

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 20 രൂപ ഉയര്‍ന്ന് 9,020 രൂപയും പവന്‍ വില 160 രൂപ കൂടി 72,160 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 7,365 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 116 രൂപയിലാണ് കച്ചവടം.
ഡോളറിന്റെ ഇടിവും ആഗോള വ്യാപാര യുദ്ധ ആശങ്കകളുമാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3,317 ഡോളറിലെത്തിയിരുന്നു. ഇന്ന് 3,319 ഡോളറിലാണ് വ്യാപാരം.
ഡോളര്‍ സൂചിക 0.30 ശതമാനം ഇടിഞ്ഞത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവിന് അവസരം നല്‍കി. ഇത് ഡിമാന്‍ഡ് കൂട്ടുകയും വില വര്‍ധനവിന് കളമൊരുക്കുകയും ചെയ്തു.
ഇതിനിടെ ട്രംപിന്റെ വ്യാപാര ചുങ്ക ഭീഷണികള്‍ കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. ഇന്നലെ ബ്രസീലില്‍ നിന്നുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. തത്തുല്യ ചുങ്കത്തിലൂടെ ഇതിനെ നേരിടുമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
കൂടാതെ ചെമ്പിന് 50 ശതമാനം നികുതി ഉള്‍പ്പെടെ പ്രഖ്യാപിച്ച എല്ലാ നികുതികളും ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഇതിനിടെ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നടത്തിയ മീറ്റിംഗിന്റെ മിനിറ്റ്‌സ് പുറത്തുവന്നിട്ടുണ്ട്. ട്രംപിന്റെ താരിഫ് നയങ്ങള്‍ പണപ്പെരുപ്പ ആശങ്കകള്‍ക്ക് വഴി വച്ചതിനാല്‍ ഈ വര്‍ഷം അവസാനം നിരക്ക് കുറയ്ക്കണമെന്ന് ഫെഡ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മോണിറ്ററി പോളിസി തീരുമാനിക്കാനായി യു.എസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC) ജൂലൈ 29-30 തീയതികളില്‍ മീറ്റിംഗ് നടത്തും. സമീപ ഭാവിയില്‍ സ്വര്‍ണം മുന്നോട്ടു പോയേക്കുമെന്ന സൂചനകളാണ് ഇവയെല്ലാം നല്‍കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72,160 രൂപയാണ് വിലയെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. സ്വര്‍ണവിലക്കൊപ്പം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം ഇന്ന് 78,000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകുമെന്നും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine