ്കുകളും ധനകാര്യ വിദഗ്ധരും സ്വര്‍ണത്തിന്റെ 2025ലെ വളര്‍ച്ചാ ലക്ഷ്യം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മിക്കവരും മുന്നേറ്റത്തിനുള്ള സാധ്യകളാണ് വിലയിരുത്തുന്നത്.
എച്ച്.എസ്.ബി.സി 2025ലെ സ്വര്‍ണ വില ലക്ഷ്യം ഔണ്‍സിന് 3,015 ഡോളറാക്കി ഉയര്‍ത്തി. നേരത്തെ 2,687 ആയിരുന്നു കണക്കാക്കിയിരുന്നത്. പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആഗോള അനിശ്ചിതാവസ്ഥകളുമാണ് ലക്ഷ്യവില ഉയര്‍ത്താന്‍ കാരണമായി പറയുന്നത്.
ബാങ്ക് ഓഫ് അമേരിക്ക കുറച്ചുകൂടി ഉയര്‍ന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഔണ്‍സ് വില 3,063 ഡോളറാകുമെന്നാണ് കണക്കാക്കുന്നത്. വ്യാപാര ആശങ്കകളും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഉയര്‍ന്ന ആവശ്യവുമാണ് ബാങ്ക് ഓഫ് അമേരിക്ക കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത് 2025ന്റെ രണ്ടാം പകുതിയോടെ വില 3,300 ഡോളറിലെത്തുമെന്നാണ്. ആവശ്യം ശക്തമായി തുടരുന്നതും സെന്‍ട്രല്‍ ബാങ്കിന്റെ നീക്കവും വിലയുടെ ഗതി നിര്‍ണയിക്കുമെന്ന് ബാങഅകിന്റെ അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു,
സിറ്റി ബാങ്കും 3,300 ഡോളറാണ് അടുത്ത 6-8 മാസത്തിനുള്ളില്‍ പ്രവചിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തന്നെയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വിവിധ ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെല്ലാം സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. യു.എസ് ഡോളറിലുള്ള ആശ്രിതത്വം കുറച്ച് സ്വന്തം കറന്‍സിയെ സംരക്ഷിക്കാനാണ് ഇത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണശേഖരം ഗണ്യമായി ഉയര്‍ത്തി. 2025ലും ഈ ട്രെന്‍ഡ് തുടരുമെന്നും 2023ലും 2024ലും കണ്ടതു പോലെ കേന്ദ്ര ബാങ്കുകളുടെ ഡിമാന്‍ഡ് റെക്കോഡിലെത്തുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
അതേസമയം സ്വര്‍ണ വില കുറയുമെന്നൊരു അഭിപ്രായ പ്രകടനം യു.എസ് സാമ്പത്തിക വിദഗ്ധനായ ജോണ്‍ മില്‍സ് നടത്തിയിരുന്നു. നിലവിലെ ഉയരത്തില്‍ നിന്ന് 40 ശതമാനം ഇടിവാണ് അദ്ദേഹം പ്രവചിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine