അമേരിക്കന്‍ കാറ്റില്‍ പറന്ന് സ്വര്‍ണം, ഒറ്റയടിക്ക് 280 രൂപ കൂടി; ഇന്നത്തെ വിലയിങ്ങനെ
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന ഇന്ന് അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം കേരളത്തിലും സ്വര്‍ണ വില ഉയര്‍ത്തി. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6,785 രൂപയിലും പവന് 280 രൂപ ഉയര്‍ന്ന് 54,280ലുമാണ് ഇന്നത്തെ വ്യാപാരം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 53,000 രൂപയാണ് ഈ മാസത്തെ താഴ്ന്ന വില. അതേ സമയം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില രേഖപ്പെടുത്തിയത് മേയ് 20നാണ്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു വില. അതുമായി നോക്കുമ്പോള്‍ റെക്കോഡിന് 840 രൂപ മാത്രം അരികെയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ വര്‍ധിച്ചു.
അമേരിക്കൻ സ്വാധീനം
വെള്ളിവില ഇന്നും ഗ്രാമിന് 99 രൂപയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അഞ്ച് ദിവസമായി സെഞ്ച്വറിക്ക് തൊട്ടു താഴെ നിലയുറപ്പിച്ചിരിക്കുകയാണ് വെള്ളി വില.