
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വിലക്കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം ഇന്ന് മുന്നേറ്റത്തില്‍. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 8,920 രൂപയിലും പവന്‍ വില 200 രൂപ വര്‍ധിച്ച് 71,360 രൂപയിലുമെത്തി.
കനം കുറഞ്ഞ ആഭരണങ്ങളും കല്ലു പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 7,315 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.
കഴിഞ്ഞ ഒരാഴ്ചയായി വിലയിടിവ് കാണിച്ചിരുന്ന അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായതാണ് കേരളത്തിലും വില ഉയര്‍ത്തിയത്.
രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഒരു ശതമാനത്തിനടുത്ത് ഉയര്‍ന്ന് ഔണ്‍സിന് 3,315 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഴ്ചയിലെ വിലക്കുറവ് ഏതാണ്ട് തിരിച്ചുപിടിക്കാന്‍ ഇതോടെ സാധിച്ചു. യു.എസ് സമ്പദ് വ്യവസ്ഥയുടെ കരുത്തിനെ കുറിച്ചും ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരച്ചുങ്കത്തെ കുറിച്ചുമുള്ള ആശങ്കളാണ് സ്വര്‍ണത്തെ ബാധിക്കുന്നത്. ഇന്ന് രാവിലെ വില 3,302 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ അധിക വ്യാപാരച്ചുങ്കം 10 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന കോടതി ഉത്തരവിന് സ്‌റ്റേ ലഭിച്ചതാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് ഇടയാക്കിയത്. സാമ്പത്തികമാന്ദ്യ ആശങ്കകള്‍ ഡോളറിനെ ദുര്‍ബലമാക്കുന്നതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്.
ഫെഡറല്‍ റിസര്‍വിന് മേല്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സമ്മര്‍ദ്ദമേറുന്നതും സ്വര്‍ണത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. വ്യാപാര യുദ്ധവും ഉപയോക്തൃ ചെലവഴിക്കലുകള്‍ കുറഞ്ഞതും യു.എസ് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുന്നുണ്ട്. ഇതിനിടെ ചൈനയെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങളും പ്രശ്‌നം വഷളാക്കുന്നു. സമീപ ഭാവിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു തന്നെ തുടരാനുള്ള സാധ്യതയാണ് ഇവയെല്ലാം നല്‍കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,360 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 6 രകൃത്യമായി പറഞ്ഞാല്‍ 80,904 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine